കരിപ്പൂര്‍ ഹജ്ജ് ക്യാംപിന് ഇന്ന് തുടക്കം
ആദ്യവിമാനം നാളെ
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഹജ്ജ് ക്യാംപിന് ഇന്ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തുടക്കമാവും. തീര്‍ഥാടകരുടെ ആദ്യസംഘം ഇന്ന് ഹജ്ജ് ക്യാംപിലെത്തും. നാളെ ഉച്ചക്ക് 2.15നും വൈകിട്ട് മൂന്നിനുമുള്ള രണ്ടുവിമാനങ്ങളിലായി 600 തീര്‍ഥാടകരാണ് പുണ്യനഗരിയിലേക്ക് യാത്രയാവുക. ഹജ്ജ് ക്യാംപ് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.
തീര്‍ഥാടകര്‍ക്കായി ക്യാംപിലൊരുക്കിയ സൗകര്യങ്ങള്‍ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. ഹജ്ജ് ഹൗസും പരിസരങ്ങളും പുതിയ വനിതാ ബ്ലോക്ക് നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലവും മന്ത്രി സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശം നല്‍കി. ഹജ്ജ് ക്യാംപിന്റെ ട്രയല്‍ റണ്‍ ഇന്നലെ നടന്നു. തീര്‍ഥാടകന്‍ രജിസ്‌ട്രേഷന്‍ ക്യാംപിലെത്തി രജിസ്റ്റര്‍ ചെയ്തശേഷം ലഗേജുകള്‍ വിമാന കമ്പനിയെ ഏല്‍പ്പിച്ച് പ്രാര്‍ഥനാ ഹാളിലേക്ക് പോകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ഇടം ക്യാംപിലുണ്ട്.
തീര്‍ഥാടകരുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ഹജ്ജ് സെല്ലില്‍നിന്ന് നല്‍കും. യാത്ര പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പാണ് തീര്‍ഥാടകരെ ഹജ്ജ് ടെര്‍മിനലിലേക്ക് കൊണ്ടുപോവുക. ഇവിടെവച്ച് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കും. ഹജ്ജ് ക്യാംപില്‍ വനിതകള്‍ ഉള്‍പ്പെടെ വളന്റിയര്‍മാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. നാളെ മുതല്‍ 20 വരെ 36 വിമാന സര്‍വിസുകളാണ് കരിപ്പൂരില്‍നിന്ന് സഊദി എയര്‍ലൈന്‍സ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, പി. അബ്ദുറഹിമാന്‍, എച്ച്. മുസമ്മില്‍ ഹാജി, കാസിം കോയ പൊന്നാനി, അനസ് ഹാജി, ഹജ്ജ് സെല്‍ ഓഫിസര്‍ ഡിവൈ.എസ്.പി നജീബ്, ഹജ്ജ് അസി.സെക്രട്ടറി ടി.കെ അബ്ദുറഹിമാന്‍, എം.പി ഷാജഹാന്‍ സംബന്ധിച്ചു. കേരളത്തില്‍നിന്ന് ഇതുവരെയായി 13,776 തീര്‍ഥാടകരാണ് ഹജ്ജിന് പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."