കുടിവെള്ളവിഹിതത്തില്‍ കുറവ് വരുത്തി ബജറ്റ്
ന്യൂഡല്‍ഹി: ചെന്നൈ നഗരവും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളും കുടിവെള്ളത്തിനായി കേഴുമ്പോള്‍ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനുള്ള വിഹിതത്തില്‍ വന്‍കുറവ് വരുത്തി കേന്ദ്ര ബജറ്റ്. വരള്‍ച്ച ഇത്രത്തോളം രൂക്ഷമല്ലാതിരുന്ന 2017-18 ല്‍ കുടിവെള്ളം, സാനിറ്റേഷന്‍ പദ്ധതികള്‍ക്കായി 23,938 കോടിയുടെ വിഹിതം അനുവദിച്ചിരുന്നെങ്കില്‍ 2019-20 ബജറ്റില്‍ 20,016 കോടിയായി കുറച്ചാണ് സര്‍ക്കാര്‍ ജലസംരക്ഷണത്തിനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
2024 ഓടെ ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും പൈപ്പുവെള്ളമെന്നാണ് നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ച ഹര്‍ ഖര്‍ ജല്‍ പദ്ധതി. എന്നാല്‍, ഇതിനുള്ള അധിക ബജറ്റ് വിഹിതമൊന്നും വകയിരുത്തിയിട്ടില്ല.
കുടിവെള്ള പൊതുശുചിത്വ മന്ത്രാലയം, ജലവിഭവ നദീജല വികസന ഗംഗാ പുനരുജ്ജീവന മന്ത്രാലയം എന്നിവയെ ചേര്‍ന്ന് മോദി സര്‍ക്കാര്‍ ജലശക്തിമന്ത്രാലയമെന്ന പുതിയ മന്ത്രാലയം രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ 2019-20 ലെ ഇടക്കാല ബജറ്റ് മുതല്‍ കുടിവെള്ള പൊതുശുചിത്വ പദ്ധതികള്‍ക്കായുള്ള വിഹിതം സര്‍ക്കാര്‍ കുറച്ചുവരികയാണ്. എന്നാല്‍ ഗംഗാ ശുദ്ധീകരണത്തിനായി 2017-18 ല്‍ 5,313 കോടിയും 2018-19 8,860 കോടിയും നല്‍കിയ സര്‍ക്കാര്‍ പിന്നാലെ വിഹിതത്തില്‍ കുറവ് വരുത്തി. ഗംഗാ ശുദ്ധീകരണത്തിനായി സര്‍ക്കാര്‍ സ്വരൂപിച്ച തുകയില്‍ 18 ശതമാനം മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചതെന്ന് വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."