വയോധികയെ ആക്രമിച്ച കേസ്: പ്രതികള്‍ക്ക് മൂന്നു വര്‍ഷം കഠിന തടവും പിഴയും
തൃശൂര്‍: വെള്ളാറ്റഞ്ഞൂരില്‍ വയോധികയെ വീട്ടില്‍ കയറി ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച പ്രതികള്‍ക്ക് മൂന്നു വര്‍ഷം കഠിന തടവും 55,000 രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറു മാസം അധിക തടവ് അനുഭവിക്കേണ്ടി വരും.
തൃശൂര്‍ രണ്ടാം അഡിഷണല്‍ സെഷന്‍സ് ജഡ്ജ് സി. മുജീബ് റഹ്മാനാണ് ശിക്ഷ വിധിച്ചത്. ചൂലിശ്ശേരി കൈപ്പുള്ളി വീട്ടില്‍ ഗോപികൃഷ്ണദാസ്(31), ചൂലിശ്ശേരി കൈപ്പുള്ളി വീട്ടില്‍ രാകേഷ്(33) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
2012 ആഗസ്റ്റ് മാസം പതിനാലിനായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ പ്രതികളുടെ വീട്ടുക്കാരും പരുക്കേറ്റ സ്ത്രീയുടെ വീട്ടുക്കാരും തമ്മില്‍ സ്വത്തു തര്‍ക്കമുണ്ടായിരുന്നു. ആ വിരോധം വെച്ചു വെള്ളാറ്റഞ്ഞൂര്‍ കുടുംബമായി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടിലുണ്ടായിരുന്ന കൈപ്പുള്ളി വീട്ടില്‍ ചന്ദ്രിക(61)യെയും മകന് അരുണ്‍കുമാര്‍ (32)നെയും കൈകൊണ്ട് ഇടിച്ചും കസേരകൊണ്ട് തലയില്‍ അടിച്ചും ഗുരുതരമായി പരുക്കേറ്റതാണ് കേസിനാസ്പദമായ സംഭവം.
എരുമപ്പെട്ട് സബ് ഇന്‍സ്പെക്ടറായിരുന്ന കെ.എം വാസുദേവനാണ് കേസന്വേഷണം നടത്തി കുറ്റപ്പത്രം സമര്‍പ്പിച്ചത്. കേസിലേക്കായി ഒന്‍പതു സാക്ഷികളെ പ്രോസിക്യൂഷന് ഭാഗത്ത് നിന്നും ഹാജരാക്കി. 12 രേഖകളും അടിക്കാനുപയോഗിച്ച കസേരയടക്കം രണ്ടു മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡിഷണല്‍ ഗവണ്മെന്റ് പ്ലീഡര്‍ & പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജോണ്സണ് ടി. തോമസ്, അഭിഭാഷകരായ എം.പി ഷിജു, ഇ.എച്ച് ഹരിപ്രിയ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."