തലശ്ശേരി-വളവുപാറ റോഡ് വഴിമുടക്കാന്‍ വേനല്‍മഴ
മട്ടന്നൂര്‍: തലശ്ശേരി-വളവുപാറ റോഡ് നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നു. കെ.എസ്.ടി.പി റോഡ് പണിയുടെ രണ്ടാം റീച്ചിലെ കളറോഡ് മുതല്‍ ഇരിട്ടി പയഞ്ചേരി വരെയുള്ള ഭാഗത്തിന്റെ ടാറിങ് പ്രവൃത്തിയാണ് ദ്രുതഗതിയില്‍ നടക്കുന്നത്.
പുന്നാട് ഉളിയിലിനിടയില്‍ ഏതാണ്ട് ഒന്നര കിലോമീറ്റര്‍ ടാറിങ് നടന്നു. രണ്ട് ലെയറുകളായി നടക്കുന്ന ടാറിങിന്റെ ഒന്നാംഘട്ടത്തിന്റെ മെക്കാഡം ടാറിങ്ങാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ഇടയ്ക്കിടെ പെയ്യുന്ന മഴ റോഡ്പണിയെ പ്രതികൂലമായി ബാധിച്ചേക്കും. കഴിഞ്ഞ നാലു ദിവസമായി കനത്ത മഴയാണ് ഈ ഭാഗത്ത് പെയ്തത്. ഓവുചാലിനായി മണ്ണുനീക്കം ചെയ്ത ഭാഗങ്ങളില്‍ മഴവെള്ളം ഒലിച്ചെത്തി ചെളി നിറഞ്ഞിരിക്കുകയാണ്.
ടാറിങ് ചെയ്ത ഭാഗത്ത് കനത്തമഴയെ തുടര്‍ന്ന് അരികുഭാഗം അടര്‍ന്നു പോകുന്നുമുണ്ട്. ഇതേ റീച്ചിലെ കലുങ്കു പണിയും കളറോഡ് പാലം, ഉളിയില്‍ പാലം എന്നിവയുടെ പണിയും പൂര്‍ത്തിയായി വരുന്നുണ്ട്. പോസ്റ്റുകള്‍, ലൈനുകള്‍, കേബിള്‍ കണക്ഷന്‍ എന്നിവ മാറ്റിസ്ഥാപിക്കലും ഏതാണ്ട് പൂര്‍ത്തിയായി. കളറോഡ്, ഉളിയില്‍, ഇരിട്ടി, കൂട്ടുപുഴ എന്നീ പാലങ്ങളുടെയും 50 ഓളം വരുന്ന കലുങ്കുകളുടെയും പ്രവൃത്തിയാണ് കളറോഡ് മുതല്‍ കൂടുപുഴ വരെയുള്ള രണ്ടാം റീച്ചിലുള്ളത്.
നിലവിലുള്ള വലിയ നാലുപാലങ്ങള്‍ നിലനിര്‍ത്തിയാണ് പുതിയത് നിര്‍മിക്കുന്നത്. കലുങ്കുകള്‍ മുഴുവനായും പൊളിച്ചാണ് പുനര്‍നിര്‍മിക്കുന്നത്. എരഞ്ഞോളി, മെരുവമ്പായി, കരേറ്റ പാലങ്ങളാണ് ഒന്നാം റീച്ചില്‍ ഉള്‍പ്പെടുക. രണ്ടാം റീച്ചിന്റെ പ്രവര്‍ത്തി ദ്രുതഗതിയില്‍ നടക്കുമ്പോഴും ഒന്നാം റീച്ചിന്റെ പ്രവര്‍ത്തി ഇഴഞ്ഞു നീങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."