എജ്ജാതി പഹയന്‍!!!
ലണ്ടന്‍: ഈ ലോകകപ്പിലെ താരം ആരെന്ന ചോദ്യത്തിന് ഇതുവരെയുള്ള മത്സരങ്ങളുടെ കണക്കെടുക്കുമ്പോള്‍ ഒറ്റ ഉത്തരമേയുള്ളൂ ബംഗ്ലാദേശ് കടുവ ഷാകിബ് അല്‍ ഹസന്‍. കടുവ എന്ന് പറഞ്ഞ വെറും കടുവ അല്ല ഒരു സിംഹം.
2019 ലോകകപ്പിലെ അവസാന മത്സരത്തില്‍ പാകിസ്താനോടെതിരായി അര്‍ദ്ധ സെഞ്ച്വറിയോടെ 64 റണ്‍സ് നേടിയതോടെ, ഒരു ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്ന താരം എന്ന സച്ചിന്റെ റെക്കോര്‍ഡാണ് ഷാകിബ് (606) മറികടന്നത്. 2003 ലോകകപ്പില്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ നിന്നും 586 റണ്‍സാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സ്വന്തമാക്കിയിരുന്നത്. കൂടാതെ കൂടുതല്‍ തവണ (7 തവണ) അര്‍ദ്ധ സെഞ്ച്വറിയോ അതിലധികമോ റണ്‍സ് നേടുന്ന താരം എന്ന സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പവും എത്തി.
ഐ.സി.സി ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രകടനമാണ് ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ കാഴ്ച വയ്ക്കുന്നത്. 8 ഇന്നിങ്‌സുകളില്‍ നിന്നായി 2 സെഞ്ച്വറികളും 5 അര്‍ദ്ധ സെഞ്ച്വറികളുമുള്‍പ്പെടെ 606 റണ്‍സും ഒപ്പം ഒരു അഞ്ച് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ 11 വിക്കറ്റുകളുമാണ് ഷാകിബിന്റെ ഈ ലോകകപ്പിലെ സമ്പാദ്യം. കഴിഞ്ഞ മത്സരത്തില്‍ 77 പന്തില്‍ 64 റണ്‍സ് നേടിയതോടെ ഷാകിബ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ പിന്തള്ളി (544) റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തി. ആസ്‌ത്രേലിയന്‍ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും (516) ആരോണ്‍ ഫിഞ്ചുമാണ് (504) പട്ടികയില്‍ മൂന്നും നാലും സ്ഥാനത്തുള്ളവര്‍.
ഒരു ലോകകപ്പില്‍ 600 റണ്‍സില്‍ അധികം നേടുന്ന മൂന്നാമത്തെ താരമെന്ന ബഹുമതിയും ഇദ്ദേഹം സ്വന്തമാക്കി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ (673 റണ്‍സ്, 2003)ക്ക് പുറമെ മാത്യൂ ഹെയ്ഡന്‍ ( 659, 2007)നുമാണ് ഈ നേട്ടം കൈവരിച്ച മറ്റു അതുല്യപ്രതിഭകള്‍.
ലോകകപ്പ് ചരിത്രത്തില്‍ ഒരു ടൂര്‍ണമെന്റില്‍ 500 റണ്‍സും 10 വിക്കറ്റും സ്വന്തമാക്കുന്ന ആദ്യ താരം എന്ന നേട്ടവും യുവരാജിന് ശേഷം ലോകകപ്പ് മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറിയും അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.
ഐ.സി.സി ഓള്‍ റൗണ്ടര്‍മാരുടെ പട്ടിക പരിശോധിക്കുകയാണെങ്ങില്‍ എല്ലാ ഫോര്‍മാറ്റിലും അദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഷാകിബിനെ കാണാം. ഏകദിന ഫോര്‍മാറ്റില്‍ ഒന്നാം സ്ഥാനത്തുള്ള ബംഗ്ലാകടുവയുടെ പിന്നില്‍ അഫ്ഗാനിസ്താന്‍ ഓള്‍ റൗണ്ടര്‍ റഷിദ് ഖാനാണുള്ളത്. ടെസ്റ്റിലും ടി 20 ഫോര്‍മാറ്റിലും രണ്ടാം സ്ഥാനത്തുള്ള ഇദ്ദേഹത്തിന് മുന്നില്‍ വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ജൈസണ്‍ ഹോള്‍ഡറും ടി 20 യില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണുള്ളത്. 2015ല്‍ എല്ലാ ഫോര്‍മാറ്റിലും (ടെസ്റ്റ്, ഏകദിനം, ടി 20) ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഓള്‍ റൗണ്ടര്‍ എന്ന റെക്കോര്‍ഡും ഇദ്ദേഹം സ്വന്തമാക്കിയിരുന്നു.
ലോകകപ്പില്‍ ഉള്‍പ്പെടെ പല മത്സരങ്ങളിലും തോല്‍വിയിലേക്ക് കൂപ്പുകുത്തി നിന്ന തന്റെ ടീമിനെ വിജയത്തിലേക്ക് കൈ പിടിച്ചു കയറ്റാന്‍ ഈ ഒറ്റയാള്‍ പോരാളിക്ക് കഴിഞ്ഞിട്ടുണ്ട്. ബംഗ്ലാദേശിന്റെ എക്കാലത്തെയും മികച്ച ക്രിക്കറ്ററും ലോകത്തിലെ മികച്ച ഓള്‍ റൗണ്ടറും ഷാകിബ് തന്നെയാണെന്ന് നിസംശയം പറയാം. അധിമാരും വാഴ്തിപ്പാടാതെ പോയ താരം കൂടിയാണ് ഷാകിബ് അല്‍ ഹസന്‍. ട്രോളന്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു മുറിവേറ്റ സിംഹം. ഒരുപാട് മുറിവേറ്റ സിംഹങ്ങളുടെ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ടൂര്‍ണമെന്റാണ് ഇത്തവണത്തെ ലോകകപ്പ്. ഇനിയും മികച്ച പ്രകടനങ്ങള്‍ ഷാകിബില്‍ നിന്നും നമുക്ക് പ്രതീക്ഷിക്കാം. ഷകിബിന്റെ മികവിനെ പ്രശംസിച്ചുകൊണ്ടുള്ള ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."