നാലുപേര്‍ക്കെതിരേ കാപ്പ ചുമത്തി
തൃശൂര്‍: ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന നാലു പേര്‍ക്ക് കാപ്പ നിയമപ്രകാരം തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് പൊലിസ് വിലക്കേര്‍പ്പെടുത്തി.
കടവി രഞ്ജിത്തിന്റെ സംഘാംഗമായ വടൂക്കര കാഞ്ഞിരംകോട് വീട്ടില്‍ അനില്‍ എന്ന പുല്ലന്‍ അനില്‍, അയ്യന്തോള്‍ കോലോംപറമ്പില്‍ മാഞ്ഞാമറ്റത്തില്‍ വീട്ടില്‍ സാബു വില്‍സണ്‍, ഒളരിക്കര തട്ടില്‍ മെല്‍ജോ, പറവട്ടാനി ചിറയത്ത് വീട്ടില്‍ ജോമോന്‍ എന്നിവര്‍ക്കാണ് വിലക്ക്.
സിറ്റി പൊലിസ് കമ്മിഷണര്‍ യതീഷ്ചന്ദ്രയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റെയ്ഞ്ച് ഐ.ജി എം.ആര്‍ അജിത് കുമാര്‍ ആണ് കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം ജില്ലയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
അനില്‍ എന്ന പുല്ലന്‍ അനില്‍, സാബു വില്‍സണ്‍, മെല്‍ജോ എന്നിവര്‍ക്ക് ഒരു വര്‍ഷവും ജോമോന് ആറു മാസവുമാണ് വിലക്ക്. സന്ദീപിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസ്, ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയില്‍ അരണാട്ടുകര സ്വദേശിയായ ടിജോയ്, ശരത്ത് എന്നിവരെ കോഴിക്കടയില്‍ അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസ്, പണ സംബന്ധമായ തര്‍ക്കത്തിന്റെ പേരില്‍ ഫ്‌ളാറ്റില്‍ കയറി ദേഹോപദ്രവം ഏല്‍പ്പിച്ച കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് പുല്ലന്‍ അനില്‍. കൊഴിഞ്ഞംപാറ സ്വദേശിയായ പ്രഭോഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്, ഷോപ്പിങ്ങ് മാളില്‍ വെച്ചുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ കൂര്‍ക്കഞ്ചേരി സ്വദേശിയായ ഡോക്ടറുടെ ഫ്‌ളാറ്റില്‍ കയറി കൈ തല്ലിയൊടിച്ച കേസ്, വിയ്യൂര്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ടെംപോ ട്രാവലര്‍ കവര്‍ച്ച ചെയ്ത കേസ് എന്നിവയില്‍ പ്രതിയാണ് സാബു വില്‍സണ്‍. മദര്‍ ആശുപത്രിയില്‍ അതിക്രമിച്ച് കയറി ഗുണ്ട സന്ദീപിനെ വധിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് മെല്‍ജോ. ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് വ്യാപാരികള്‍ ഉള്‍പ്പടെയുള്ളവരെ ദേഹോപദ്രവം ഏല്‍പ്പിക്കുക, സ്ത്രീകളെ അക്രമിക്കുക എന്നിങ്ങനെ നിരവധി കേസുകളിലെ പ്രതിയുമാണ് ജോമോന്‍.
വിലക്ക് കാലയളവില്‍ തൃശൂര്‍ ജില്ലയ്ക്ക് പുറത്ത് മാത്രമേ ഇവര്‍ക്ക് താമസിക്കുവാന്‍ കഴിയൂ. വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വിലക്ക് ലംഘിച്ച് ജില്ലയില്‍ പ്രവേശിക്കുന്നത് മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. തൃശൂര്‍ ജില്ലയില്‍ നിയമവിരുദ്ധമായി ഇവരെ താമസിപ്പിക്കുന്നവര്‍ക്കെതിരേയും നിയമനടപടി ഉണ്ടാകുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."