വാഗ്ദാനലംഘനത്തിന്റെ ഒരാണ്ട്
എല്ലാം ശരിയാക്കുമെന്ന വാഗ്ദാനം ജനങ്ങള്‍ക്കു നല്‍കിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. പിണറായി വിജയന്റെ ശരീരഭാഷയില്‍നിന്നു കേരളം ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയെ പ്രതീക്ഷിക്കുകയും ചെയ്തു. വന്‍ഭൂരിപക്ഷമുള്ളതിനാല്‍ മാറ്റങ്ങളുടെ ഒരുപാടു ശരികളുണ്ടാകുമെന്നു ജനം വിശ്വസിക്കുകയും ചെയ്തു.
പക്ഷേ ഒരു വര്‍ഷമാകുമ്പോള്‍ എല്ലാം ശരിയാകുമെന്നു കാത്തിരുന്നവരുടെ തലയില്‍ ഇടിത്തീ വീണ അനുഭവമാണുണ്ടായത്. അമ്പതുവര്‍ഷമായി കേരളം കാണാത്ത പീഡനങ്ങളുടെ നീണ്ടനിര, അവകാശലംഘനങ്ങളുടെ തുടര്‍ക്കഥ, ഭരണഘടനാലംഘനങ്ങളുടെ ചിത്രങ്ങള്‍, ദുരിതങ്ങളുടെ പീഡനപര്‍വം... അടുത്ത നാലുവര്‍ഷം എങ്ങനെ തള്ളിനീക്കുമെന്ന അങ്കലാപ്പിലാണു മലയാളികള്‍.
ഭരണകൂടം വികസനത്തില്‍ ശ്രദ്ധയൂന്നിയാല്‍ രാഷ്ട്രീയകേരളം രാഷ്ട്രീയം മറന്നു പിന്തുണയ്ക്കും. ജീവിതസൗകര്യം വര്‍ദ്ധിക്കുമ്പോള്‍ സര്‍ക്കാരിന്റെ ഇഛാശക്തി വാഴ്ത്തപ്പെടും. പക്ഷേ, ഇവിടെ കാര്യങ്ങള്‍ തലതിരിഞ്ഞാണ്. മുന്‍സര്‍ക്കാര്‍ തുടങ്ങിവച്ച മെഗാപ്രോജക്ടുകളില്‍പോലും രാഷ്ട്രീയം കലര്‍ത്തുന്ന സമീപനം. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ശരവേഗത്തിലാണു നീങ്ങിയത്. പുതിയ സര്‍ക്കാര്‍ വന്നതോടെ പദ്ധതി ഇഴഞ്ഞു.
നിയമങ്ങളിലെ നൂലാമാലകള്‍ കാരണമാണു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളാ എയര്‍ലൈന്‍ പദ്ധതി നടപ്പാക്കാതിരുന്നത്. ഒറ്റയടിക്ക് ഇരുപതു വിമാനങ്ങള്‍ വേണമെന്നായിരുന്നു നിബന്ധന. കേന്ദ്ര സര്‍ക്കാര്‍ ഈയിടെ ഈ നിയമം എടുത്തുമാറ്റി. എയര്‍ കേരള തുടങ്ങാനുള്ള എല്ലാ സാഹചര്യവും ഒത്തുവന്നു. ആദ്യം കെ.എസ്.ആര്‍.ടി.സി ലാഭത്തിലാവട്ടെ, എന്നിട്ടാകാം എയര്‍ കേരള എന്ന അത്ഭുതകരമായ പ്രസ്താവനയാണു മുഖ്യമന്ത്രി പിണറായി നടത്തിയത്. വിമാനത്താവളങ്ങളിലേക്കുള്ള ലോഫ്‌ളോര്‍ ബസുകളാണ് കെ.എസ്.ആര്‍.ടി.സിയുടെ ഏറ്റവും ലാഭകരമായ സര്‍വിസ് എന്ന തിരിച്ചറിവുപോലും മുഖ്യമന്ത്രി കാട്ടിയില്ല.
പൊലിസ് തലപ്പത്ത് നിയമിച്ചത് നരേന്ദ്രമോദിയുടെ ഇഷ്ടക്കാരനെ. ഗുജറാത്ത് സ്റ്റൈല്‍ പൊലിസ് ഭരണം നടത്താനുള്ള ശ്രമം ആ പൊലിസ് മേധാവി നടത്തി. ന്യൂനപക്ഷങ്ങളെയും പാര്‍ശ്വവല്‍കൃതവിഭാഗങ്ങളെയും ലാത്തിയുടെ മുനയില്‍ നിര്‍ത്തി അവരുടെ ന്യായമായ അവകാശങ്ങളെ പോലും ഒതുക്കാന്‍ ശ്രമിച്ചു. പക്ഷേ, കേരളം ഗുജറാത്തല്ലെന്നു പൊലിസ് മേധാവികള്‍ക്കു പിന്നീടു മനസിലായി.
അവഗണിക്കപ്പെട്ട അമ്മയോടെപ്പം കേരളം ഒന്നടങ്കം നിലയുറപ്പിച്ചതോടെ നില്‍ക്കകള്ളിയില്ലാതായി. മഹിജ സംഭവത്തില്‍ കേരളത്തിലലയടിച്ച പ്രതിഷേധം യഥാര്‍ഥത്തില്‍ പിണറായി സര്‍ക്കാറിനെതിരേയുള്ള ജനകീയവിചാരണയായിരുന്നു.
വിദ്യഭ്യാസരംഗത്താണ് ഏറ്റവും വലിയ പിടിപ്പുകേട്. കേരളത്തില്‍ കഴിഞ്ഞ ആറു വര്‍ഷങ്ങളില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണു ചോദ്യപേപ്പര്‍ ചോര്‍ച്ചയും പരീക്ഷാതട്ടിപ്പും. പിണറായി സര്‍ക്കാരിന്റെ ആദ്യവര്‍ഷംതന്നെ രണ്ടും സംഭവിച്ചു. വിദ്യാര്‍ഥികള്‍ക്കു നരകസമാനമായ തീരുമാനങ്ങള്‍ സമ്മാനിക്കുകയാണ് ഇതുവഴി ചെയ്തത്. തങ്ങളുടെ പിടിപ്പുകേടുകള്‍ വിദ്യാര്‍ഥികളുടെ തലയിലേക്കു മാറ്റിവയ്ക്കുന്ന സംഭവങ്ങള്‍ ദിവസേന കണ്ടുകൊണ്ടിരിക്കുന്നു.
സ്വജനപക്ഷപാതവും സ്ത്രീപീഡനവും തെരഞ്ഞെടുപ്പുകാലത്ത് ഇടതുപക്ഷത്തിന്റെ തുരുപ്പുചീട്ടുകളായിരുന്നു. എന്നാല്‍, ഈ രണ്ടുകാര്യത്തിന്റെ പേരില്‍ പിണറായി മന്ത്രിസഭയിലെ രണ്ടു ഗജകേസരികള്‍ക്കാണ് അധികാരം വിട്ടൊഴിയേണ്ടി വന്നത്. രണ്ടും ആരോപണങ്ങല്ല,പൂര്‍ണമായും തെളിയിക്കപ്പെട്ട സംഭവങ്ങള്‍. മുഖ്യമന്ത്രിയാണോ ഉപദേശകരാണോ ഭരിക്കുന്നതെന്നു ജനങ്ങള്‍ക്കറിയില്ല. ഇപ്പോള്‍തന്നെ ഏഴോ എട്ടോ ഉപദേശകന്മാരുണ്ട്. ഓരോ ഉപദേശകര്‍ക്കും ലക്ഷങ്ങളുടെ പ്രതിഫലം. ആര്‍ക്കും ഉത്തരവാദിത്വമില്ല. ഇവരെല്ലാം ഉപദേശിക്കാന്‍ തുടങ്ങിയതോടെ പിണറായിയുടെ ഭരണം സാധാരണക്കാരില്‍ നിന്നകന്നു.
ആര്‍ക്കും ഏതുസമയവും സമീപിക്കാമായിരുന്ന ഉമ്മന്‍ചാണ്ടിയില്‍നിന്ന് ആര്‍ക്കും കാണാന്‍ പറ്റാത്ത ചില്ലുകൊട്ടാരത്തിലെ ഭരണമായി ഈ സര്‍ക്കാര്‍ മാറി. പെന്‍ഷനും ഭക്ഷണവും ചോദിച്ചവര്‍ക്കു പിണറായി നല്‍കിയത് രാഷ്ട്രീയകൊലപാതകങ്ങളുടെ നീണ്ടനിരയാണ്. ഇതു കേരളത്തെ ഏതു നരകത്തിലേക്കാണ് എത്തിക്കുകയെന്നു സാംസ്‌കാരിക കേരളം ഭയപ്പാടോടെ നോക്കുകയാണ്.
രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താനുള്ള എല്ലാ സാഹചര്യവും ഇന്നു കേരളത്തിലുണ്ട്. അത് ആവശ്യപ്പെടാതിരിക്കുന്നതു പ്രതിപക്ഷത്തിന്റെ സാമാന്യമര്യാദ കൊണ്ടാണ്. ദുരിതരാഷ്ട്രീയത്തിന്റെ ഒരുവര്‍ഷം എന്ന മുസ്‌ലിം യൂത്ത് ലീഗിന്റെ പ്രചാരണം ഈ ഓര്‍മപ്പെടുത്തലാണ്.
(മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."