ദീപാവലിക്ക് പള്ളിയുടെ ഗേറ്റില്‍ പടക്കം പൊട്ടിക്കുന്നത് തടയാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ദീപാവലി ആഘോഷത്തിനിടെ പള്ളിക്കു മുന്പില് വച്ച് പടക്കം പൊട്ടിക്കുന്നത് തടയാന്‍ ശ്രമിച്ച യുവാവിനെ ഡല്‍ഹി പൊലിസ് അറസ്റ്റ്ചെയ്തു. പത്തുമാസം മുന്‍പ് നടന്ന ഡല്‍ഹി കലാപക്കേസ് ചുമത്തിയാണ് അറസ്റ്റ്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖജൂരി ഖാസ് സ്വദേശി മഹ്ബൂബ് ആലമാണ് അറസ്റ്റിലായത്.
നവംബര്‍ 14ന് ദീപാവലി ദിനത്തില്‍ ഖജൂരി ഖാസിലെ മുസ്ലിം പള്ളിക്ക് മുന്പില് വച്ച് പടക്കം പൊട്ടിക്കുന്നതിനെ മഹ്ബൂബ് ആലം ചോദ്യംചെയ്തിരുന്നു. ഏഴു യുവാക്കളെത്തിയാണ് പള്ളിക്കു മുന്പില് പടക്കം പൊട്ടിച്ചത്. മുസ്ലിംകള്‍ക്കെതിരേ വര്‍ഗീയ മുദ്രാവാക്യങ്ങളും വിളിച്ചായിരുന്നു പടക്കം പൊട്ടിക്കല്‍. മഹ്ബൂബ് ആലമിന്റെ നിര്‍ദേശം മുഖവിലയ്ക്കെടുക്കാതെ യുവാക്കള്‍ പടക്കം പൊട്ടിക്കുന്നത് തുടര്‍ന്നതോടെ അദ്ദേഹം പൊലിസിനെ വിളിച്ചു. ഏതാനും സമയം കഴിഞ്ഞ് പൊലിസ് എത്തി സ്ഥലം സന്ദര്‍ശിച്ചു മടങ്ങിപ്പോവുകയായിരുന്നു. രൂക്ഷമായ അന്തരീക്ഷ മലിനീകരണം കാരണം ഡല്‍ഹി ഉള്‍പ്പെടുന്ന രാജ്യതലസ്ഥാനമേഖലയില്‍ പടക്കം പൊട്ടിക്കുന്നത് ദേശീയ ഹരിത ട്രൈബൂനല് വിലക്കിയിരുന്നു. ഇത് ലംഘിച്ചായിരുന്നു യുവാക്കളുടെ പ്രകോപനപരമായ ആഘോഷം.
ഡല്‍ഹി കലാപത്തിനിടെ സംഘ്പരിവാരിന്റെ ആക്രമണത്തിനിരയായ പ്രദേശങ്ങളിലൊന്നാണ് ഖജൂരി ഖാസ്. ദീപാവലി കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് പത്തുമാസം മുന്‍പ് നടന്ന കലാപക്കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മഹ്ബൂബ് ആലമിനെ അറസ്റ്റ്ചെയ്തത്. നിലവില്‍ മന്‍ഡോളി ഡയിലിലാണ് മഹ്ബൂബ്. പള്ളിയുടെ ഏറ്റവും അടുത്തുള്ള വീടുകളിലൊന്നാണ് മഹ്ബൂബിന്റെത്. മഹ്ബൂബ് അറസ്റ്റിലായതോടെ പ്രദേശത്ത് ഭീതി കൂടിയതായി അദ്ദേഹത്തിന്റെ സഹോദരി പറഞ്ഞു. പള്ളിയുടെ ജനലിലും ഗേറ്റിലും വച്ചായിരുന്നു യുവാക്കള്‍ പടക്കം പൊട്ടിച്ചത്. യുവാക്കളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചപ്പോള്‍ അവര്‍ പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നും സഹോദരി പറഞ്ഞു.
അതേസമയം, ഹരിത ട്രൈബൂനലിന്റെ വിലക്ക് ലംഘിച്ച് പടക്കം പൊട്ടിക്കുകയും വര്‍ഗീയ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്ത യുവാക്കള്‍ക്കെതിരേ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാത്തത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."