പണമിടപാടിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം
ന്യൂഡല്‍ഹി: 50,000 രൂപക്ക് മുകളിലുള്ള പണമിടപാടുകള്‍ക്ക് പാന്‍ കാര്‍ഡിന് പുറമെ ആധാര്‍ കാര്‍ഡും നിര്‍ബന്ധമാക്കി. നേരത്തെ പാന്‍ കാര്‍ഡ് മാത്രമായിരുന്നു ഇതിനായി സ്വീകരിച്ചിരുന്നത്. എന്നാല്‍ പണമിടപാട് സുതാര്യമാക്കുന്നതിനാണ് ആധാര്‍ കാര്‍ഡുകൂടി നിര്‍ബന്ധമാക്കുന്നതെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.
പണമിടപാടുകള്‍ക്കായി ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും പാന്‍ കാര്‍ഡ് നിര്‍ബന്ധമായിരുന്നു. ഇപ്പോള്‍ പാന്‍കാര്‍ഡ് എന്തെല്ലാം ആവശ്യങ്ങള്‍ക്കായാണോ ആവശ്യപ്പെടുന്നത് അവിടെയെല്ലാം ആധാര്‍ കാര്‍ഡും നിര്‍ബന്ധമാണെന്ന് റവന്യൂ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ പറഞ്ഞു.
ബജറ്റില്‍ ആധാറിന് പ്രാധാന്യം നല്‍കുന്നുവെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് പാന്‍ കാര്‍ഡ് വേണ്ട ഇടത്തെല്ലാം ആധാറും നിര്‍ബന്ധമാക്കിയത്.
രാജ്യത്ത് 22 കോടി പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 120 കോടി ജനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡും ലഭിച്ചിട്ടുണ്ട്. പാന്‍ കാര്‍ഡ് ആവശ്യമുള്ളവര്‍ ആദ്യം നേടേണ്ടത് ആധാര്‍ കാര്‍ഡ് ആണ്. ആധാര്‍ നമ്പര്‍ നല്‍കിയെങ്കില്‍ മാത്രമേ പാന്‍ കാര്‍ഡ് ലഭിക്കുകയുള്ളൂ.
പണമിടപാടില്‍ തട്ടിപ്പ് തടയാനും കള്ളപ്പണ ഇടപാടുകള്‍ ഇല്ലാതാക്കാനുമാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതെന്നാണ് റവന്യൂ സെക്രട്ടറി പറയുന്നത്. 50,000 രൂപക്കുമുകളില്‍ നിക്ഷേപിക്കാനോ പിന്‍വലിക്കാനോ പാന്‍ കാര്‍ഡ് വേണമെന്നതുപോലെ ആധാറും നിര്‍ബന്ധമാക്കുകയാണെന്നും അജയ് ഭൂഷണ്‍ പാണ്ഡെ പറഞ്ഞു.
കള്ളപ്പണം തടയല്‍, ഹോട്ടല്‍ അല്ലെങ്കില്‍ വിദേശ യാത്ര എന്നിവയുടെ ബില്ലുകള്‍ മാറല്‍ എന്നിവപോലുള്ള പണമിടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. 10 ലക്ഷത്തിലധികം വിലവരുന്ന വസ്തുവകകള്‍ വാങ്ങുന്നതിനും പാന്‍ നിര്‍ബന്ധമാണ്. ഇതോടൊപ്പമാണ് ആധാറും നിര്‍ബന്ധമാക്കുന്നത്.
വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങള്‍ ആധാറിലൂടെ ലഭിക്കുമെന്നതുകൊണ്ട് ഇടപാടുകള്‍ സുതാര്യമാക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. ഇതിനിടയില്‍ വ്യാജ പാന്‍കാര്‍ഡും കണ്ടെത്തിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് വ്യാപക തട്ടിപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ആധാറും പുതിയ മാനദണ്ഡമായി പരിഗണിക്കാന്‍ തീരുമാനിച്ചത്. പാന്‍ കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡാണ് ചിലര്‍ തിരഞ്ഞെടുക്കുന്നത്. ഓരോരുത്തരുടെയും സൗകര്യം കൂടി പരിഗണിച്ചാണ് ആധാറിനും മുന്തിയ പരിഗണന നല്‍കാന്‍ തീരുമാനിച്ചതെന്നാണ് ധനകാര്യ വകുപ്പും വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."