ആതനാട് മലയിലെ ഉരുള്‍പൊട്ടല്‍ വീടൊഴിയേണ്ടി വന്നവരെ വഞ്ചിച്ചതായി പരാതി
പാലക്കാട്: മഹാപ്രളയത്തില്‍ നെന്മാറ പോത്തുണ്ടി ഡാമിന് സമീപം ആതനാട് മലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വീടൊഴിയേണ്ടി വന്നവരെ റവന്യു ഉദ്യേഗസ്ഥരും ജനപ്രതിനിധികളും ചേര്‍ന്ന്്് വഞ്ചിച്ചതായി പരാതി. ഇവര്‍ക്ക് ഇതുവരെ അടിയന്തര ധനസഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ ലഭിച്ചിട്ടുമില്ല.
ഓഗസ്റ്റ് 16നുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മൂന്ന് വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. 10പേര്‍ മരണപ്പെടുകയും ചെയ്തു. ഒരു വീട് ഭാഗികമായും തകര്‍ന്നിരുന്നു. ഉരുള്‍പ്പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അപകടമുണ്ടായ പ്രദേശത്തെ 11കുടുംബങ്ങളെ ആദ്യം ദുരിതാശ്വാസ ക്യാംപിലും, പിന്നീട് വാടക വീടുകളിലും താമസിപ്പിച്ചിരുന്നു. ഇവരാണ് ഇപ്പോള്‍ വഴിയാധാരമായത്.
ഇവര്‍ക്ക് വീട് വച്ചു നല്‍കുന്നതിനോ നിലവില്‍ താമസിക്കുന്ന വീടിന്റെ വാടക നല്‍കാനോ അധികൃതര്‍ തയാറായിട്ടില്ല. 10,000 രൂപ അഡ്വാന്‍സും 4,000 രൂപവരെ വീട്ടുവാടകയും നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഇവരെ സ്വന്തം വീട്ടില്‍ നിന്നിറക്കി വാടകവീട്ടിലും ഫ്‌ളാറ്റിലുമായി മാറ്റിപ്പാര്‍പ്പിച്ചത്. എന്നാല്‍, മാസം ഒന്നു കഴിഞ്ഞിട്ടും വാടക നല്‍കാനുള്ള തുകപോലും സര്‍ക്കാര്‍ നല്‍കിയില്ല. ഇതേ തുടര്‍ന്ന് പലരും കുടിയിറക്ക് ഭീഷണിയിലാണ്.
1000 രൂപ മാത്രമാണ് ഇവര്‍ക്ക് ഇതുവരെ ലഭിച്ചത്. ഇതുതന്നെ കിട്ടാത്ത കുടുംബവുമുണ്ട്. പഞ്ചായത്തിലും വില്ലേജിലും കയറിയിറങ്ങുകയാണ് പല കുടുംബങ്ങളും. സ്വന്തം സ്ഥലത്തും വീട്ടിലും ഇനി താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് ഇവരെ പറഞ്ഞ് പേടിപ്പിച്ചതും റവന്യൂ, ജിയോളജി അധികൃതരാണ്. ഇപ്പോഴും ഉരുള്‍പ്പൊട്ടിയ മലയില്‍ പലയിടത്തും വിള്ളലുണ്ട്. മലയില്‍ ചിലയിടത്ത്് അനധികൃതമായി ക്വാറികളും പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വന്തം വീട്ടില്‍ ഇനി കഴിയാനുമാവില്ല.
തങ്ങളുടെ വീടിന്റെ കാര്യത്തില്‍ എന്തെങ്കിലും ഒരു പരിഹാരമുണ്ടാക്കണമെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍്, ദുരിതബാധിതരായ കെ.കെ ഇബ്രാഹിം, ബീന ശബരിനാഥ്, എസ്. രാജി, കെ. നാസര്‍, എസ്. ആബിദ, എസ്.ഡി.പി.ഐ നെന്മാറ മണ്ഡലം സെക്രട്ടറി ഫിറോസ് ഖാന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."