കരിമ്പുഴ നെയ്ത്ത് ഗ്രാമത്തിന്റെ ചരിത്രം തേടി വിദ്യാര്‍ഥികള്‍
ശ്രീകൃഷ്ണപുരം: പ്രസിദ്ധമായ കരിമ്പുഴ നെയ്ത്ത് കാണുന്നതിനും അടുത്തുനിന്ന് അനുഭവിക്കുന്നതിനുമായി ഈശ്വരമംഗലം ശ്രീരാമജയം എ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കരിമ്പുഴ നെയ്ത്ത് ഗ്രാമത്തിലേക്ക് പഠനയാത്ര നടത്തി. എഴുപതു പിന്നിട്ട സുന്ദരന്‍ ചെട്ടിയാര്‍ തന്റെ തറിയില്‍ സാരി നെയ്‌തെടുക്കുന്നതും, അറുപതു പിന്നിട്ട ദമ്പതികളായ രംഗപ്പന്‍ ചെട്ടിയാരും പരിമളവും അലങ്കാരപ്പണികളേറെയുള്ള സെറ്റുസാരി നെയ്യുന്നതും, അശോകനും തങ്കപ്പനും നെയ്ത്തില്‍ കവിത വിരിയിക്കുന്നതും കൗതുകത്തോടെ കുട്ടികള്‍ കണ്ടുനിന്നു.
തുടര്‍ന്ന് നെയ്ത്ത് ചെയ്യുന്ന മറ്റു വീടുകളിലും കുട്ടികളെത്തി. നൂലില്‍നിന്ന് വസ്ത്രങ്ങളിലേക്കുള്ള ചലനങ്ങള്‍, നെയ്ത്തുകാരന്റെ സൂക്ഷ്മത, കലാ നൈപുണ്യം, ആത്മ സമര്‍പണം, കഠിനാധ്വാനം എന്നിവയെല്ലാം കണ്ടും ചോദിച്ചും മനസിലാക്കി. വീട്ടമ്മയായ മാണിക്യം മധുരം നല്‍കിയാണ് കുരുന്നുകളെ യാത്രയാക്കിയത്. കുരുന്നുകള്‍ക്ക് ഇത് വേറിട്ട ഒരു പഠനാനുഭവമായിരുന്നു.
ശ്രീകൃഷ്ണപുരം എ.യു.പി സ്‌കൂളിലെ പഴയ നെയ്ത്ത് അധ്യാപകന്‍ കൂടിയായ കെ.എന്‍ സുബ്രഹ്മണ്യന്‍ മാസ്റ്റര്‍, മുന്‍ കരിമ്പുഴ ഗ്രാമപഞ്ചായത്തംഗം ബാലകൃഷ്ണന്‍ എന്നിവര്‍ നെയ്ത്തു ഗ്രാമത്തിന്റെ ചരിത്രത്തെപ്പറ്റി പകര്‍ന്നു നല്‍കി. മുന്‍ഗാമികള്‍ വന്നത് കര്‍ണാടകയിലെ ഹമ്പിയില്‍നിന്നാണെന്നും, ദേവാംഗ ദേവബ്രാഹ്മണ വിഭാഗത്തില്‍പെട്ട ഇവരുടെ പൂര്‍വീകരെ പണ്ട് കോഴിക്കോട് സാമൂതിരിയുടെ അധീനതയിലുള്ള പ്രസിദ്ധമായ കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട രാജ കുടുംബങ്ങള്‍ക്കും അമ്പലവാസികള്‍ക്കും ആവശ്യമായ പുളിയിലക്കര മുണ്ടും മറ്റും നെയ്യുന്നതിന്നായി രാജാവിന്റെ നിര്‍ദേശപ്രകാരം കരിമ്പുഴയലേക്ക് വരുത്തിയതാണെന്നും ഇവര്‍ വിദ്യാര്‍ഥികള്‍ക്കായി ചരിത്രം വിവരിച്ചു.
ചരിത്രം വിശദീകരിച്ചപ്പോള്‍ അവയെല്ലാം എഴുതിവക്കപ്പെടേണ്ടതാണെന്ന തിരിച്ചറിവിലേക്ക് അധ്യാപകരും വിദ്യാര്‍ഥികളും എത്തുകയായിരുന്നു. അങ്ങിനെയാണ് കരിമ്പുഴ നെയ്ത്ത് ഗ്രാമത്തിന്റെ ചരിത്രം എഴുതാനും അതുവഴി പുതിയ തലമുറക്ക് പകര്‍ന്നുനല്‍കാനുമുള്ള പദ്ധതി ശ്രീരാമജയം ഏറ്റെടുത്തത്. ജനുവരിയോടെ പൂര്‍ത്തിയാക്കാനാണ് ഉദേശിക്കുന്നത്. വിദ്യാലയ വികസന സമിതി ചെയര്‍മാന്‍ എം.കെ ദ്വാരകാനാഥന്‍, ഷനൂബ്, സവിത, രജിത, കെ. സുദര്‍ശന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."