ജി.എസ്.ടിയിലേക്കു മാറാന്‍ സംസ്ഥാനം തയാറെടുത്തു: മന്ത്രി ഐസക്
തിരുവനന്തപുരം: ജി.എസ്.ടിയിലേക്കു മാറാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ തയാറെടുപ്പുകളും നടത്തിയതായി ധനമന്ത്രി ടി.എം തോമസ് ഐസക്. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതടക്കമുള്ള തയാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞതായി ധനകാര്യ ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.
വാറ്റായാലും ജി.എസ്.ടിയായാലും സംസ്ഥാനത്തിന്റെ നികുതി അധികാരം നഷ്ടമാകും. എന്നാല്‍ ജി.എസ്.ടി വരുന്നതോടെ നമ്മുടെ നികുതി വരുമാനം ഗണ്യമായി കൂടും. ജി.എസ്.ടി വ്യവസ്ഥപ്രകാരം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന 50,000 രൂപയ്ക്കു മുകളില്‍ വിലയുള്ള സാധനങ്ങള്‍ക്കെല്ലാം അതു വാങ്ങുന്നിടത്ത് നികുതി അടച്ച് സ്വന്തംവിലാസത്തില്‍ റജിസ്റ്റര്‍ ചെയ്ത് നെറ്റ്‌വര്‍ക്കില്‍ അപ്‌ലോഡ് ചെയ്യണം. അതിനു താഴെ വിലയുള്ളത് സ്വന്തം ആവശ്യത്തിനെന്ന പേരില്‍ നികുതിയില്ലാതെ കൊണ്ടുവരാം.
നികുതി സാധനം എത്തിച്ചേരുന്ന സംസ്ഥാനത്തിനു ലഭിക്കും. നികുതി വെട്ടിച്ച് ഊടുവഴികള്‍ വഴി സാധനങ്ങള്‍ കൊണ്ടുവരുന്നത് തടയാനാകും. ഊടുവഴികളില്‍ കാമറ സ്ഥാപിച്ചാല്‍ വണ്ടിയിലുള്ള സാധനങ്ങള്‍ അവിടെ നിന്ന് നികുതി വെട്ടിച്ചു കൊണ്ടുവരുന്നതാണെന്ന വിവരം ലഭിക്കുകയും ആ വിവരം നമ്മുടെ പരിശോധനാ സ്‌ക്വാഡുകള്‍ക്കു ലഭിക്കുകയും ചെയ്യും. ജി.എസ്.ടിയുടെ പേരില്‍ അതിര്‍ത്തിയിലെ ചെക്‌പോസ്റ്റുകള്‍ തല്‍ക്കാലം ഒഴിവാക്കില്ല. ചെക്‌പോസ്റ്റുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നവീകരിക്കും. ഇവിടെ വിജിലന്‍സ് നിരീക്ഷണം കര്‍ശനമാക്കും.
ബജറ്റില്‍ ലക്ഷ്യമിട്ട നികുതി വര്‍ധന ഉണ്ടായിട്ടില്ല. പകുതി മാത്രമാണ് ഉണ്ടായത്. 6,000 കോടി രൂപയുടെ നികുതി കുടിശ്ശിക ഉണ്ടെന്ന് പലരും ചൂണ്ടിക്കാട്ടിയത് ശരിയല്ല. യഥാര്‍ഥത്തില്‍ 3,000 കോടിക്കും 4,000 കോടിക്കും ഇടയിലാണ് കുടിശ്ശിക. ഇതു പിരിച്ചെടുക്കും. പെട്രോളിനും ഡീസലിനും വില കൂടുന്നതിനനുസരിച്ച് സംസ്ഥാനത്തിന്റെ നികുതി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല. ആസ്തി വികസന ഫണ്ട് വിനിയോഗിക്കുന്നതിന് ജില്ലാ തലത്തില്‍ തന്നെ സംവിധാനമുണ്ടാക്കും. ഇതുപയോഗിച്ച് നിര്‍മിക്കുന്ന സ്‌കൂള്‍, ആശുപത്രി കെട്ടിടങ്ങള്‍ പ്ലാനുമായി ഒത്തുപോകുന്നതാണെന്ന് ഉറപ്പുവരുത്തുന്നത് നിര്‍ബന്ധമാക്കും.
ജി.എസ്.ടി വരുന്നതോടെ അന്യ സംസ്ഥാന ലോട്ടറികള്‍ സംസ്ഥാനത്തു വരുന്നത് തടയാനാവാത്ത അവസ്ഥ വരും. ഇതൊഴിവാക്കാനാണ് ലോട്ടറിക്ക് 28 ശതമാനം നികുതി ചുമത്തണമെന്ന നിലപാട് സംസ്ഥാനം സ്വീകരിച്ചത്. വ്യാവസായിക ഉല്‍പന്നങ്ങള്‍ക്ക് നികുതി ഇല്ലാതായാല്‍ ആ വ്യവസായം തകരുന്ന സാഹചര്യമുണ്ടാകുമെന്നതാണ് ജി.എസ്.ടിയുടെ പ്രത്യേകത.
പത്രങ്ങള്‍ക്കു നികുതി ചുമത്തണമെന്ന് പത്രസ്ഥാപനങ്ങള്‍ തന്നെ ആവശ്യപ്പെട്ടത് അതുകൊണ്ടാണ്. പത്രങ്ങള്‍ക്ക് അഞ്ചു ശതമാനം നികുതിയായിരിക്കും ചുമത്തുക. ടൂര്‍ ഓപ്പറേറ്റര്‍മാരുടെ നികുതി ഇനത്തിലും സംസ്ഥാനത്തിന് കൂടുതല്‍ വരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."