പൊളിച്ചേ പറ്റൂ
ന്യൂഡല്‍ഹി: കൊച്ചി മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു മാറ്റണമെന്ന ഉത്തരവിന്‍മേല്‍ കോടതിയെ കബളിപ്പിക്കാന്‍ ശ്രമം നടന്നെന്ന രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി. ഉത്തരവിനെതിരേ ഫ്‌ളാറ്റുടമകള്‍ നല്‍കിയ റിട്ട് ഹരജികള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അടങ്ങുന്ന ബെഞ്ചിന്റെ വിമര്‍ശനം. ഫ്‌ളാറ്റുകള്‍ പൊളിച്ചേ പറ്റൂ. കോടതിയില്‍ തട്ടിപ്പ് നടത്താനുള്ള ശ്രമം തുടര്‍ന്നാല്‍ അഭിഭാഷകര്‍ നടപടി നേരിടേണ്ടിവരുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര മുന്നറിയിപ്പ് നല്‍കി. മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു മാറ്റണമെന്ന് മെയ് എട്ടിനാണ് സുപ്രിംകോടതി ഉത്തരവിട്ടത്.
ഇതിനെതിരേ ഫ്‌ളാറ്റുടമകള്‍ നല്‍കിയ റിട്ട് ഹരജികള്‍ മുന്നിലെത്തിയതോടെ ഉടമകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കല്യാണ്‍ ബാനര്‍ജിയോട് ജസ്റ്റിസ് മിശ്ര പൊട്ടിത്തെറിച്ചു. നമ്മള്‍ തമ്മിലുള്ള ബന്ധം ഉപയോഗിച്ച് തന്നെ സ്വാധീനിക്കാന്‍ ആണോ കല്യാണ്‍ ബാനര്‍ജിയെ കേസില്‍ ഹാജരാക്കിയത് എന്നായിരുന്നു കോടതിയുടെ ചോദ്യം.
ഇത് ശുദ്ധ തട്ടിപ്പാണ്. അവധിക്കാല ബെഞ്ചില്‍ നിങ്ങളുടെ ഹരജി ഞാന്‍ തള്ളി. ഞാന്‍ ഇല്ലാത്ത സമയം നോക്കി നിങ്ങള്‍ മറ്റൊരു ബെഞ്ചില്‍ പുതിയ റിട്ടുമായി സമീപിച്ചു. ആ ബെഞ്ചിന് മുന്‍പാകെ വസ്തുതകള്‍ മറച്ചുവച്ച് ആറാഴ്ചത്തെ സ്റ്റേ നേടി. ഇത് അംഗീകരിക്കാനാവില്ല. എന്റെ സുഹൃത്തുക്കള്‍ അടങ്ങിയ ആ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യരുതായിരുന്നു. അവര്‍ ചെയ്തത് ശരിയല്ല എന്ന് രേഖപ്പെടുത്താന്‍ എനിക്ക് മടിയില്ല. ഈ കോടതിയില്‍ എന്തൊക്കെയാണ് നടക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല- അരുണ്‍ മിശ്ര പറഞ്ഞു.
ഈ കേസില്‍ താന്‍ ആദ്യമായാണ് ഹാജരാകുന്നതെന്ന ബാനര്‍ജിയുടെ വാദം അരുണ്‍ മിശ്ര അംഗീകരിച്ചില്ല. അവധിക്കാല ബെഞ്ച് മുന്‍പാകെ നിങ്ങള്‍ വന്നിരുന്നു. നിങ്ങളെ എന്തിനാണ് ഈ കേസില്‍ ഇന്ന് ഹാജരാക്കിയത് എന്നെനിക്കറിയാം. നമ്മള്‍ തമ്മിലുള്ള പരിചയമാണ് കാരണം. നിങ്ങള്‍ ഹാജരായാല്‍ ഞാന്‍ സ്വാധീനിക്കപ്പെടും എന്ന് അവര്‍ ധരിച്ചിട്ടുണ്ടാകും. എന്നാല്‍ ഞാന്‍ നിലപാട് മാറ്റില്ല. ഈ തട്ടിപ്പില്‍ അഭിഭാഷകരും ഉള്‍പ്പെടുന്നു എന്നത് ഗൗരവതരവും ദുഃഖകരവുമാണ്. അഭിഭാഷകര്‍ ആണെന്ന് കരുതി നടപടിയെടുക്കില്ല എന്ന് കരുതരുത്. ഇനി ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി എടുക്കും. ഇങ്ങനെ ഈ വ്യവസ്ഥയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല- അരുണ്‍ മിശ്ര പറഞ്ഞു.
ഹരജി പിന്‍വലിക്കാമെന്ന ബാനര്‍ജിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ഈ ഹരജി തള്ളിക്കൊണ്ട് ഉത്തരവില്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അരുണ്‍ മിശ്ര ഹരജി തള്ളിയ ശേഷം ഈ വിഷയവുമായി ബന്ധപ്പെട്ട് മറ്റൊരു കോടതിയിലും ഒരു ഹരജിയും ഫയല്‍ ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്യരുതെന്നും ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."