തലസ്ഥാന നഗരിയില്‍ ആധിപത്യം തുടരാന്‍ എല്‍.ഡി.എഫ്; മുന്നേറാന്‍ യു.ഡി.എഫും ബി.ജെ.പിയും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന പോരാട്ടം നടക്കുന്ന ഇടങ്ങളിലൊന്നാണ് തിരുവനന്തപുരം കോര്‍പറേഷന്‍. യുവാക്കളെയും പുതുമുഖങ്ങളെയും രംഗത്തിറക്കി നിലവിലെ ആധിപത്യം തുടരാന്‍ എല്‍.ഡി.എഫ് കിണഞ്ഞു ശ്രമിക്കുമ്പോള്‍ നിലവിലുള്ള രണ്ടാം സ്ഥാനത്തു നിന്ന് മുന്നേറാന്‍ ബി.ജെ.പിയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്ക് പകരം ചോദിക്കാന്‍ യു.ഡി.എഫും അരയുംതലയും മുറുക്കി രംഗത്തുണ്ട്. നൂറു സീറ്റുകളുള്ള തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍.ഡി.എഫ്- 43 , ബി.ജെ.പി- 35, യു.ഡി.എഫ് - 21, സ്വതന്ത്രന്‍- ഒന്ന് എന്നിങ്ങനെയായിരുന്നു കഴിഞ്ഞ പ്രാവശ്യത്തെ തെരഞ്ഞെടുപ്പ് ഫലം.
ഇത്തവണ പുതുമുഖങ്ങള്‍ കൂടുതലായി തെരഞ്ഞെടുപ്പ് വേദിയില്‍ എത്തിയിരിക്കുന്നുവെന്നതാണ് പ്രത്യേകത. ബിരുദം, ബിരുദാനന്തര ബിരുദം, എം.ഫില്‍, എഞ്ചിനീയറിങ്, ബി.ഡി.എസ്, എല്‍.എല്‍.ബി തുടങ്ങിയ യോഗ്യതയുള്ള ചെറുപ്പക്കാരൊക്കെ കോര്‍പറേഷനില്‍ മത്സരരംഗത്തുണ്ട്. യുവാക്കളുടെ വോട്ട് നിര്‍ണായകമാകുന്നതിനാലാണ് പ്രായമായവരെ പരമാവധി കുറച്ച് യുവമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നത്. സി.പി.എമ്മിന്റെ 70 സ്ഥാനാര്‍ഥികളില്‍ 22 പേര്‍ യുവാക്കളാണ്. യുവാക്കളുടെ കാര്യത്തില്‍ യു.ഡി.എഫും ബി.ജെ.പിയും ഒട്ടും പിന്നിലല്ല.
അപരര്‍ വന്നു; പേരു മാറ്റി
തിരുവനന്തപുരം: അപരരുടെ ഭീഷണി മൂലം തിരുവനന്തപുരം കോര്‍പറേഷനിലെ രണ്ടു സ്ഥാനാര്‍ഥികള്‍ പേരു മാറ്റി രക്ഷപ്പെട്ടു. വഞ്ചിയൂര്‍ വാര്‍ഡിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ഗായത്രി തന്റെ പേര് ഗായത്രി എസ്. നായര്‍ എന്നാക്കി.
മൂന്നു റൗണ്ട് പ്രചാരണം നടത്തിയ ശേഷമാണ് ഗായത്രി എന്ന പേരില്‍ ഒരു അപര രംഗത്തുള്ളത് ശ്രദ്ധയില്‍പെട്ടത്. പിന്നൊന്നും നോക്കിയില്ല പേരു മാറ്റി.
ഇതേ വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ഥി ജയലക്ഷ്മിക്ക് മറ്റു രണ്ടു ജയലക്ഷ്മിമാര്‍ അപരകളായി എത്തിയതോടെ ജയലക്ഷ്മി മാളവിക ജയലക്ഷ്മി എന്ന് പേരു മാറ്റേണ്ടി വന്നു. അപരകളെത്തിയിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുലുങ്ങിയിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെയാണ് പേരുകള്‍ മാറ്റി നല്‍കിയത്. അപരരുടെ പേരുകള്‍ ആദ്യാക്ഷരത്തിന്റെ ക്രമത്തില്‍ തന്നെയുണ്ടാകുമെന്നും മുന്നണി സ്ഥാനാര്‍ഥികളുടെ പേരിനു സമീപത്തുനിന്ന് ഇതു മാറ്റാനാവില്ലെന്നും കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരുന്നു. ഇതിനെതിരേ ബി.ജെ.പി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
മൂന്നിടത്ത് വോട്ട്;
വി.വി രാജേഷ്
കുരുക്കില്‍
തിരുവനന്തപുരം: കോര്‍പറേഷനിലേക്ക് പൂജപ്പുര വാര്‍ഡില്‍ മത്സരിക്കുന്ന ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷിന് മൂന്നിടത്ത് വോട്ട്.
കഴിഞ്ഞ ദിവസം രണ്ടു തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയില്‍ രാജേഷിന്റെ പേരുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. എന്നാല്‍ രണ്ടു തദ്ദേശ സ്ഥാപനങ്ങളിലുംകൂടി മൂന്നു വാര്‍ഡുകളില്‍ രാജേഷിനു വോട്ടുണ്ടെന്ന വിവരമാണ് പുതുതായി പുറത്തുവന്നത്.
നവംബര്‍ 10ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടിക പ്രകാരം നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെയും തിരുവനന്തപുരം കോര്‍പറേഷനിലെ രണ്ടു വാര്‍ഡുകളിലെയും വോട്ടര്‍പട്ടികയില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ പേരുണ്ട്.
ഒരേസമയം മൂന്നിടത്ത് വോട്ടര്‍പട്ടികയില്‍ പേരുണ്ടെന്ന വിവരം മറച്ചുവച്ചാണ് രാജേഷ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ഇതുചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടി സി.പി.ഐ തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ വരണാധികാരിയായ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."