ഹൈക്കോടതി വെറുതെവിട്ട ഏഴുപേരെയും കുറ്റക്കാരാക്കി സുപ്രിംകോടതി
ന്യൂഡല്‍ഹി: ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി ഹരെന്‍ പാണ്ഡ്യയെ വെടിവച്ചുകൊന്ന കേസില്‍ ഹൈക്കോടതി വെറുതെവിട്ട 12ല്‍ ഏഴുപേരെയും കുറ്റക്കാരാക്കി സുപ്രിംകോടതി. കേസില്‍ പ്രതികളായിരുന്ന 12 പേരെ വെറുതെ വിട്ട ഗുജറാത്ത് ഹൈക്കോടതി തള്ളിയാണ് ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന്റെ നടപടി.
ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരും സി.ബി.ഐയും നല്‍കിയ ഹരജി പരിഗണിച്ചാണ് എട്ടുവര്‍ഷം മുന്‍പുള്ള വിധി സുപ്രിംകോടതി റദ്ദാക്കിയത്. കേസ് കോടതിമേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിത സന്നദ്ധ സംഘടനയായ സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ (സി.പി.ഐ.എല്‍) സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളുകയും ചെയ്തു. ഹരജി നല്‍കിയതിന് സി.പി.ഐ.എല്ലിന് സുപ്രിംകോടതി അരലക്ഷം രൂപ പിഴചുമത്തുകയും ചെയ്തു. ഇനി ഈ കേസില്‍ ഒരുവിധത്തിലുള്ള ഹരജിയും അനുവദിക്കില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.
അസ്ഗര്‍ അലി, മുഹമ്മദ് റഊഫ്, മുഹമ്മദ് പര്‍വേസ് അബ്ദുല്‍ ഖയ്യൂം ശൈഖ്, പര്‍വേസ് ഖാന്‍ പത്താന്‍, മുഹമ്മദ് ഫാറൂഖ്, ഷാനവാസ് ഗാന്ധി, കലിം അഹമ്മദ്, രിഹാന്‍ പുത്താവാല, മുഹമ്മദ് റിയാസ്, അനീസ് മചിസ്വാല, മുഹമ്മദ് യൂനുസ്, മുഹമ്മദ് സൈഫുദ്ദീന്‍ എന്നിവരെയാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്. ഇവര്‍ക്കെതിരേ വിചാരണക്കോടതി കടുത്ത വകുപ്പുകളുള്ള ഭീകരവിരുദ്ധ നിയമമായ പോട്ടയും ചുമത്തിയിരുന്നു. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥരെ നിശിതമായി വിമര്‍ശിച്ച ശേഷമാണ് 2011ല്‍ വിചാരണക്കോടതി വിധി റദ്ദാക്കി എല്ലാവരെയും ഹൈക്കോടതി വെറുതെവിട്ടത്. അതേവര്‍ഷം തന്നെ സര്‍ക്കാരും സി.ബി.ഐയും സുപ്രിംകോടതിയെ സമീപിച്ചു. പാക് ചാരസംഘടന ഐ.എസ്.ഐയും ലഷ്‌ക്കറെ ത്വയ്ബയും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പാണ്ഡ്യ കൊല്ലപ്പെട്ടതെന്നും ഗുജറാത്ത് കലാപത്തിന്റെ പ്രതികാരമായിരുന്നു ഇതെന്നുമാണ് കേന്ദ്രവും സംസ്ഥാനവും ഭരിച്ച ബി.ജെ.പി സര്‍ക്കാരുകള്‍ കോടതിയില്‍ വാദിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിവരെ ആരോപണവിധേയനായ കേസാണ് ഹരെന്‍ പാണ്ഡ്യ കൊലപാതകം. 2003 മാര്‍ച്ച് 26ന് പ്രഭാത സവാരിക്കിടെയാണ് പാണ്ഡ്യ വെടിയേറ്റ് മരിച്ചത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായി പട്ടേലിന്റെ വലംകൈയും അന്ന് ബി.ജെ.പി ദേശീയ സെക്രട്ടറിയായിരുന്ന നരേന്ദ്രമോദിയുടെ എതിര്‍ചേരിയിലുമുള്ള യുവ നേതാവായിരുന്നു പാണ്ഡ്യ. 2001ലെ ഭൂകമ്പത്തെത്തുടര്‍ന്ന് കേശുഭായി രാജിവച്ച ഒഴിവില്‍ അപ്രതീക്ഷിതമായ മുഖ്യമന്ത്രി പദത്തിലെത്തിയ എം.എല്‍.എ അല്ലാതിരുന്ന മോദിക്കു വേണ്ടി സുരക്ഷിതമണ്ഡലമായ പാണ്ഡ്യയുടെ എല്ലിസ്ബ്രിഡ്ജ് ചോദിച്ചെങ്കിലും അദ്ദേഹം നല്‍കിയിരുന്നില്ല.
പിന്നീട് മറ്റൊരു മണ്ഡലത്തിലാണ് മോദി മത്സരിച്ചത്. 2002ലെ ഗുജറാത്ത് കൂട്ടക്കൊല സംബന്ധിച്ച ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ സമിതിക്കു മുന്‍പാകെ മോദിക്കെതിരേ പാണ്ഡ്യ നിര്‍ണായകമായ മൊഴിനല്‍കുകയും ചെയ്തു. പ്രമുഖ മാധ്യമത്തില്‍ കൂടുതല്‍ കടുത്ത വെളിപ്പെടുത്തലും അദ്ദേഹം നടത്തി. 'ജനം അവരുടെ നിരാശ പ്രകടിപ്പിക്കട്ടെ, ഹിന്ദുക്കള്‍ക്ക് തിരിച്ചടിക്കാന്‍ അവസരം നല്‍കണം' എന്ന് മുഖ്യമന്ത്രി നിര്‍ദേശം കൊടുത്തതടക്കമുള്ള വിവരങ്ങളാണ് പാണ്ഡ്യ വെളിപ്പെടുത്തിയത്.
പിന്നാലെ 2002ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാണ്ഡ്യക്കു സീറ്റ് ലഭിച്ചില്ല. ഇത് വിവാദമായതോടെ പാണ്ഡ്യ രാജ്യസഭയിലേക്കും ദേശീയനേതൃത്വത്തിലേക്കും പരിഗണിക്കപ്പെട്ടു. രാജ്യസഭാ സീറ്റ് വാഗ്ദാനവും ദേശീയ നിര്‍വാഹകസമിതിയിലേക്കു നിയമിക്കപ്പെട്ട അറിയിപ്പും അടങ്ങിയ ഫാക്‌സ് സന്ദേശം ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് പാണ്ഡ്യ കൊല്ലപ്പെട്ടത്.
സംഭവത്തിന് പിന്നില്‍ മോദിക്ക് പങ്കുണ്ടെന്ന് ഗുജറാത്തിലെ സംഘ്പരിവാര്‍ നേതാക്കളില്‍ ചിലരും ആരോപിക്കുകയുണ്ടായി. മരണവീട്ടില്‍ വന്ന മോദിയെ മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ അനുവദിക്കാതെ പാണ്ഡ്യയുടെ അച്ഛന്‍ വിത്തല്‍ഭായി പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. വിത്തല്‍ഭായി പിന്നീട് ഉപപ്രധാനമന്ത്രിയായിരുന്ന എല്‍.കെ അദ്വാനിക്കെതിരേ ഗാന്ധിനഗറില്‍ മത്സരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."