എ.ഡി.ബി: നഗരസഭകളില്‍ നടപ്പാക്കിയ പദ്ധതികള്‍ പാതിവഴിയില്‍
തിരുവനന്തപുരം: എ.ഡി.ബി സഹായത്തോടെ സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും നടപ്പാക്കിയ പദ്ധതികള്‍ പാതിവഴിയില്‍ മുടങ്ങിയെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. അഞ്ചു കോര്‍പറേഷനുകളില്‍ നടപ്പാക്കിയ, സുസ്ഥിര നഗരവികസന പദ്ധതിയില്‍ ഏറ്റെടുത്ത 24 പദ്ധതികളില്‍ പൂര്‍ത്തിയാക്കാനായത് ഏഴെണ്ണം മാത്രമെന്ന് 2016 മാര്‍ച്ച് 31 വരെയുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
പദ്ധതിക്കാലയളവ് നാലു വര്‍ഷം നീട്ടിക്കൊടുത്തിട്ടും വായ്പാ തുകയുടെ 51.48 ശതമാനം മാത്രമാണ് കോര്‍പറേഷനുകള്‍ക്ക് നേടിയെടുക്കാനായത്. ബാക്കി തുക പാഴായി. 53 മുനിസിപ്പാലിറ്റികളില്‍ അടിസ്ഥാനസൗകര്യ വികസനത്തിനായി നടപ്പാക്കിയ പദ്ധതികള്‍ക്ക് തദ്ദേശവികസന ഫണ്ടണ്ട് പ്രവര്‍ത്തനസജ്ജമാക്കാത്തതിനാല്‍ 67.50 കോടിയുടെ എ.ഡി.ബി വായ്പ നഷ്ടമായി. ബാങ്ക് കൃത്യസമയത്ത് അറിയിപ്പു നല്‍കിയിട്ടും പൂര്‍ത്തീകരിക്കാന്‍ സാധ്യതയില്ലാത്ത പദ്ധതികള്‍ക്കുള്ള വായ്പ റദ്ദാക്കുന്നതില്‍ വീഴ്ച സംഭവിച്ചതിനാല്‍ 43.68 കോടി ബാങ്കിനു പിഴയായി നല്‍കേണ്ടണ്ടിവന്നു. കോര്‍പറേഷനുകള്‍ കൃത്യമായി ഫണ്ടണ്ട് നല്‍കാത്തതിനാല്‍ സര്‍ക്കാര്‍ ചെലവഴിച്ച 50.67 കോടി തിരികെ നല്‍കാനുണ്ടണ്ട്. 330.12 കോടിയുടെ 15 കരാറുകളില്‍ ഇനിയും പൂര്‍ത്തിയാവാത്ത അഴുക്കുചാല്‍ നിര്‍മാണ ഘടകത്തിന്റെ നടത്തിപ്പ് കാര്യക്ഷമമായില്ല.
കൊല്ലത്ത് അഴുക്കുചാല്‍ പദ്ധതികള്‍ക്ക് 10 ശതമാനത്തിനു പകരം 73 ശതമാനം ക്രമരഹിതമായി വര്‍ധനവ് അനുവദിച്ചതുവഴി 3.85 കോടിയുടെ ക്രമരഹിത വേതന വിതരണം നടന്നു.
തിരുവനന്തപുരം കോര്‍പറേഷനിലെ കരാറുകാരനില്‍നിന്ന് നഷ്ടപരിഹാരമായി ശേഖരിച്ച 1.62 കോടി കൂടി തിരികെകൊടുക്കാനുള്ള എംപവേര്‍ഡ് കമ്മിറ്റിയുടെ തീരുമാനം കരാര്‍ വ്യവസ്ഥകളുടെ ലംഘനമാണ്.
നഗരവാസികളുടെ സാമ്പത്തികസ്ഥിതിയും ജീവിതനിലവാരവും മെച്ചപ്പെടുത്താനുള്ള 1422.50 കോടിയുടെ പദ്ധതിയില്‍ 995.40 കോടി രൂപ എ.ഡി.ബി വായ്പയായും ബാക്കി തുകയായ 269.1 കോടി സംസ്ഥാന സര്‍ക്കാരും 158 കോടി കോര്‍പറേഷനുകളും നല്‍കണമെന്നാണ് വ്യവസ്ഥ. 2007 ഫെബ്രുവരി എട്ടിനു പ്രാബല്യത്തില്‍വന്ന വായ്പയ്ക്ക് അഞ്ചു വര്‍ഷത്തെ അവധി കാലയളവ് ഉള്‍പ്പെടെ 25 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. 2012 ജൂണ്‍ 30ന് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട പദ്ധതി 2016 ജൂണ്‍ 30 വരെ നീട്ടുകയായിരുന്നു.
പുനരധിവാസ പദ്ധതികള്‍ നടപ്പാക്കുന്നതിലെ പാളിച്ചകള്‍ കാരണം കൊല്ലം റോഡ് മെച്ചപ്പെടുത്താന്‍ നല്‍കിയ 13.10 കോടിയുടെ വായ്പ ബാങ്ക് തിരിച്ചുപിടിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ആര്‍ജിച്ച 37.46 കോടിയുടെ ആസ്തി ഉപയോഗശൂന്യമായി.
ഇടയ്ക്കു നിര്‍ത്തിവച്ചതോ നടക്കുന്നതോ ആയ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്ക് 19.46 കോടി മുന്‍കൂര്‍ നല്‍കിയത് തിരിച്ചുപിടിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."