സ്‌പെയിനില്‍ റയല്‍ മാഡ്രിഡ്
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ കിരീടം റയല്‍ മാഡ്രിഡ് സ്വന്തം തട്ടകത്തിലെത്തിച്ചു. സീസണിലെ അവസാന ലീഗ് പോരാട്ടത്തില്‍ മലാഗയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് റയല്‍ 33ാം ലീഗ് കിരീടം സ്വന്തമാക്കിയത്. 2012ല്‍ കിരീടം നേടിയ ശേഷം അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റയല്‍ നാട്ടിലെ ചാംപ്യന്‍ പട്ടത്തില്‍ മുത്തമിടുന്നത്. സീസണിലുടനീളം പ്രകടിപ്പിച്ച സ്ഥിരതയുടെ ബാക്കിപത്രമാണ് റയലിന്റെ കിരീട നേട്ടം. സിനദിന്‍ സിദാന്‍ പരിശീലകനെന്ന നിലയില്‍ സ്വന്തമാക്കുന്ന ആദ്യ ലാ ലിഗ കിരീടമാണിത്. കോച്ചായി സ്ഥാനമേറ്റ ആദ്യ സീസണില്‍ ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ സിദാന് യൂറോപ്യന്‍ എലൈറ്റ് കിരീടം നിലനിര്‍ത്താനുള്ള അവസരത്തിനൊപ്പം ലാ ലിഗയും ചാംപ്യന്‍സ് ലീഗും സ്വന്തമാക്കുന്ന പരിശീലകനെന്ന പെരുമയും നേടാനുള്ള സാഹചര്യമാണ് നിലവിലുള്ളത്.
സ്‌പെയിനിലെ കിരീട അവകാശി ആര് എന്നതിന്റെ ഉത്തരം ലഭിക്കാന്‍ അവസാന ദിവസം വരെ കാര്യങ്ങള്‍ നീട്ടി റയലും ബാഴ്‌സലോണയും ഇഞ്ചോടിഞ്ച് പൊരുതിയാണ് ഒന്നും രണ്ടും സ്ഥാനത്ത് മുന്നേറിയത്. അവസാന ദിവസത്തിലെ മത്സരത്തില്‍ റയല്‍ തോറ്റാല്‍ മാത്രം ബാഴ്‌സലോണയ്ക്ക് കിരീടം സ്വന്തമാക്കാമെന്ന നിലയായിരുന്നു. പക്ഷേ മലാഗക്കെതിരായ എവേ പോരാട്ടത്തിന്റെ രണ്ടാം മിനുട്ടില്‍ തന്നെ വല ചലിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയം വ്യക്തമാക്കി. രണ്ടാം പകുതി തുടങ്ങിയ 55ാം മിനുട്ടില്‍ കരിം ബെന്‍സെമ പട്ടിക പൂര്‍ത്തിയാക്കി റയലിന്റെ വിജയം ഉറപ്പുവരുത്തി.
റയല്‍ മലാഗയെ നേരിടുന്ന അതേസമയത്ത് ബാഴ്‌സലോണ സ്വന്തം തട്ടകത്തില്‍ എയ്ബറിനെ നേരിടുകയായിരുന്നു. രണ്ട് ഗോളിന് പിന്നില്‍ നിന്ന് നാണംകെട്ട തോല്‍വി മുന്നില്‍ കണ്ട അവര്‍ പക്ഷേ ശക്തമായ തിരിച്ചുവരവ് നടത്തി 4-2ന് മത്സരം വിജയിക്കുകയായിരുന്നു. കളിയുടെ ഏഴാം മിനുട്ടിലും 61ാം മിനുട്ടിലും ഗോള്‍ വഴങ്ങി ബാഴ്‌സ 63ാം മിനുട്ടില്‍ സെല്‍ഫിലൂടെ ദാനമായി കിട്ടിയ ഗോളില്‍ ലീഡ് കുറച്ചു. പിന്നീട് 73ാം മിനുട്ടില്‍ ലൂയീസ് സുവാരസ് അവര്‍ക്ക് സമനില സമ്മാനിച്ചു. 75, 90 മിനുട്ടുകളില്‍ വല ചലിപ്പിച്ച് മെസ്സി ബാഴ്‌സയ്ക്ക് വിജയമൊരുക്കുകയായിരുന്നു. കളിയുടെ ഒരു ഘട്ടത്തില്‍ മികച്ച ഗോളവസരം പുറത്തേക്ക് അടിച്ചുകളഞ്ഞ് മെസ്സി ദുരന്ത നായകനാകുമെന്ന പ്രതീതിയുണര്‍ത്തിയെങ്കിലും തന്റെ പ്രതിഭയുടെ കയ്യൊപ്പ് ചാര്‍ത്തിയ രണ്ട് സുന്ദരന്‍ ഗോളുകളുമായി സൂപ്പര്‍ താരം കറ്റാലന്‍ പടയ്ക്ക് വിജയം സമ്മാനിച്ചു. സീസണില്‍ 34 മത്സരങ്ങളില്‍ നിന്ന് 37 ഗോളുകളുമായി മെസ്സി ടോപ് സ്‌കോററുമായി.
മറ്റു മത്സരങ്ങളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് 3-1ന് അത്‌ലറ്റിക്ക് ബില്‍ബാവോയേയും സെവിയ്യ 5-0ത്തിന് ഒസാസുനയേയും വിയ്യാറല്‍ 3-1ന് വലന്‍സിയയേയുംപരാജയപ്പെടുത്തി. സെല്‍റ്റ വിഗോ- റയല്‍ സോസിഡാഡ് മത്സരം 2-2ന് സമനില. സ്‌പോര്‍ടിങ് ഗിജോണ്‍, ഒസാസുന, ഗ്രനാഡ ടീമുകള്‍ തരംതാഴ്ത്തപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."