സൂചനാ ബോര്‍ഡുകളില്ല; വട്ടംകറങ്ങി വാഹനയാത്രക്കാര്‍
പൂടൂര്‍: പാലക്കാട്-പൂടൂര്‍ പാതയിലെ കവലകളില്‍ സൂചനാബോര്‍ഡുകളില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പൂടൂരിനു സമീപത്തെ ആനിക്കോടും വാവുള്ളിയാല്‍ ജങ്ഷനിലും മാത്രമാണ് സൂചനാബോര്‍ഡുകള്‍ സ്ഥാപിച്ചത്. എന്നാല്‍ ആനിക്കോട് ജങ്ഷനില്‍ സൂചനാബോര്‍ഡുകളില്ലാത്തത് തച്ചങ്കാട് ഭാഗത്തേക്കു പോകേണ്ട യാത്രക്കാരെ വട്ടംകറക്കുകയാണ്.
വഴിയറിയാത്തതിനാല്‍ പലവാഹനങ്ങളും കോട്ടായി റോഡില്‍പോയി തിരിച്ചുവരേണ്ടസ്ഥിതിയാണ്. ഇതുപോലെത്തന്നെ വാവുള്ളിയാല്‍ കവലയിലെത്തിയാലും യാത്രക്കാര്‍ വട്ടംകറങ്ങും. മങ്കര ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളാണ് സൂചനാബോര്‍ഡുകളില്ലാത്തതിനാല്‍ വഴിയറിയാതെ പോവുന്നത്. പറളി ഭാഗത്തുനിന്നും പൂടൂര്‍ ഭാഗത്തുനിന്നും മങ്കര ഭാഗത്തുനിന്നും നിരവധി വാഹനങ്ങളാണ് ആനിക്കോട് വഴി കുഴല്‍മന്ദത്തേക്കും വാവുള്ളിയാല്‍ വഴി കോട്ടായി ഭാഗത്തേക്കും പോവുന്നത്. എന്നാല്‍ ഈ രണ്ടു കവലകളില്‍ സൂചനാബോര്‍ഡുകളോ കാത്തിരിപ്പുകേന്ദ്രമോ സ്ഥാപിക്കാന്‍ ഭരണസമിതികള്‍ തയ്യാറായിട്ടില്ല.
ഒരു വര്‍ഷം മുന്‍പ് ഈ പാതയില്‍ നവീകരണ പ്രവൃത്തികള്‍ നടത്തിയെങ്കിലും സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ മറന്നുപോയി. പൂടുര്‍-കോട്ടായി റൂട്ടില്‍ പിരായിരി കഴിഞ്ഞാല്‍ പിന്നെ സ്വകാര്യബസുകളുടെ മരണപ്പാച്ചിലാണ്. ചെറിയ കവലകള്‍ക്കു സമീപം സ്പീഡ് ബ്രേക്കുകളോ ഹമ്പുകളോ ഇല്ലാത്തതിനാല്‍ വാഹനാപകടവും പതിവാണ്. പാലക്കാടുനിന്ന് കോട്ടായി ചെമ്പൈ ആശ്രമത്തിലേക്കും ചൂലനൂര്‍ മയില്‍ സങ്കേതത്തിലേക്കുമായി നിരവധി വാഹനങ്ങളാണ് വാവുള്ളിയാല്‍ വഴി കടന്നുപോകുന്നത്.
സൂചനാബോര്‍ഡുകളില്ലാത്ത ഭാഗങ്ങളില്‍ ഇവ സ്ഥാപിക്കുന്നതിനെച്ചൊല്ലി പലപ്പോഴും അധികാരികള്‍ പരസ്പരം പഴിചാരുകയാണ്. പകല്‍ സമയത്ത് തിരക്കുകുറഞ്ഞ കവലയില്‍ ആരോടെങ്കിലും വണ്ടി നിര്‍ത്തി ചോദിക്കാമെങ്കിലും സന്ധ്യമയങ്ങിയാല്‍ വിജനമാകുന്ന ഇത്തരം നാട്ടിന്‍പുറങ്ങളിലെ ചെറിയകവലകളിലെത്തുന്നവര്‍ക്ക് ദുരിതമയമാണ്. ഇത്തരം ഗ്രാമീണമേഖലകളില്‍ വാഹനയാത്ര സുഗമമാക്കുന്നതിനായി സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നാണ് ജനകീയാവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."