പുണ്യ നഗരികളില്‍ രണ്ടു ദിവസങ്ങളിലായി എത്തിച്ചേര്‍ന്നത് ലക്ഷത്തോളം പേര്
മലയാളി ഹാജിമാരെയും വഹിച്ചുള്ള ആദ്യവിമാനം നാളെ വൈകിട്ട് 5.30ന് മദീനയില്‍ ഇറങ്ങും
മക്ക- മദീന: വിശുദ്ധ ഹജ്ജ് കര്‍മത്തിന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ പ്രവാഹം ശക്തമായി. ഇന്ത്യയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍നിന്ന് ഇതിനകം പുണ്യ ഭൂമികളില്‍ എത്തിച്ചേര്‍ന്ന വിദേശ തീര്‍ഥാടകരുടെ എണ്ണം ലക്ഷത്തോളമാണ്. വരും ദിനങ്ങളില്‍ വിദേശ തീര്‍ഥാടകരുടെ എണ്ണം കുത്തനെ ഉയരും. ഇതോടെ വിശുദ്ധ നഗരികളായ മക്കയും മദീനയും തീര്‍ഥാടക ബാഹുല്യത്താല്‍ നിറഞ്ഞു കവിയും. ആദ്യ രണ്ടു ദിവസങ്ങളില്‍ ഇരുപത് വിമാന സര്‍വിസുകളിലായി ഇന്ത്യയില്‍ നിന്ന് 4648 തീര്‍ഥാടകരാണ് മദീനയില്‍ എത്തിച്ചേര്‍ന്നത്. പത്തു സര്‍വിസുകളിലായി ഇന്ന് 2374 ഹാജിമാരും 13 സര്‍വിസുകളിലായി നാളെ 3652 ഹാജിമാരും മദീനയില്‍ എത്തിച്ചേരും. ഡല്‍ഹി, ഗയ, ശ്രീനഗര്‍, ഗുവാഹത്തി എന്നിവിടങ്ങളിലെ തീര്‍ഥാടകരാണ് എത്തിയത്. നാളെ മുതല്‍ മലയാളി തീര്‍ഥാടകരുടെയും വിമാനങ്ങള്‍ എത്തിച്ചേരും.
നാളെ വൈകിട്ട് സഊദി സമയം 5.30നാണ് ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ യാത്രതിരിക്കുന്ന മലയാളി തീര്‍ഥാടകരെയും വഹിച്ചുള്ള ആദ്യ വിമാനം മദീനയില്‍ എത്തുക. ആദ്യ ദിനത്തില്‍ 600 മലയാളി തീര്‍ഥാടകരാണ് മദീനയില്‍ എത്തുന്നത്. തീര്‍ഥാടകരെ സ്വീകരിക്കാന്‍ മദീനയിലെ വിവിധ മലയാളി ഹജ്ജ് സേവക സംഘങ്ങളും സന്നദ്ധ പ്രവര്‍ത്തകരും വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
അതേസമയം, സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി മക്കയിലെത്തിയ ഹാജിമാരുടെ സംഘം ആദ്യ ഉംറ തീര്‍ഥാടനം പൂര്‍ത്തിയാക്കി. മക്കയില്‍ ആദ്യ ജുമുഅ നിസ്കാരത്തില്‍ പങ്കെടുത്തതിന്റെ ആവേശത്തിലാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പിലെത്തിയ ഹാജിമാര്‍. മദീനയില്‍ ആദ്യ ജുമുഅ നിസ്കാരത്തിനായി ഇവിടെയെത്തിയ ഇന്ത്യന്‍ തീര്‍ഥാടകര്‍ നേരത്തെ തന്നെ മസ്ജിദുന്നബവിയില്‍ ഇരിപ്പിടം ഉറപ്പിച്ചിരുന്നു.
തീര്‍ഥാടകരുടെ വരവ് ശക്തമായതോടെ ലോകത്തെ തിരക്കേറിയ വിമാനത്താവളങ്ങളാവുകയാണ് ജിദ്ദയും മദീനയും. ഇന്ന് മുതല്‍ ഇരുപതിനായിരത്തിലേറെ പേര് ദിനംപ്രതി ഇവിടെ വന്നിറങ്ങും. ഇരുപത് ലക്ഷത്തിലേറെ പേരാണ് ഇത്തവണ ഹജ്ജിനെത്തുകയെന്നാണ് കണക്കുകള്‍. തൊണ്ണൂറായിരം വിമാന സര്‍വിസുകളാണ് ഒന്നേകാല്‍ മാസത്തിനകം ഹാജിമാരെയും വഹിച്ച് ജിദ്ദ-മദീന വിമാനത്താവളങ്ങളിലെത്തുക.
മക്കയിലെത്തിയ മലയാളി ഹജ്ജ് സംഘത്തിന്
വിഖായ സ്വീകരണം നല്കി
മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനായി വിശുദ്ധ മക്കയിലെത്തിയ ആദ്യ മലയാളി സംഘത്തിന് സമസ്ത ഇസ്ലാമിക് സെന്ററിന് കീഴിലെ മക്കയില്‍ സേവനത്തിലേര്‍പ്പെട്ട വിഖായ സന്നദ്ധ സേവക സംഘം സ്വീകരണം നല്കി. സ്വകാര്യ ഹജ്ജ് ഗ്രൂപ്പായ അല്‍ഹിന്ദിന്റെ കീഴില്‍ എത്തിയ നൂറോളം ഹാജിമാര്‍ക്കാണ് വിഖായ സ്വീകരണം നല്‍കിയത്. മിര്‍ഷാദ് യമാനി ചാലിയത്തിന് ശംസുദ്ധീന്‍ തങ്ങള്‍ ഉപഹാരം നല്കി. ശിഹാബ് ഫൈസി, മുനീര്‍ ഫൈസി മാമ്പുഴ മക്ക, സൈനുദ്ധീന്‍ അന്‍വരി, സക്കീര്‍ അന്‍വരി, എന്‍ജിനീയര്‍ സിറാജ്, നൗഫല്‍ ചേലേമ്പ്ര, ബശീര്‍ മുതുപറമ്പ്, സുബൈര്‍ ബദ്രി, ഫാറൂഖ് മലയമ്മ,യുസുഫ് പൊയില്‍, ഹാശിം കണ്ണൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
150 ഓളം വിഖായ പ്രവര്‍ത്തകരാണ് ഹാജിമാരുടെ സേവനത്തിനായി മക്കയില്‍ സദാ സമയവും പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ വിങ്, അസീസിയ കാറ്റഗറി വിങ്, ഹറം പരിസര വിങ്, മിന സര്‍വിസ്, ആശുപത്രി വിസിറ്റ് വിങ് എന്നിങ്ങനെ തരം തിരിച്ചുള്ള ചടുലമായ പ്രവര്‍ത്തനങ്ങളാണ് വിഖായ ആസൂത്രണം ചെയ്യുന്നത്. നാഷനല്‍ കമ്മിറ്റിയുടെ സഹകരണത്തോടെ മക്ക സെന്‍ട്രല്‍ കമ്മിറ്റിയാണ് വിഖായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."