ഓണത്തിന് വാഴപ്പഴം കിട്ടാക്കനിയാകും
മലയിന്‍കീഴ്: ഉപഭോക്താക്കളുടെ നെഞ്ചില്‍ തീ പടര്‍ത്തി വാഴപ്പഴത്തിന്റെ വില കുതിക്കുന്നു. ഏത്തപ്പഴത്തിന് കിലോയ്ക്ക് 70നും 80നും ഇടയിലാണ് വിപണിവില. രസകദളിക്ക് രൂപ 80. പാളയംകോടന്‍ പോലുള്ള മറ്റ് ചെറു പഴങ്ങള്‍ക്കും കൊടുക്കണം കിലോയ്ക്ക് 40 മുതല്‍. റെക്കോര്‍ഡ് വിലക്കൊപ്പം ക്ഷാമവും നേരിടുന്നുണ്ട്. കടകളില്‍ പഴം കിട്ടാനില്ലാത്ത സ്ഥിതിയാണ്.
തമിഴ്‌നാട്ടില്‍ നിന്നും ജില്ലയിലെ കടകളിലേക്ക് വല്ലപ്പോഴും മാത്രമാണ് വാഴക്കുലകള്‍ എത്തുന്നത്. മുന്‍പ് നാഗര്‍കോവില്‍, തെങ്കാശി എന്നിവിടങ്ങളില്‍ നിന്ന് ലോഡ് കണക്കിന് കുലകളാണ് എത്തിയിരുന്നത്. എന്നാല്‍ കീടനാശിനി ഉപയോഗിക്കുന്നതിനാല്‍ ഇവയോട് ആളുകള്‍ക്കുള്ള താല്‍പര്യം കുറഞ്ഞു. അതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള ലോഡുകളുടെ വരവ് കുറഞ്ഞു. ജില്ലയിലെ വിവിധയിടങ്ങളില്‍ നടന്നുവരുന്ന വാഴക്കൃഷി ഈ കുറവ് പരിഹരിക്കുമായിരുന്നു.പക്ഷേ കഴിഞ്ഞ മാസങ്ങളിലുണ്ടായ ശക്തമായ കാറ്റും പേമാരിയും ഈ പ്രതീക്ഷ തകര്‍ത്തു. ഏക്കറുകണക്കിന് വാഴക്കൃഷിയാണ് ഇതു മൂലം നശിച്ചത്. മൂപ്പെത്തിയതും അല്ലാത്തതുമായ ആയിരക്കണക്കിന് വാഴകള്‍ നിലംപൊത്തി. ഇതോടെ വിപണിയില്‍ വാഴപ്പഴത്തിന് ക്ഷാമമായി. വിലയും കൂടി.
കൃഷിനാശം ഭയന്ന് ഗ്രാമീണ കര്‍ഷകരില്‍ പലരും വാഴ ക്യഷിയില്‍ നിന്നും പിന്മാറിയതും മറ്റൊരു കാരണമാണ്. വാഴക്കൃഷി നടത്തിയിരുന്ന കാട്ടാക്കട, പൂവച്ചല്‍, കള്ളിക്കാട് , മാറനല്ലൂര്‍, മലയിന്‍കീഴ് പഞ്ചായത്തുകളിലെ ഏക്കറുകണക്കിന് ഏലകള്‍ ഇപ്പോള്‍ കപ്പയ്ക്കും പച്ചക്കറികൃഷിക്കും വഴിമാറിയിരിക്കുകയാണ്.
പ്രകൃതി ക്ഷോഭങ്ങളിലും മറ്റും കൃഷി നശിച്ചാല്‍ നാമമാത്ര സഹായം മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കൃഷി ഭവനുകളും വിവിധ ഏജന്‍സികളും വാഴകൃഷിയെ പ്രോല്‍സാഹിപ്പിക്കുന്നുണ്ടെങ്കിലും കര്‍ഷകരിലധികം പേര്‍ക്കും അത് അറിയില്ല.അതേ സമയം ജില്ലാ സഹകരണ ബാങ്കുകളും മറ്റു സഹകരണ സംഘങ്ങളും വാഴക്കൃഷിക്കു വായ്പ നല്‍കാന്‍ മടിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും വിപണിയിലെത്തിച്ചാല്‍ ന്യായമായ വില ലഭിക്കാറില്ലെന്നും പരാതിയുണ്ടണ്ട്.സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലുണ്ടായില്ലെങ്കില്‍ വരുന്ന ഓണത്തിന് പഴം കിട്ടാക്കനിയായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."