കടലുകടക്കട്ടെ; സന്‍ജിദിന്റെ വയനാടന്‍ 'വുഷു' കരുത്ത്
പനമരം: മെയ്ക്കരുത്തും ഏകാകൃതയും സൂക്ഷമതയും ആവോളം വേണ്ട വുഷു മത്സരത്തിലും വയനാടന്‍ കരുത്ത് കടലു കടക്കുന്നു.
പനമരം കീഞ്ഞ്കടവ് താഴെപുനത്തില്‍ ശംസുദ്ധീന്‍- ജുബൈരിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് സന്‍ജിദാണ് നാടിന് അഭിമാനമായി വുഷു വേദികളില്‍ തിളങ്ങുന്നത്. മാനന്തവാടി ഗവ.കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ സന്‍ജിദ് ഒക്ടോബറില്‍ ഷില്ലോങ്ങില്‍ നടക്കുന്ന നാഷനല്‍ വുഷു ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ വര്‍ഷം എടപ്പാളില്‍ നടന്ന സംസ്ഥാന സീനിയില്‍ വുഷു ചാംപ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയതോടെയാണ് സന്‍ജിദിന് ദേശീയ വേദിയിലേക്കുള്ള വാതിലുകള്‍ തുറന്നത്. 70 കിലോ വിഭാഗത്തിലായിരുന്നു സന്‍ജിദിന്റെ നേട്ടം.
കരാട്ടെ, ജുഡോ, ബോഡി ബില്‍ഡിങ്, കിക്ക്‌ബോക്‌സിങ് തുടങ്ങിയ മേഖലകളില്‍ മികവു തെളിയിച്ചാണ് സന്‍ജിദ്, ആയുധമില്ലാത്ത യുദ്ധപ്രയോഗം എന്നറിയപ്പെടുന്ന വുഷു രംഗത്തെത്തുന്നത്. ഏഴാം വയസു മുതല്‍ കരാട്ടെ അഭ്യസിച്ചു തുടങ്ങിയ സന്‍ജിദിന്റെ മെയ് വഴക്കമാണ് വുഷു മത്സര വേദികളില്‍ ഈ വയനാട്ടുകാരന്റെ കരുത്ത്. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റുള്ള പിതാവ് ശംസുദ്ധീന്‍ തന്നെയാണ് മകന്റെ കായികാഭ്യാസ വഴിയിലെ ആദ്യ ഗുരു. പിന്നീട് കല്‍പ്പറ്റ സ്വദേശി ഹമീദില്‍ നിന്നും കരാട്ടെയില്‍ കൂടുതല്‍ പ്രാവീണ്യം നേടി. പീച്ചങ്കോട് സ്വദേശി ജെയിന്‍ മാത്യുവിന്റെ ശിക്ഷണത്തില്‍ ജുഡോയും മാനന്തവാടി സ്വദേശി സുരേഷ് ബാബുവിന്റെ കളരിയില്‍ കിക്ക്‌ബോക്‌സിങ്ങിന്റെ പാടങ്ങളും അഭ്യസിച്ചതാണ് മനസും ശരീരവും ഒരേ താളത്തില്‍ പ്രതികരിക്കേണ്ട വുഷു വേദികളില്‍ തനിക്ക് കൂടുതല്‍ കരുത്ത് പകരുന്നതെന്ന് സന്‍ജിദ് പറയുന്നു.
നിലവില്‍ കോഴിക്കോടാണ് ഈ മിടുക്കന്റെ പരിശീലന കളരി. വുഷു ഇന്റര്‍നാഷനല്‍ ജഡ്ജ് ഗ്രാന്റ്മാസ്റ്റര്‍ ആരിഫിന്റെ ശിഷ്യനായ അയ്യൂബാണ് സന്‍ജിദിന്റെ പരിശീലകന്‍. മികച്ച പരിശീലന സാഹചര്യങ്ങളും അനുബന്ധ സൗകര്യങ്ങളും ലഭിച്ചാല്‍ വുഷു വേദികളില്‍ സന്‍ജിദ് രാജ്യത്തിന് ഉള്‍പെടെ അഭിമാന നേട്ടങ്ങളുണ്ടാക്കുമെന്ന കാര്യം ഇവര്‍ക്ക് ഉറപ്പാണ്. ഈവര്‍ഷത്തെ കോഴിക്കോട് ജില്ലാ സീനിയര്‍ വുഷു ചാംപ്യന്‍ഷിപ്പില്‍ 65 കിലോ വിഭാഗം ചാംപ്യനായതും സന്‍ജിദിന്റെ പ്രതിഭ തെളിയിക്കുന്നതാണ്. വുഷു വേദിയിലെക്കെത്തുന്നതിന് മുമ്പ് 2015ല്‍ വയനാട് ജില്ലാ അമേച്വര്‍ ബോക്‌സിങ് അസോസിയേഷന്‍ സംഘടിപ്പിച്ച ജില്ലാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ 63 കിലോ വിഭാഗത്തിലും ഈ മിടുക്കന്‍ ഒന്നാമതെത്തിയിരുന്നു. ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വേരോട്ടമുള്ള വുഷുവില്‍ കരുത്ത് തെളിക്കുന്ന സന്‍ജിദിന് പൂര്‍ണ പിന്തുണയുമായി സഹോദരിമാരായ സഹ്‌ലയും ആദിലയും സഹോദരന്‍ മുഹമ്മദ് ഹിശാമും ഒപ്പമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."