പാകിസ്താന്‍ പുറത്ത്
ലോര്‍ഡ്‌സ്: ജ്യോതിയും വന്നില്ല, ദേവിയും വന്നില്ല. അത്ഭുതങ്ങളൊന്നും പാകിസ്താനുമേല്‍ സംഭവിച്ചില്ല. സെമി പിടിക്കാന്‍ വലിയ മാര്‍ജിനില്‍ ജയം വേണമെന്നിരിക്കേ ബംഗ്ലാദേശിനെതിരേ അതിമാനുഷികമായി ഒന്നും ചെയ്യാന്‍ പാകിസ്താനു കഴിഞ്ഞില്ല. നിര്‍ണായക മത്സരത്തില്‍ ടോസിലൂടെ ഭാഗ്യം പാകിസ്താനൊപ്പം നിന്നപ്പോള്‍ പാക് ആരാധകര്‍ ആഹ്ലാദ തിമിര്‍പ്പിലായി. മത്സരത്തിനു മുന്നേ വാര്‍ത്താസമ്മേളനത്തില്‍ ബംഗ്ലദേശിനെതിരേ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ 500ലധികം റണ്‍സ് നേടാന്‍ ശ്രമിക്കുമെന്ന് പറഞ്ഞ പാക് ക്യാപ്റ്റന്‍ സര്‍ഫറസ് അഹമ്മദ് ബാറ്റിങ് തന്നെ തിരഞ്ഞെടുത്തു. എന്നാല്‍ പാക് മോഹങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ മുറിവേറ്റു. സ്‌കോര്‍ 23ല്‍ നില്‍ക്കേ 13 റണ്‍സുമായി ഫഖര്‍ സമാനെ മുഹമ്മദ് സയ്ഫുദ്ദീന്‍ പുറത്താക്കി. എന്നാല്‍ ഇമാം ഉള്‍ഹഖിനൊപ്പം ബാബര്‍ അസം ഒത്തു ചേര്‍ന്നതോട് പാക് പ്രതീക്ഷകള്‍ക്ക് പുതുനാമ്പു മുളച്ചു തുടങ്ങി. രണ്ടാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 157 റണ്‍സ്. ഒരുഘട്ടത്തില്‍ ടീം സ്‌കോര്‍ 350നുമുകളില്‍ കടക്കുമെന്നു തോന്നിച്ചെങ്കിലും സെഞ്ചുറിക്കു നാലു റണ്‍സകലെ ബാബര്‍ അസം മുഹമ്മദ് സെയ്ഫുദ്ദീനു മുന്നില്‍ വീണു.
പാക് ഇന്നിങ്‌സിന് അടിത്തറ നല്‍കിക്കൊണ്ട് ഇമാം ഉള്‍ഹഖ് സെഞ്ചുറി നേടിയെങ്കിലും മുസ്തഫിസുര്‍ റഹ്മാന്റെ പന്തില്‍ ഹിറ്റ് വിക്കറ്റിന്റെ രൂപത്തില്‍ നിര്‍ഭാഗ്യം പിന്തുടര്‍ന്നു. 100(100) റണ്‍ നേടിയ ഇമാമിന്റെ ഇന്നിങ്‌സില്‍ ഏഴു ഫോറും ഉള്‍പ്പെടുന്നു. തുടര്‍ന്നു വന്നവരില്‍ 43 റണ്‍സുമായി ഇമാദ് വസീമിനും 27 റണ്‍സുമായി മുഹമ്മദ് ഹഫീസിനും മാത്രമേ തിളങ്ങാന്‍ സാധിച്ചുള്ളൂ. ബംഗ്ലാദേശിനുവേണ്ടി മുസ്തഫിസുര്‍ റഹ്മാന്‍ അഞ്ചു വിക്കറ്റ് നേടിയ മത്സരത്തില്‍ പാകിസ്താന് നേടാനായത് 314-9.
മുസ്തഫിസുര്‍ റഹ്മാന്
റെക്കോര്‍ഡ്
ഇന്നലത്തെ മത്സരത്തിലെ അഞ്ചുവിക്കറ്റ് നേട്ടത്തോടെ 100 വിക്കറ്റ് നേട്ടം തികച്ച് മുസ്തഫിസുര്‍. 100 വിക്കറ്റ് നേട്ടം വേഗതയില്‍ നേടുന്ന നാലാമത്തെ താരമായി. 54 മത്സരങ്ങളില്‍ നിന്നാണ് മുസ്തഫിസുറിന്റെ നേട്ടം. ഒരു ലോകകപ്പില്‍ ബംഗ്ലദേശിനു വേണ്ടി കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടവും ഇനി മുസ്തഫിസുറിനു സ്വന്തം. 20 വിക്കറ്റുകളാണ് മുസ്തഫിസുര്‍ ഈ ലോകകപ്പില്‍ നേടിയത്.
96 റണ്‍സുമായി അസം മടങ്ങുമ്പോള്‍ ഒരു പുതിയ റെക്കോര്‍ഡു കൂടി അയാള്‍ കുറിച്ചിരുന്നു. ഒരു ലോകകപ്പില്‍ ഒരു പാകിസ്താനു വേണ്ടി ഏറ്റവും അധികം റണ്‍സ് നേടുന്ന താരമായി ബാബര്‍ അസം. 474 റണ്‍സ് ഈ ലോകകപ്പില്‍ നേടിയ അസം മറികടന്നത് 1992 ലോകകപ്പിലെ ജാവേദ് മിയാന്‍ദാദിന്റെ 437 റണ്‍സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."