ഡല്‍ഹിപൊലിസിന്റെ മറ്റൊരു ഇര
ഇസ്‌ലാമോഫോബിയ തലക്ക്പിടിച്ച ഡല്‍ഹിപൊലിസ് ഭീകരതയുടെ മറ്റൊരു ഇരയാണ് കഴിഞ്ഞ ദിവസം ബാരബങ്കി വിചാരണ കോടതി വിട്ടയച്ച ഗുല്‍സര്‍ അഹമ്മദ് വാനി. 2000 ആഗസ്റ്റ് 14 ന് യു.പിയിലെ ബാരബങ്കിയില്‍ സബര്‍മതി എക്‌സ്പ്രസിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദി കശ്മിര്‍ സ്വദേശി ഗുല്‍സര്‍ അഹമ്മദ് വാനി,മുബീന്‍ എന്നിവരാണെന്ന് ആരോപിച്ചായിരുന്നു ഡല്‍ഹി പൊലിസ് കഴിഞ്ഞ 16 വര്‍ഷം വിചാരണ കൂടാതെ ഇവരെ തടവിലിട്ട് ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കിയത്. ഇരുവര്‍ക്കുമെതിരേ മതിയായ തെളിവുകള്‍ ഹാജരാക്കുവാന്‍ പ്രോസിക്യൂഷന് കഴിയാത്തതിനാല്‍ ബാരബങ്കി അഡിഷനല്‍ സെഷന്‍സ് ജഡ്ജി എം.എം ഖാന്‍ പ്രതികളെന്ന് ആരോപിച്ചവരെ വിട്ടയച്ച് വിധിപ്രസ്താവിക്കുകയായിരുന്നു .
2000 ലെ സബര്‍മതി എക്‌സ്പ്രസ് സ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കശ്മിരിലെ ബാരാമുള്ള സ്വദേശി ഗുല്‍സര്‍ അഹമ്മദ് വാനിയെ 2001 ജൂലൈ 31ന് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ 28 വയസ് മാത്രം പ്രായമുണ്ടായിരുന്ന അഹമ്മദ് വാനി അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ അറബിക്കില്‍ ഗവേഷക വിദ്യാര്‍ഥിയായിരുന്നു. യാതൊരു തെളിവുകളുമില്ലാതെയാണ് ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദിയെന്ന് മുദ്രകുത്തി ഈ യുവാവിന്റെ ഭാവിയെ തകര്‍ത്തത്. നിരവധി കേസുകള്‍ അഹമ്മദ് വാനിയുടെ മേല്‍ കെട്ടിവയ്ക്കുകയും ചെയ്തു. ഡല്‍ഹിയിലും യു.പിയിലും, മഹാരാഷ്ട്രയിലും നടന്ന സ്‌ഫോടനങ്ങളിലെല്ലാം അഹമ്മദ് വാനിയെ പ്രതിചേര്‍ത്തു പൊലിസ് കെട്ടിച്ചമച്ച പതിനൊന്ന് കേസുകളും കോടതി തള്ളിയിട്ടും അഹമ്മദ് വാനിയെ പൊലിസ് വിട്ടയക്കാതെ ലക്‌നൗ ജയിലറയില്‍ തടവിലിട്ടു.
നിരപരാധിയാണെന്ന് കണ്ടെത്തിയ ഒരാളെ തടങ്കലിലിടുന്നത് ശരിയല്ലെന്നും സബര്‍മതി കേസ് നവംബറിന് മുന്‍പ് തീര്‍ക്കണമെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിക്കുകയുണ്ടായി. അഭ്യസ്തവിദ്യരായ മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദികളെന്ന് മുദ്രകുത്തി വിചാരണ കൂടാതെ ജയിലിലിടുന്നത് ഡല്‍ഹിപൊലിസിന്റെ ക്രൂരതകളിലൊന്നാണ്. കശ്മിര്‍ കല്‍വാര സ്വദേശി സയ്യിദ് ലിയാഖത്ത് ഷായെ ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് തുടര്‍ച്ചയായ രണ്ട് വര്‍ഷമാണ് ജയിലിലടച്ച് ക്രൂരപീഡനങ്ങള്‍ക്കിരയാക്കിയത്.
പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ഗുരുവിനെ തൂക്കിലേറ്റിയതിന് പ്രതികാരം തീര്‍ക്കാന്‍ ഡല്‍ഹിയില്‍ എത്തിയതാണ് ലിയാഖത്ത് ഷാ എന്നായിരുന്നു ഡല്‍ഹി പൊലിസിലെ പ്രത്യേക സെല്‍ കമ്മിഷണര്‍ എസ്.എന്‍ ശ്രീവാസ്തവ തട്ടിവിട്ടത്. ലിയാഖത്ത് നിരപരാധിയാണെന്ന് എന്‍.ഐ.എ കണ്ടെത്തിയതിനെ തുര്‍ന്നാണ് വിട്ടയക്കപ്പെട്ടത്. ഭീകരരെന്ന് ആരോപിച്ച് ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്ത് വര്‍ഷങ്ങളോളം ജയിലിലടച്ച നിരപരാധികളായ 16 മുസ്‌ലിം ചെറുപ്പക്കാരുടെ വിവരങ്ങള്‍ അടങ്ങിയ പുസ്തകമാണ് 'ഫയിംഡ് ഡാംഡ് അക്വിറ്റൈഡ്' ഡല്‍ഹിയിലെ ജാമിഅ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍(ജെ.എസ്.ടി.എ) പുറത്തിറക്കിയ ഈ പുസ്തകത്തില്‍ പ്രൊഫഷനുകളായ നിരവധി മുസ്‌ലിം യുവാക്കളെ ഡല്‍ഹിപൊലിസ് ഭീകരരാക്കിയതിന്റെ വിവരണമുണ്ട്.
ഗുജറാത്തില്‍ നടന്ന പതിനേഴോളം വ്യാജഏറ്റുമുട്ടലുകള്‍ പൊലിസ് നടത്തിയ കൊലപാതകങ്ങളാണെന്ന് വെളിച്ചത്ത് കൊണ്ടുവന്ന ഐ.പി.എസ് ഉദ്യോഗസ്ഥരായ രജനീഷ്‌റായ്, സതീശ് വര്‍മ എന്നിവര്‍, മലേഗാവ് നന്ദേഡ്( മഹാരാഷ്ട്ര), മൊഡാസ(ഗുജറാത്ത്), മക്കാമസ്ജിദ്( െൈഹദരാബാദ്)അജ്മീര്‍ ശരീഫ്( രാജസ്ഥാന്‍) സംഝോത എക്‌സ്പ്രസ് എന്നീ സ്‌ഫോടനങ്ങളില്‍ മുസ്‌ലിംകളെ അറസ്റ്റ് ചെയ്യുകയും പിന്നീട് നിരപരാധികളെന്ന് കണ്ടെത്തി വിട്ടയക്കുകയുമായിരുന്നു.
പൊലിസ് പ്രതികളാക്കിയ ഹൂബ്ലിഗൂഢാലോചന കേസിലെ 17 മുസ്‌ലിം ചെറുപ്പക്കാരേയും നിരപരാധികളെന്ന് കണ്ടെത്തി 2015 മെയ് മാസത്തില്‍ ഹുബ്ലി ജില്ലാ കോടതി വിട്ടയച്ചു.ഈ കേസില്‍ നീണ്ട ഏഴുവര്‍ഷമാണ് മുക്കം ഗോതമ്പ് റോഡ് സ്വദേശി യഹിയ കമ്മുക്കുട്ടിയടക്കം മൂന്ന് മലയാളികള്‍ ജയിലില്‍ പീഡനത്തിനിരയായത്. ഗുജറാത്തിലെ മുന്‍ ആഭ്യന്തര മന്ത്രി ഹിരണ്‍ പാണ്ഡ്യയുടെ കൊലപാതകിയെന്ന് ആരോപിച്ച് മൗലാന നസ്‌റുദ്ദീനെ പ്രതിയാക്കുകയും ഒടുവില്‍ വിട്ടയക്കുകയും ചെയ്തു.നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ ഭീകരമുദ്രകുത്തി വര്‍ഷങ്ങളോളം ജയിലുകളില്‍ പീഡനങ്ങള്‍ക്കിരയാക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളുണ്ടാകണമെന്ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.പി ഷാ അധ്യക്ഷനായ പീപ്പിള്‍സ് ട്രിബ്യൂണലിന്റെ ശുപാര്‍ശ ഇപ്പോഴും മറുപടിയില്ലാതെ അവശേഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."