ദുരിതത്തിനൊടുവില്‍ മുസ്തഫ ഇനി നാടിന്റെ പച്ചപ്പിലേക്ക്
എട്ടു മാസം മുന്‍പ് കാണാതായ മലയാളിയെ മരുഭൂമിയില്‍ കണ്ടെത്തി
റിയാദ്: അറ്റം കാണാത്ത ആ മരുഭൂമിയിലൊരിടത്ത് ഒട്ടകങ്ങളുമായി ദുരിത ജീവിതം തള്ളിനീക്കുന്നതിനിടയില്‍ ഇനി നാട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് മുസ്തഫ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മാസങ്ങള്‍ നീണ്ട ആ ദുരിതപര്‍വത്തിനൊടുവില്‍ ഇനി മുസ്തഫയ്ക്ക് സ്വന്തം വീടിന്റെ പച്ചപ്പിലേക്ക് മടങ്ങാം. എട്ട് മാസം മുന്‍പ് കാണാതായ മലപ്പുറം സ്വദേശി മുസ്തഫയെ മരുഭൂമിയില്‍നിന്ന് കണ്ടെത്തി രക്ഷിച്ചത് കെ.എം.സി.സി പ്രവര്‍ത്തകരുടെ ഇടപെടലാണ്.
മലപ്പുറം മങ്കട പടപ്പറമ്പ് സ്വദേശി ചെക്കന്‍ പള്ളിയാളിയില്‍ മുസ്തഫയെയാണ് കഴിഞ്ഞ ദിവസം കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് മരുഭൂമിയില്‍നിന്ന് റിയാദിലെ ബത്ഹയിലെത്തിച്ചത്. നേരത്തെ ശഖ്‌റയില്‍ ഏറെ കാലം സ്‌പോണ്‍സറോടൊപ്പവും പിന്നീട് സ്‌പോണ്‍സറുടെ സഹോദരന്റെ കൂടെ സിവില്‍ ഡിഫന്‍സ് ഓഫിസിലും ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. അതിനിടെ മറ്റൊരു ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് സ്‌പോണ്‍സറുടെ സഹോദരന്‍ ഇദ്ദേഹത്തെ ഉശൈഖറിലേക്ക് കൊണ്ടുപോയതോടെയാണ് മുസ്തഫയുടെ ദുരിത ജീവിതം തുടങ്ങുന്നത്.
ഉശൈഖറില്‍ വച്ച് മറ്റൊരു സ്വദേശി പൗരന് മുസ്തഫയെ കൈമാറി. അതോടെയാണ് വീട്ടുകാരും സുഹൃത്തുക്കളുമായുള്ള ബന്ധം മുറിയുന്നത്. മുസ്തഫ എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തമായ ഒരു വിവരവും പിന്നീട് ഉണ്ടായിരുന്നില്ല. വല്ലപ്പോഴും വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നതിനാല്‍ എവിടെയോ ജീവിച്ചിരിക്കുന്നുണ്ടെന്ന ആശ്വാസം മാത്രമായിരുന്നു ബന്ധുക്കള്‍ക്ക്. മരുഭൂമിയില്‍ ഒട്ടകങ്ങളെ നോക്കുന്ന ജോലിയാണെന്നും വളരെ പ്രയാസത്തിലാണെന്നും സ്ഥലം എവിടെയാണെന്ന് അറിയില്ലെന്നും അദ്ദേഹം വീട്ടുകാരോട് പറഞ്ഞിരുന്നു.
അതിനിടെ ഭാര്യയും മറ്റു ബന്ധുക്കളും ഇന്ത്യന്‍ എംബസിയില്‍ പരാതിയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, റഫീഖ് മഞ്ചേരി എന്നിവര്‍ ശഖ്‌റയില്‍ പോയി സ്‌പോണ്‍സറെ കണ്ടപ്പോഴാണ് ഇപ്പോള്‍ മറ്റൊരാളുടെ അടുത്ത് ഒട്ടകങ്ങളെ മേക്കുന്ന ജോലി ചെയ്യുന്നതായി അറിഞ്ഞത്. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മരുഭൂമിയിലാണെന്ന വിവരം മാത്രമാണ് ലഭിച്ചത്. ഒടുവില്‍ ശഖ്‌റയിലെയും ഉശൈഖറിലെയുംപൊലിസ് സ്‌റ്റേഷനുകളിലും പരാതി നല്‍കി. തുടര്‍ന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് മുസ്തഫയെ ജോലി ചെയ്യിപ്പിക്കുന്ന സഊദി പൗരനുമായി സംസാരിക്കുകയും ഇയാളെ എത്തിക്കാനാവശ്യപ്പെടുകയും ചെയ്തു. തുടക്കത്തില്‍ ഇത് വിസമ്മതിച്ച സ്‌പോണ്‍സര്‍ നിരന്തര സമ്മര്‍ദത്തെ തുടര്‍ന്ന് ഒടുവില്‍ സമ്മതിക്കുകയായിരുന്നു.
തുടര്‍ന്ന് തൊട്ടടുത്ത ദിവസം യര്‍മൂക്കിലുള്ള താമസ സ്ഥലത്ത് എത്തിക്കാമെന്നേല്‍ക്കുകയും ബുധനാഴ്ച രാത്രിയോടെ മുസ്തഫയെ അവിടെ എത്തിക്കുകയുമായിരുന്നു. റിയാസ് തിരൂര്‍ക്കാടിന്റെ നേതൃത്വത്തില്‍ കെ.എം.സി.സി വെല്‍ഫെയര്‍ ടീം മുസ്തഫയെ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."