സ്ഥാനാര്‍ഥിയാകാന്‍ ആളില്ല!
സ്വന്തം ലേഖകന്‍
ആലപ്പുഴ: മത്സരിക്കാന്‍ ആളുള്ളിടത്ത് തമ്മിലടി, അല്ലാത്തിടങ്ങളില്‍ പേരിന് പോലും ആളില്ല. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണി തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിടുന്ന പ്രതിസന്ധിയാണിത്. ഇടതു, വലതു മുന്നണികള്‍ പ്രചാരണരംഗത്ത് സജീവമായിട്ടും എന്‍.ഡി.എയ്ക്ക് വേണ്ടി മത്സരിക്കാന്‍ ആളില്ലാത്ത മൂവായിരത്തോളം സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഘടകകക്ഷികളില്‍ പ്രധാനപ്പെട്ട ബി.ഡി.ജെ.എസ് തുടക്കത്തില്‍ നാല്‍പത് ശതമാനം സീറ്റ് ആവശ്യപ്പെട്ടു രംഗത്തു വന്നെങ്കിലും സാമ്പത്തിക ബാധ്യതയും മത്സരിച്ചു കെട്ടിവെച്ച പണം നഷ്ടപ്പെടുമോയെന്ന ആശങ്കയും കാരണം പിന്തിരിഞ്ഞു. ഇതാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്.
ബി.ജെ.പിയിലെ ഗ്രൂപ്പ് പോര് പരസ്യമായതോടെ പ്രവര്‍ത്തകരുള്ള മേഖലകളിലും മത്സരിക്കാന്‍ ആളെ കിട്ടാത്ത അവസ്ഥയിലാണ്. ചിലയിടങ്ങളില്‍ സ്വതന്ത്രരെ പിന്തുണച്ചാണ് തടിയൂരിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തില്‍ ഒന്‍പത് ജില്ലയിലായി ആകെ 17 സീറ്റില്‍ മാത്രമേ ബി.ഡി.ജെ.എസ് മത്സരിക്കുന്നുള്ളു. കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും നാമമാത്ര സീറ്റില്‍ മാത്രമാണ് ബി.ഡി.ജെ.എസ് സാന്നിധ്യം. രാജ്യം ഭരിക്കുന്ന ദേശീയ കക്ഷിയായ ബി.ജെ.പിക്ക് വഴങ്ങാതെ നില്‍ക്കുന്ന മേഖലകള്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമുണ്ട്. പല സ്ഥലങ്ങളിലും കോണ്‍ഗ്രസില്‍ സീറ്റുകിട്ടാതെ ബി.ജെ.പിയിലേക്ക് ചേക്കേറിയവരെയാണ് മത്സരിപ്പിച്ചിരിക്കുന്നത്.
മലബാറില്‍ സ്ഥാനാര്‍ഥി
ക്ഷാമം രൂക്ഷം
തങ്ങളുടെ ശക്തി കേന്ദ്രമാണ് കാസര്‍കോട് എന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എന്നാല്‍ ജില്ലയില്‍ എട്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലുള്‍പ്പെടെ 116 വാര്‍ഡില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ഥികളില്ല. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ 13 ഡിവിഷനില്‍ എട്ടില്‍ മാത്രമാണ് സ്ഥാനാര്‍ഥികള്‍. മൂന്ന് നഗരസഭയില്‍ കാസര്‍കോട് 15 ലും കാഞ്ഞങ്ങാട് 10 ലും നീലേശ്വരത്ത് 12 വാര്‍ഡിലും സ്ഥാനാര്‍ഥികളില്ല. എട്ടു ഗ്രാമ പഞ്ചായത്തുകളിലും പാര്‍ട്ടിക്ക് സ്ഥാനാര്‍ഥി ദാരിദ്രമുണ്ട്. കണ്ണൂര്‍ ജില്ലയില്‍ തദ്ദേശ വാര്‍ഡില്‍ 337 ഇടത്ത് ബി.ജെ.പിക്ക് സ്ഥാനാര്‍ഥികളില്ല.
71 ഗ്രാമപഞ്ചായത്തിലെ 243 വാര്‍ഡിലും 11 ബ്ലോക്ക് പഞ്ചായത്തിലെ 149 ല്‍ 15 ഡിവിഷനിലും എട്ട് നഗരസഭയിലെ 289ല്‍ 79 വാര്‍ഡിലുമാണ് സ്ഥാനാര്‍ഥികളില്ലാത്തത്. കോഴിക്കോട് ജില്ലയില്‍ എട്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡിലും രണ്ട് നഗരസഭാ വാര്‍ഡിലും ബി.ജെ.പി സ്ഥാനാര്‍ഥികളില്ല. വയനാട് 74 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളില്ല. ആകെയുള്ള 23 പഞ്ചായത്തുകളില്‍ 44 വാര്‍ഡുകളിലും നഗരസഭകളില്‍ 25 വാര്‍ഡിലും ആരും മത്സരിക്കാനില്ല. മലപ്പുറത്ത് 700 ഓളം വാര്‍ഡുകളില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ഥികളില്ല. 223 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ 33 സീറ്റുകളിലും 12 നഗരസഭയിലെ 251 വാര്‍ഡിലും സ്ഥാനാര്‍ഥികളില്ല. 94 പഞ്ചായത്തിലെ 1778 വാര്‍ഡില്‍ 416 വാര്‍ഡിലും മത്സരിക്കാന്‍ ആളില്ല. പാലക്കാട് 1,490 വാര്‍ഡില്‍ 395 ലും ബി.ജെ.പിക്ക് സ്ഥാനാര്‍ഥികളില്ല. പട്ടാമ്പി നഗരസഭയില്‍ എട്ടു വാര്‍ഡിലും ചിറ്റൂര്‍ നഗരസഭയില്‍ ഏഴ് വാര്‍ഡിലും മത്സരിക്കാനാരുമില്ല.
മറ്റിടങ്ങളിലും വിഭിന്നമല്ല
കൊച്ചി കോര്‍പറേഷനില്‍ മൂന്ന് ഡിവിഷനുകളിലും എറണാകുളം ജില്ലാ പഞ്ചായത്ത് ഉദയംപേരൂര്‍ ഡിവിഷനിലും എന്‍.ഡി.എയ്ക്ക് സ്ഥാനാര്‍ഥികളില്ല. ബി.ഡി.ജെ.എസ് ഒപ്പമുണ്ടായിട്ടും കുട്ടനാട്ടില്‍ മാത്രം 36 സീറ്റുകളില്‍ സ്ഥാനാര്‍ഥികളില്ല. ആലപ്പുഴയില്‍ നഗരസഭയില്‍ അഞ്ചു വാര്‍ഡിലും സ്ഥാനാര്‍ഥിയെ കിട്ടിയില്ല. കോട്ടയത്ത് 204 മുനിസിപ്പല്‍ വാര്‍ഡില്‍ ബി.ജെ.പി മത്സരിക്കുന്നത് 139 സീറ്റില്‍.
ഇതില്‍ 77 വാര്‍ഡിലും സ്വതന്ത്രരെ പിന്തുണയ്ക്കുകയാണ്. പാലാ നഗരസഭയില്‍ ഏഴിടത്തു മാത്രമാണ് ബി.ജെ.പി സ്ഥാനാര്‍ഥികള്‍. നിലവില്‍ രണ്ട് അംഗങ്ങളുണ്ടായിരുന്ന രാമപുരത്ത് ഇക്കുറി നാലിടത്ത് സ്ഥാനാര്‍ഥികളില്ല. പത്തനംതിട്ട ജില്ലയില്‍ അടൂരില്‍ ഒന്‍പത് വാര്‍ഡിലും ചില ബ്ലോക്ക് പഞ്ചായത്തു ഡിവിഷനുകളിലും സ്ഥാനാര്‍ഥികളില്ല. ഇടുക്കിയില്‍ അടിമാലി ബ്ലോക്കില്‍ മൂന്ന് സീറ്റിലും തൊടുപുഴ ബ്ലോക്കില്‍ രണ്ട് സീറ്റിലും സ്ഥാനാര്‍ഥികളില്ല. നഗരസഭകളിലും പൂര്‍ണമായും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.
കൊല്ലത്ത് പുനലൂര്‍ നഗരസഭയിലെ ഏഴ് വാര്‍ഡിലും ബി.ജെ.പിക്ക് സ്ഥാനാര്‍ഥിയില്ല. പരവൂര്‍, കരുനാഗപ്പള്ളി എന്നീ നഗരസഭകളിലും കൊട്ടാരക്കരയിലും മൂന്നു വീതം വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. തിരുവനന്തപുരത്ത് കുളത്തൂര്‍ പഞ്ചായത്തില്‍ എന്‍.ഡി.എയ്ക്ക് സ്ഥാനാര്‍ഥിയേയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."