ലൈഫ് മിഷന്‍ പദ്ധതിക്ക് ഇന്ന് തുടക്കം
കൊല്ലം: സംസ്ഥാനത്തെ ഭവനരഹിതരെ സ്വപ്നസാക്ഷാത്കാരത്തിന്റെ വഴിയിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിക്ക് ഇന്ന് പുനലൂരില്‍ തുടക്കം. വീടില്ലാത്ത മുഴുവനാളുകള്‍ക്കും അഞ്ച് വര്‍ഷത്തിനുള്ളില്‍ വീടുവച്ചു നല്‍കുന്നതാണ് പദ്ധതി. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 14 ജില്ലകളിലും ലൈഫ് മിഷനു കീഴില്‍ ഭവന സമുച്ചയ നിര്‍മാണം ആരംഭിക്കും.
തൊഴില്‍ ചെയ്ത് ഉപജീവനം നിര്‍വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗഭാക്കാകുന്നതിനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം ലഭിക്കുന്നതിനും ഉതകുന്ന സുരക്ഷിത ഭവനങ്ങളാണ് പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്.
ഭൂമിയുള്ള ഭവനരഹിതര്‍, ഭൂമിയില്ലാത്ത ഭവനരഹിതര്‍, വീടുനിര്‍മാണം പൂര്‍ത്തിയാക്കാത്തവര്‍, വാസയോഗ്യമല്ലാത്ത വീടുള്ളവര്‍, പുറമ്പോക്കിലോ, തീരദേശ മേഖലയിലോ, തോട്ടം മേഖലയിലോ താല്‍ക്കാലിക വീടുള്ളവര്‍ എന്നിവരാണ് ഗുണഭോക്താക്കള്‍. വിവിധ വകുപ്പുകളുടെ ഭവനപദ്ധതികള്‍ സംയോജിപ്പിച്ചാണ് ലൈഫ് മിഷന്‍ നടപ്പാക്കുന്നത്.
പുനലൂരിലെ പ്ലാച്ചേരിയില്‍ 64 കുടുംബങ്ങള്‍ക്കായി നാലു നിലകളുള്ള ഭവന സമുച്ചയത്തിന് ശിലയിട്ടാണ് മുഖ്യമന്ത്രി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."