'പുനര്‍ജനി'ക്ക് ഗാന്ധി ജയന്തി ദിനത്തില്‍ തുടക്കം
വെഞ്ഞാറമൂട്: വെമ്പായം പഞ്ചായത്തിലെ ജലസ്രോതസുകളുടെയും ജലാശയങ്ങളുടെയും വീണ്ടെടുക്കലിനായി തയാറാക്കിയ പുനര്‍ജനി പദ്ധതി ഗാന്ധി ജയന്തി ദിനത്തില്‍ തുടക്കമാകും. ഹരിത കേരളം മിഷന്‍, കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്, വെമ്പായം പഞ്ചായത്ത്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പുനര്‍ജ്ജനി പദ്ധതിയ്ക്ക് രൂപം നല്‍കിയത്.
പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ കണക്കോട് വേറ്റിനാട് പെരുംകൂര്‍ കൊഞ്ചിറതോടും അതിന്റെ കൈവഴികളും ശുചീകരിച്ച് വീണ്ടെടുക്കുകയും ജലസമൃദ്ധമാക്കുകയും ചെയ്യുന്ന ജനകീയ പദ്ധതിയാണ് പുനര്‍ജ്ജനി. പദ്ധതി നടത്തിപ്പിന്റെ സാങ്കേതിക സഹായം നല്‍കുന്നത് കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡാണ്. ഒക്ടോബര്‍ രണ്ടിന് രാവിലെ എട്ടു മുതല്‍ എം.സി റോഡുവക്കിലെ കണക്കോട് മുതല്‍ വേറ്റിനാട് വരെയുള്ള തോട് ശുചിയാക്കല്‍ തുടങ്ങും.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സ്‌കൂള്‍ കുട്ടികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, റസിഡന്‍സ് അസോസിയേഷനുകള്‍, യുവജന സംഘടനകള്‍, കലാകായിക സംഘടനകള്‍, പുരുഷസ്വയം സഹായ സംഘങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകും. നവീകരണ പദ്ധതി ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സന്‍ ടി.എന്‍ സീമ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ഒന്നിന് വേറ്റിനാട് വൈ.എം.സി.എ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് കമ്മിഷണര്‍ എ. നിസാമുദ്ദീന്‍, വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍. സീനത്ത് ബീവി, വൈസ് പ്രസിഡന്റ് എ. ഷീലജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. തേക്കട അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് കണ്ണന്‍, വൈ.എ റഷീദ് തുടങ്ങി നിരവധി പേര്‍ സംബന്ധിക്കും.
കഴിഞ്ഞ ദിവസങ്ങളില്‍ പുനര്‍ജ്ജനി പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വെമ്പായം പഞ്ചായത്ത് ഹാളില്‍ നടന്ന ആശയ വിനിമയ ശില്‍പശാല വെമ്പായം പഞ്ചായത്ത് ഓഫിസ് ഹാളിലും വേറ്റിനാട് വൈ.എം.സി.എ ഹാളിലുമായി ചേര്‍ന്നു.
ഫീല്‍ഡ്തല വിവരങ്ങളും ഭൂവിനിയോഗ ബോര്‍ഡിലെ ജിയോളജിക്കല്‍ അസിസ്റ്റന്റ് നിഷിത എസ്.ടിയുടെ പഠനരേഖയും ചര്‍ച്ചചെയ്തു. ജലസംരക്ഷണ പദ്ധതി വലിയ ജനകീയ പരിപാടിയാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനമാണ് സംഘാടകരുടെ പരിശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."