വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ലക്കിടിക്ക് സമീപം വൈത്തിരി പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല കവാടത്തില്‍ എത്തിയ സായുധ സംഘം കവാടത്തിന് മുന്നില്‍ മോവോയിസ്റ്റ് അനുകൂല ബാനര്‍ കെട്ടുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘം സര്‍വകലാശാലാ കവാടത്തില്‍ എത്തിയത്. സുരക്ഷാ ജീവനക്കാരനോട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ച ഇവര്‍ കവാടത്തില്‍ പോസ്റ്റര്‍ പതിക്കുകയും ബാനര്‍ കെട്ടുകയുമായിരുന്നു. ഗേറ്റിന് പുറത്ത് ബസ് കാത്തുനിന്ന വിദ്യാര്‍ഥികളോടും സംഘം സംസാരിച്ചു. കടലാസില്‍ ഇലക്ട്രിക് വയര്‍ തിരുകി വച്ച ബോംബെന്ന് തോന്നിക്കുന്ന പൊതിയും കവാടത്തിന് സമീപം വെച്ചാണ് ഇവര്‍ പോയത്. പോസ്റ്ററോ ബാനറോ നശിപ്പിച്ചാല്‍ സ്‌ഫോടനം നടത്തുമെന്ന് സംഘം പറഞ്ഞതായി സുരക്ഷാ ജീവനക്കാരന്‍ പ്രഭാകരന്‍ പറഞ്ഞു. ജില്ലാ പൊലിസ് മേധാവി ആര്‍. കറുപ്പു സ്വാമിയുടെ നേതൃത്വത്തില്‍ പൊലിസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. പരിശോധനക്കായി കോഴിക്കോടുനിന്നും വിദഗ്ധ സംഘവുമെത്തിയിരുന്നു. ഇത് സ്‌ഫോടക വസ്തു അല്ലന്ന് ഇവര്‍ സ്ഥിരീകരിച്ചു.
സര്‍വകലാശാലയോട് ചേര്‍ന്നു കിടക്കുന്ന സുഗന്ധഗിരി മേഖലയില്‍ നേരത്തെയും മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഈ ഭാഗത്തുനിന്നാണ് സായുധസംഘം എത്തിയതെന്ന സംശയത്തിലാണ് പൊലിസ്. മലയാളിയും വയനാട് സ്വദേശിയുമായ സോമനും മാവോയിസ്റ്റ് സംഘത്തില്‍ ഉണ്ടായിരുന്നതായി പൊലിസ് സംശയിക്കുന്നു. സുഗന്ധഗിരിക്കു സമീപത്തെ ആദിവാസി കോളനിയില്‍ സംഘം ഇടക്കിടെ സന്ദര്‍ശനം നടത്തിയിരുന്നതായി പൊലിസിന് സൂചന ലഭിച്ചിരുന്നു. സുഗന്ധഗിരിയില്‍ നിന്നും മൂന്നുകിലോമീറ്റര്‍ മാറിയാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാല. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് പൊലിസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."