പോളിങ് സ്റ്റേഷനുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായി പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കുമ്പോള്‍ കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. ഇതു സംബന്ധിച്ച് കമ്മിഷന്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പോളിങ് സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തേണ്ട സജ്ജീകരണങ്ങളെക്കുറിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വോട്ടര്‍മാര്‍ക്ക് പോളിങ് സ്റ്റേഷനു പുറത്ത് ബ്രേക്ക് ദി ചെയിന്റെ ഭാഗമായി ബക്കറ്റ്, മഗ്, സോപ്പ്, വെള്ളം എന്നിവ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. സാമൂഹ്യ അകലം പാലിച്ച് ക്യൂ നില്‍ക്കാന്‍ പ്രത്യേകം അടയാളം മാര്‍ക്ക് ചെയ്യണം. വോട്ടര്‍മാര്‍ ക്യൂ നില്‍ക്കുന്ന സ്ഥലത്ത് ആവശ്യമെങ്കില്‍ തണല്‍ ലഭ്യമാക്കാന്‍ ടാര്‍പോളിന്‍ കെട്ടണം.
വോട്ടെടുപ്പിനു ശേഷം പോളിങ് സ്റ്റേഷനുകളില്‍ അവശേഷിക്കുന്ന പേപ്പറുകളും മറ്റ് വസ്തുക്കളും നീക്കം ചെയ്യാനും അവ നശിപ്പിക്കാനുമുള്ള നടപടി അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ സ്വീകരിക്കേണ്ടതാണ്. പോളിങ് സ്റ്റേഷനുകളില്‍ വോട്ടെടുപ്പ് ദിവസം പഴയതും ഉപയോഗശൂന്യമായതുമായ ജൈവ, അജൈവ വസ്തുക്കള്‍ വെവ്വേറെ നിക്ഷേപിക്കാന്‍ ഓരോ കാരിബാഗുകള്‍ വീതം ലഭ്യമാക്കണം.
പോളിങ് സ്റ്റേഷനുകളായി ഉപയോഗിക്കുന്ന കെട്ടിടത്തില്‍ പ്രവേശിക്കാന്‍ റാമ്പ് സൗകര്യമില്ലെങ്കില്‍ അവ താല്‍കാലികമായി സജ്ജമാക്കണം. കൂടാതെ പോളിങ് സ്റ്റേഷനുകളില്‍ ഉപയോഗിച്ച ബയോമെഡിക്കല്‍ വേസ്റ്റുകളില്‍ മാസ്‌ക്ക്, ഗ്ലൗസ് എന്നിവ വെവ്വേറെ ശേഖരിച്ച് സംസ്‌കരിക്കാന്‍ നടപടി സ്വീകരിക്കണം. പോളിങ് സ്റ്റേഷനുകളായി നിശ്ചയിച്ച സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ നേരിട്ട് പരിശോധിച്ച് വൈദ്യുതി, കുടിവെള്ളം, ഫര്‍ണിച്ചര്‍, ടോയ്‌ലെറ്റ് തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."