തൊഴിലില്ലായ്മക്ക് പരിഹാരമില്ല
ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന തൊഴില്‍ പ്രതിസന്ധിക്ക് മറുമരുന്നുകളോ ആശ്വാസമോ നല്‍കുന്ന ബജറ്റല്ല കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചത്. തൊഴിലില്ലായ്മ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ബജറ്റില്‍ ഒരിടത്തും കാര്യമായി പരാമര്‍ശമില്ല.
2019-20 വര്‍ഷങ്ങളില്‍ ഏഴ് ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമാക്കുന്നത്. 2024 ഓടുകൂടി അഞ്ച് ട്രില്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയും കരസ്ഥമാക്കുകയെന്നുള്ളതാണ് പദ്ധതിയെന്നും ധനമന്ത്രി പറയുന്നു.
ഗുരുതരമായ തൊഴില്‍ പ്രതിസന്ധി നിലില്‍ക്കെ എങ്ങനെയാണ് ഇത്തരം നീക്കങ്ങളില്‍ വിജയം കൈവരിക്കുകയെന്നുള്ളത് വലിയ ചോദ്യമാണ്. സാമൂഹിക നിര്‍മാണം, ഡിജിറ്റല്‍, ജല വിനിയോഗം, ബഹിരാകാശ പദ്ധതി ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ദശലക്ഷക്കണക്കിന് യുവാക്കളാണ് തൊഴില്‍ രഹിതരായിട്ടുള്ളത്. ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും നിരവധി പേര്‍ തൊഴില്‍ രഹിതരാണ്. 2014ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രണ്ട് കോടി തൊഴില്‍ അവസങ്ങള്‍ ഓരോ വര്‍ഷവും സൃഷ്ടിക്കുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നു.
2014 മെയില്‍ പ്രധാനമന്ത്രിയായി മോദി ചുമതലയേറ്റെടുത്തതിന് ശേഷം അദ്ദേഹവും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് അവസാനിപ്പിച്ചു. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പുതിയ ജോലി സാധ്യതകളുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഇല്ല. 1972 മുതലുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യത്തുള്ളതെന്ന് നാഷനല്‍ സാമ്പിള്‍ സര്‍വേ ഓഫിസ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2017-2018ല്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് തൊഴിലില്ലായ്മയില്‍ വന്‍ വര്‍ധനവാണുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."