മണ്ഡലത്തിലെ ഭൂപ്രശ്‌നത്തിന് പരിഹാരം പയ്യന്നൂരില്‍ പട്ടയ മേള 28ന്
പയ്യന്നൂര്‍: ദീര്‍ഘകാലമായി പരിഹാരമാകാതെ കിടക്കുന്ന പയ്യന്നൂര്‍ മണ്ഡലത്തിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുന്നു. സി. കൃഷ്ണന്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് റവന്യു മന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗ തീരുമാനത്തെ തുടര്‍ന്ന് ജില്ലാ ഡെപ്യൂട്ടി കലക്ടര്‍(എല്‍.ആര്‍) വി.പി മുരളീധരനെ പ്രശ്‌ന പരിഹാരത്തിന് ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്തില്‍, മാതമംഗലം, പെരിങ്ങോം, വെള്ളൂര്‍ എന്നിവിടങ്ങളില്‍ യോഗം വിളിച്ചുചേര്‍ത്തു.
വില്ലേജ് ഉദ്യോഗസ്ഥരും സര്‍വേ അധികൃതരും ഭൂമി അളന്ന് തിട്ടപ്പെടുത്തിയ പ്രകാരം ആലപ്പടമ്പ് വില്ലേജിലെ വെളിച്ചംതോട്, കരക്കാട് പ്രദേശത്ത് ദീര്‍ഘകാലമായി പട്ടയം ലഭിക്കാത്തവര്‍ക്ക് പട്ടയം നല്‍കാനും വെള്ളോറ വില്ലേജിലെ പുറവട്ടം കായപ്പൊയില്‍ പ്രദേശത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പട്ടയവും അനുബന്ധ രേഖകളും നല്‍കാനും തീരുമാനമായി.
എരമം വില്ലേജിലെ നികുതി എടുക്കാത്തവരില്‍ അറുപതോളം പേര്‍ക്ക് നികുതി റസീറ്റ് നല്‍കാനും തുടര്‍ന്ന് മറ്റുള്ളവരുടെ കാര്യം പരിഹരിക്കാനും തീരുമാനമായി. പെരിങ്ങോം വില്ലേജിലെ ചിറ്റടി പ്രദേശത്തുള്ളവര്‍ക്ക് പട്ടയം നല്‍കും. പെരിന്തട്ട വില്ലേജിലെ മുതലപ്പെട്ടി പ്രദേശത്തെ പട്ടയം ലഭിച്ചിട്ടും ഭൂമി അളന്നു നല്‍കാത്തവര്‍ക്ക് ഭൂമി അളന്ന് നല്‍കി നികുതി റസീറ്റ് നല്‍കും. വെള്ളൂര്‍ വില്ലേജിലെ കണ്ടോത്ത് കിഴക്കേകൊവ്വല്‍ പ്രദേശത്തെ ഭൂപ്രശ്‌നവും പരിഹരിക്കപ്പെടും. മറ്റ് പ്രദേശങ്ങളിലെ ഭൂപ്രശ്‌നവും പടിപടിയായി പരിഹരിക്കാന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മണ്ഡലത്തിലെ പട്ടയ വിതരണം മന്ത്രി ഇ. ചന്ദ്രശേഖരന്‍ 28ന് രാവിലെ 11ന് മാത്തില്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."