ഭാരം ചുമപ്പിക്കുന്ന ബജറ്റ്
വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തുടര്‍ച്ച നേടിയെടുത്ത മോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിലെ കന്നിബജറ്റ് ജനപ്രിയമായാണ് ധനകാര്യമന്ത്രി നിര്‍മലാസീതാരാമന്‍ അവതരിപ്പിക്കുകയെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, നിരാശാജനകമെന്നു മാത്രമല്ല, ഇന്ധനവില വര്‍ധിപ്പിച്ചതോടെ സകലരംഗത്തും വിലക്കയറ്റത്തിനു വഴിവയ്ക്കുന്ന 'ഭാര'മേറിയ ബജറ്റായിരിക്കുകയാണിത്.
രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നമായ തൊഴിലില്ലായ്മക്കു ബജറ്റ് പരിഹാരമാര്‍ഗം നിര്‍ദേശിക്കുന്നില്ല, സ്റ്റാര്‍ട്ടപ്പ് പദ്ധതികളിലെ ആത്മാര്‍ഥത സംശയിക്കപ്പെടേണ്ടതാണ്. തൊഴിലില്ലായ്മക്കു പരിഹാരം കാണാനാവാത്ത നാട്ടിലെങ്ങനെയാണു ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനാകുക. അതിനിടയിലാണ് കൂനിന്മേല്‍ കുരു പോലെ ഇന്ധനവിലയില്‍ വര്‍ധനവുണ്ടാക്കിയിരിക്കുന്നത്. ഇപ്പോള്‍തന്നെ രൂക്ഷമായ വിലക്കയറ്റംകൊണ്ടു പൊറുതി മുട്ടുകയാണു ജനം. അവരുടെ തലയിലാണ് ഇന്ധനത്തിനു വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഡീസലിനും പെട്രോളിനും ലിറ്ററിന് ഒരു രൂപ സെസ്സാണു ചുമത്തിയിരിക്കുന്നത്. അതു കേരളത്തില്‍ എത്തുമ്പോള്‍ എക്‌സൈസ് നികുതിയടക്കം ഒരു ലിറ്ററിന് 2 രൂപ വീതം കൊടുക്കേണ്ടിവരും.
ഇന്ധനവില വര്‍ധിക്കുമ്പോള്‍ ചരക്കുകൂലിയിലും വര്‍ധനവുണ്ടാകും. അതോടെ സാധനവിലയിലും വര്‍ധനവരും. ചുരുക്കിപ്പറഞ്ഞാല്‍ സാധനങ്ങള്‍ക്ക് അധികനികുതി ചുമത്താതെ തന്നെ അതിരൂക്ഷമായ വിലക്കയറ്റത്തിനു വഴിയൊരുക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
വരുംകാല സാമ്പത്തിക വളര്‍ച്ച ഉന്നംവച്ചാണു ബജറ്റ് നിര്‍ദേശങ്ങളെന്നാണു ബജറ്റ് അവതരണത്തിനു ശേഷം പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. അടിസ്ഥാനസൗകര്യം വര്‍ധിപ്പിച്ചാല്‍ മാത്രമേ സാമ്പത്തിക വളര്‍ച്ചയുണ്ടാകൂ. എങ്കില്‍ മാത്രമേ വ്യവസായപുരോഗതി കൈവരിക്കാനാകൂ. അപ്പോള്‍ മാത്രമേ തൊഴിലില്ലായ്മയും വിലക്കയറ്റവും ഇല്ലാതാകൂ. ഇതൊന്നും ബജറ്റില്‍ പറയുന്നില്ല.
സ്വര്‍ണത്തിനും വില കൂട്ടിയിരിക്കുന്നു. സാധാരണക്കാരനെ സംബന്ധിച്ച് ഇത് ഏറെ പ്രയാസമുണ്ടാക്കും. അധിക വിഭവസമാഹരണത്തെക്കുറിച്ച് ഒന്നുംപറയാത്ത ബജറ്റ് അധികബാധ്യതയെക്കുറിച്ചു പറയുന്നുണ്ട്. കഴിഞ്ഞ മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറയാനാണു നിര്‍മലാ സീതാരാമന്‍ ബജറ്റ് വായനയുടെ ഏറിയസമയവും ചെലവഴിച്ചത്. കഴിഞ്ഞ മോദി സര്‍ക്കാര്‍ എല്ലാ വീടുകളിലും ശുചിമുറിയായിരുന്നു വാഗ്ദാനം ചെയ്തിരുന്നതെങ്കില്‍ ഇപ്പോഴത് എല്ലാവര്‍ക്കും വീടെന്നാക്കി മാറ്റിയിരിക്കുന്നു. അഞ്ചുവര്‍ഷത്തിനുള്ളില്‍ അതുസഫലമാകില്ലെന്നുറപ്പാണ്.
ഗാന്ധിദര്‍ശനം പ്രചരിപ്പിക്കുന്നതിനായി ഗാന്ധിപീഡിയ പദ്ധതി ആവിഷ്‌കരിക്കുമെന്നു പറയുന്നു. ഗാന്ധിജിയെ ഓര്‍ക്കുന്നതും അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതും നല്ലതുതന്നെ. എന്നാല്‍, ഗാന്ധിഘാതകനെ പ്രകീര്‍ത്തിക്കുകയും അയാള്‍ക്കു ക്ഷേത്രം പണിയുകയുമൊക്കെ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയും കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ അവര്‍ ചെയ്യുന്ന ഗാന്ധി നിന്ദ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഈ വാക്കുകള്‍ എങ്ങനെ അപ്പടി വിഴുങ്ങാനാകും.
ഈ ബജറ്റിലും കോര്‍പ്പറേറ്റുകളെ കൈയയച്ചു സഹായിക്കുന്നുണ്ട്. നേരത്തേ 30 ശതമാനമായിരുന്നു അവര്‍ക്കു നികുതിയെങ്കില്‍ ഇപ്പോഴത് 25 ശതമാനമായി കുറച്ചു. അതേസമയം കര്‍ഷകരോടു കനിഞ്ഞിട്ടില്ല. വന്‍ കര്‍ഷക പ്രക്ഷോഭത്തെ നേരിടേണ്ടി വന്നിട്ടും ഈ ബജറ്റില്‍ കാര്‍ഷികമേഖലയുടെ സമഗ്രവളര്‍ച്ചയ്ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല. വരുംകാലങ്ങളിലും കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകുമെന്നു ചുരുക്കം. കാര്‍ഷിക-ഗ്രാമീണ മേഖലകള്‍ ലക്ഷ്യംവച്ചുള്ള വികസനമാണു വിഭാവനം ചെയ്യുന്നതെന്നു ബജറ്റില്‍ പറയുന്നു. എന്നാല്‍, അതുസംബന്ധിച്ച പദ്ധതികളുടെ വിശദാംശങ്ങളോ പാക്കേജോ ഇല്ല. നൂതനമായ ഒരു സംരംഭമോ പദ്ധതിയോ ബജറ്റിലില്ല.
നൂറ്റാണ്ടു കണ്ടതില്‍വച്ച് ഏറ്റവും വലിയ പ്രളയമാണു കഴിഞ്ഞ ഓഗസ്റ്റില്‍ കേരളത്തിലുണ്ടായത്. കേരളം പുതുക്കിപ്പണിയുന്നതിനായി സമര്‍പ്പിച്ച പദ്ധതികളിലൊന്നുപോലും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. നേരത്തെ കേരളം ഇതുസംബന്ധിച്ചു വിദേശസഹായം തേടിയപ്പോള്‍ അതു തടയുകയും ചെയ്തിരുന്നു. കേരളം ഒമ്പത് അടിയന്തരാവശ്യങ്ങള്‍ ഉള്‍കൊള്ളിച്ചു കേന്ദ്രത്തിനു നിവേദനം നല്‍കിയതാണ്. ബജറ്റില്‍ ഒന്നിനുപോലും ഇടംകണ്ടില്ല. എന്നിട്ടും പ്രധാനമന്ത്രി പറയുന്നു എല്ലാ വിഭാഗങ്ങളെയും തുല്യപരിഗണന നല്‍കുന്ന വികസനമാണു സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നതെന്ന്.
ഇന്ത്യക്കു കോടികള്‍ വിദേശനാണ്യം നേടിത്തരുന്ന പ്രവാസികളുടെ ക്ഷേമത്തെക്കുറിച്ച് ബജറ്റില്‍ ഒന്നും പറയുന്നില്ല. മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തെക്കുറിച്ചോ തൊഴില്‍ നല്‍കേണ്ടതിനെക്കുറിച്ചോ ബജറ്റില്‍ പരാമര്‍ശമില്ല. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനും സ്വകാര്യമേഖലയ്ക്കു കൂടുതല്‍ അവസരം നല്‍കാനും വഴിയൊരുക്കുന്നതാണ് ബജറ്റ്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യ പോലുള്ള സ്ഥാപനങ്ങളുടെ വരെ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സുപ്രധാന പ്രശ്‌നങ്ങളെയൊന്നും ബജറ്റ് അഭിസംബോധന ചെയ്യുന്നില്ല. മൂന്നുകോടി ചെറുകിട വ്യാപാരികളെ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നു പറയുന്നു. എന്നാല്‍, തെറ്റായ നികുതിസമ്പ്രദായം കാരണം ചെറുകിട വ്യാപാരമേഖല ആകെ തകര്‍ന്നിരിക്കുകയാണ്. അവ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളൊന്നുമില്ല.
ഗ്രാമീണ തൊഴില്‍ സംരംഭങ്ങളെ ഇല്ലാതാക്കിക്കൊണ്ട് എങ്ങനെയാണു ഗ്രാമീണമേഖലയെ പരിപോഷിപ്പിക്കാനാവുക. പ്രധാനമന്ത്രി പറയുന്ന ഭാവി ഇന്ത്യയുടെ വികസനം ലക്ഷ്യംവച്ചാണു ബജറ്റെങ്കില്‍ ഗ്രാമീണവളര്‍ച്ചയ്ക്കുതകുന്ന പദ്ധതികളായിരുന്നു ബജറ്റില്‍ വേണ്ടിയിരുന്നത്. 2.7 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയില്‍നിന്നു 5 ട്രില്യണ്‍ ഡോളര്‍ സാമ്പത്തികശേഷി കൈവരിക്കാന്‍ കഴിയുമെന്നു ധനമന്ത്രി പ്രത്യാശിക്കുന്നു. ഇപ്പോള്‍തന്നെ സമ്പദ്ഘടന ശക്തമായിട്ടുണ്ടെന്നാണ് ധനമന്ത്രിയുടെ പക്ഷം.
നവ ഇന്ത്യയുടെ വളര്‍ച്ചയ്ക്കു സ്വകാര്യമേഖലയുടെ പങ്കാളിത്തം അനിവാര്യമാണെന്ന് പറയുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സാധാരണക്കാര്‍ക്ക് നഷ്ടപ്പെടുമെന്നു തന്നെയാണു കരുതേണ്ടത്. റെയില്‍ വികസനത്തിനു വന്‍വിഹിതം നീക്കിവച്ചിട്ടുണ്ടെങ്കിലും കഞ്ചിക്കോട് വാഗണ്‍ ഫാക്ടറിയെക്കുറിച്ചു പരാമര്‍ശങ്ങളൊന്നുമില്ല.
അഞ്ചു കോടിയിലധികം വാര്‍ഷികവരുമാനമുള്ള സമ്പന്നര്‍ക്ക് ഏഴുശതമാനം സര്‍ചാര്‍ജ് ചുമത്താന്‍ തീരുമാനിച്ചതു നല്ലകാര്യം. അത് അവരില്‍നിന്ന് ഈടാക്കാന്‍ കഴിയുമോയെന്നതാണു പ്രശ്‌നം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആദായനികുതി പരിശോധനകളില്ലെന്നതു നല്ലകാര്യം തന്നെ. അതിവേഗത്തിലുള്ള വളര്‍ച്ചാനിരക്കാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ എല്ലാ രംഗത്തും വളര്‍ച്ചയുണ്ടാകുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കണം. നിര്‍ഭാഗ്യവശാല്‍ ബജറ്റില്‍ അതൊന്നും പ്രതിഫലിക്കുന്നില്ല. ഇനി അടുത്തൊന്നും ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടതില്ലല്ലോ എന്ന ചിന്തയായിരിക്കാം ഇത്തരമൊരു ജനവിരുദ്ധ ബജറ്റ് അവതരിപ്പിക്കുവാന്‍ പ്രേരകമായിട്ടുണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."