സ്തനാര്‍ബുദം തടയാന്‍ തേന്‍ മികച്ച ഔഷധമെന്ന് പഠനം
മലപ്പുറം: സ്തനാര്‍ബുദം തടയാന്‍ തേന്‍ മികച്ച ഔഷധമാണെന്ന് പഠനം. കാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ച 39.98 ശതമാനം വരെ തടയാന്‍ തേനിന് കഴിവുണ്ടെന്നാണ് കണ്ടെത്തല്‍. വിവിധ രാജ്യങ്ങളില്‍ നിന്നായി നാല്‍പത് തേന്‍ സാംപിളുകളാണ് പഠനത്തിനായി ഉപയോഗിച്ചത്. ചെന്നൈ ഭാരത് സര്‍വകലാശാല രസതന്ത്ര വിഭാഗത്തിലെ എ. മണികണ്ഠന്‍, മലേഷ്യ ബയോ സയന്‍സ് മെഡിക്കല്‍ എന്‍ജിനീയറിങ് സര്‍വകലാശാലയിലെ അരുണ പ്രിയദര്‍ശിനി സുബ്രഹ്മണ്യന്‍, മുത്തു വിഗ്നേഷ് വെള്ളായപ്പന്‍, അരുണ്‍ പാണ്ഡ്യന്‍ ബാലാജി, വിയറ്റ്‌നാം ടോണ്‍ ഡ്യൂ താങ് സര്‍വകലാശാലയിലെ ശരവണ കുമാര്‍ ജഗനാഥന്‍ എന്നിവര്‍ നടത്തിയ പഠനത്തിലാണ് ഏറെ പ്രതീക്ഷ നല്‍കുന്ന കണ്ടെത്തല്‍. കറന്റ് സയന്‍സ് ജേണലിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കാന്‍സര്‍ രോഗികളില്‍ തേന്‍ ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നുണ്ടെന്നാണ് കണ്ടെത്തല്‍. കോശങ്ങള്‍ നശിക്കുന്നതിനെ സഹായിക്കുന്ന ഘടകങ്ങളുടെ വളര്‍ച്ചയെ തടയുകയാണ് തേനില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോളിക് അമ്ലം ചെയ്യുന്നത്. കാര്‍ബോളിക് അമ്ലം കൂടുതലുള്ളതിനാല്‍ ഏറ ഗുണമുള്ളത് ഇന്ത്യന്‍ തേനിനാണെന്ന് ഗവേഷകര്‍ പറയുന്നു.
ഇന്ത്യക്ക് പുറമെ ആസ്‌ത്രേലിയ, ഗ്രീസ്, ന്യൂസിലാന്‍ഡ്, സഊദി അറേബ്യ, മലേഷ്യ, ഈജിപ്ത്, നൈജീരിയ, വിയറ്റ്‌നാം തുടങ്ങി നാല്‍പ്പത് രാജ്യങ്ങളിലെ തേന്‍ സാംപിളുകളാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. പുരാതനകാലം മുതല്‍ തേന്‍ ഔഷധമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിന്റെ സാധ്യതകള്‍ കണ്ടെത്തുന്നത് ആദ്യമാണ്.
ലോകത്ത് 12 ശതമാനം സ്ത്രീകളിലും സ്തനാര്‍ബുദം ഉണ്ടെന്നാണ് കണക്ക്. ഓരോ എട്ട് സ്ത്രീകളിലും ഒരാള്‍ക്ക് സ്തനാര്‍ബുദ ലക്ഷണങ്ങളുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 10 മുതല്‍ 15 ശതമാനം വരെ സ്തനാര്‍ബുദവും പാരമ്പര്യമായി ലഭിക്കുന്നതാണ്. ആധുനിക ജീവിത രീതി, വ്യായാമമില്ലായ്മ, ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം, മദ്യപാനം തുടങ്ങിയവയാണ് സ്തനാര്‍ബുദത്തിന്റെ മറ്റുകാരണങ്ങള്‍.
ഇന്ത്യയില്‍ കാന്‍സര്‍ മൂലം ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മരിക്കുന്നത് സ്തനാര്‍ബുദം മൂലമാണെന്നും രണ്ടാം സ്ഥാനം ഗര്‍ഭാശയദള ( സെര്‍വിക്കല്‍ ) കാന്‍സറിനാണെന്നും നാഷനല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് കാന്‍സര്‍ പ്രിവന്‍ഷന്‍ ആന്റ് റിസേര്‍ച്ച് (എന്‍.ഐ .സി.പി.ആര്‍) വ്യക്തമാക്കുന്നു. പുതുതായി കണ്ടെത്തുന്ന രണ്ട് സ്തനാര്‍ബുദ രോഗികളില്‍ ഒരാള്‍ മരണമടയുന്നു. ഇന്ത്യയില്‍ സ്ത്രീകളില്‍ ഉണ്ടാകുന്ന അര്‍ബുദത്തില്‍ 27 ശതമാനവും സ്തനാര്‍ബുദമാണ്. 22.9 ശതമാനം ഗര്‍ഭാശയദള കാന്‍സര്‍ മൂലമാണെന്നുമാണ് പഠനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."