അടിയന്തര ധനസഹായ വിതരണം: 1,101 അപേക്ഷകള്‍ കൂടി ലഭിച്ചു
പാലക്കാട്: പ്രളയക്കെടുതിയില്‍ അടിയന്തര ധനസഹായം അവശ്യപ്പെട്ട് 1,101 അപേക്ഷകള്‍ കൂടി ലഭിച്ചു. ഇതില്‍ 49 കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളിലെ ദുരിതബാധിതര്‍ക്കാണ് തുക നല്‍കിയത്. പാലക്കാട് താലൂക്കില്‍നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത്. 754 അപേക്ഷകളാണ് ഇവിടെനിന്നും ലഭിച്ചത്. ആലത്തൂര്‍- 160, പട്ടാമ്പി- 111, ചിറ്റൂര്‍- 32, മണ്ണാര്‍ക്കാട്- 22, ഒറ്റപ്പാലം- 22 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളില്‍നിന്ന് ലഭിച്ച അപേക്ഷകള്‍. വില്ലേജുകളില്‍ ലഭിക്കുന്ന അപേക്ഷയിന്‍മേല്‍ അതത് തഹസില്‍ദാര്‍മാര്‍ അന്വേഷണം നടത്തി അര്‍ഹരാണെന്ന് കണ്ടെത്തിയതിനു ശേഷമാണ് ധനസഹായം അനുവദിക്കുന്നത്.
ആദ്യഘട്ടത്തില്‍ ജില്ലയില്‍നിന്ന് ഇതുവരെ വിതരണം ചെയ്തത് 7,330 കുടുംബങ്ങള്‍ക്കായി 7.33 കോടിയാണ്. 7,420 അപേക്ഷകരില്‍ 7,330 പേര്‍ അര്‍ഹരാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടുകൂടി പാലക്കാട് താലൂക്കില്‍ 1631, ചിറ്റൂരില്‍ 120, ഒറ്റപ്പാലം 1232, മണ്ണാര്‍ക്കാട് 286, ആലത്തൂര്‍ 808, പട്ടാമ്പിയില്‍ 3302 കുടുംബങ്ങള്‍ക്കുമാണ് ധനസഹായം നല്‍കിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സംയുക്തമായാണ് തുക വിതരണം ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."