കലേഷിന് നാടിന്റെ അന്ത്യാഞ്ജലി
അന്തിക്കാട്: അരിമ്പൂര്‍ നാലാംകല്ല് കായല്‍ റോഡില്‍ അയല്‍വാസിയുടെ വെട്ടേറ്റു മരിച്ച കരിയാറ്റില്‍ കുട്ടന്റെ മകന് കലേഷിന് നാടിന്റെ അന്ത്യാഞ്ജലി.
തെളിവെടുപ്പിനു കൊണ്ടുവന്ന പ്രതിക്കടുത്തേക്ക് അരിവാളുമായി കലേഷിന്റെ അമ്മ പാഞ്ഞടുത്തത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാത്രി അയല്‍വാസിയായ രജീഷാണ് കലേഷിനെ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയെ വെട്ടിയശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സമീപത്തെ വീടുകളില്‍ ചെന്ന് ഇയാള്‍ ഭീഷണി മുഴക്കുകയും ഇതിനിടയില്‍ കലേഷിനെ ഓടിച്ചിട്ട് വെട്ടി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കലേഷിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ വന്‍ ജനാവലി എത്തിയിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും വിങ്ങിപൊട്ടി. ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിനു വെച്ച മൃതദേഹം കാഞ്ഞാണി ആനക്കാട് പൊതു ശ്മശാനത്തില്‍ സംസ്കരിച്ചു. ജനങ്ങളുടെ പ്രതിഷേധം ഭയന്ന് ആളുകള്‍ കുറഞ്ഞസമയം നോക്കിയാണ് അന്തിക്കാട് എസ്.എച്ച്.ഒ പി.കെ. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
പ്രതി എത്തിയ വിവരം അറിഞ്ഞതോടെ ജനങ്ങള്‍ പ്രതിഷേധവുമായെത്തി.
വെട്ടു നടത്തിയ സ്ഥലവും സംഭവങ്ങളും പ്രതി പൊലിസിനോട് വിശദീകരിച്ചു. യാതൊരു ഭാവവ്യത്യാസങ്ങളും ഇല്ലാതെയാണ് ഇയാള്‍ സംഭവങ്ങള്‍ വിശദീകരിച്ചത്. സമീപത്തെ സ്ത്രീകള്‍ ഒച്ച വെച്ചും ആക്രോശിച്ചും പ്രതികരിച്ചു.
മരിച്ച കലേഷിന്റെ വീടിനു മുന്നിലൂടെ പോയ പ്രതി രതീഷിനടുത്തേക്ക് അരിവാളുമായി കലേഷിന്റെ അമ്മ തങ്ക പാഞ്ഞെത്തി. പൊലിസും നാട്ടുകാരും ചേര്‍ന്ന് ഇവരെ പിടിച്ചു മാറ്റുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ ജീപ്പില്‍ കയറ്റി കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."