സരിത്തും സ്വപ്‌നയും മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റംസ് കസ്റ്റഡിയില്‍
കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സരിത്തിനെയും മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്തശേഷം ഇരുവരെയും ഈമാസം മൂന്നിന് ഉച്ചയ്ക്ക് 1.30 ന് മുന്‍പ് തിരികെ ഹാജരാക്കണമെന്ന നിര്‍ദേശത്തോടെയാണ് എറണാകുളം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സാമ്പത്തിക കുറ്റകൃത്യങ്ങള്‍) കോടതി കസ്റ്റഡിയില്‍ വിട്ടത്.
ആവശ്യമെങ്കില്‍ വൈദ്യ സഹായം ഉറപ്പ് വരുത്തണമെന്നും ശാരീരിക മാനസിക പീഡനമേല്‍പിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലുകള്‍ക്കിടയില്‍ മതിയായ ഇടവേള നല്‍കണം, കസ്റ്റംസ് സൂപ്രണ്ടിന്റെ റാങ്കില്‍ കുറയാത്ത വനിത ഉദ്യോഗസ്ഥയുടെ സാന്നിധ്യത്തില്‍ മാത്രമേ സ്വപ്നയെ ചോദ്യം ചെയ്യാവൂ, അടുത്ത ബന്ധുക്കളുമായി സംസാരിക്കാന്‍ സമയം അനുവദിക്കണമെന്നും നിര്‍ദേശമുണ്ട്. കസ്റ്റംസ് സൂപ്രണ്ട് കെ. സലില്‍ നല്‍കിയ അപേക്ഷയിലാണ് സ്വപ്നയെയും സരിത്തിനെയും കസ്റ്റഡിയില്‍ വിട്ടത്.
യു.എ.ഇ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം തലവനായിരുന്ന ഖാലിദ് മുഹമ്മദലി ഷൗക്രിയെ വിദേശത്തേക്ക് ഡോളര്‍ കടത്താന്‍ സഹായിച്ചെന്ന കുറ്റത്തിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും പ്രതിഭാഗം എതിര്‍ത്തു. ഇതുവരെ നിരവധി ഏജന്‍സികള്‍ പല തവണ ഇരുവരെയും ചോദ്യം ചെയ്ത് സമഗ്ര മൊഴി രേഖപ്പെടുത്തിയതാണ്. ഇതിനേക്കാള്‍ കൂടുതലൊന്നും പറയാനില്ല. അതുകൊണ്ടുതന്നെ ഏഴ് ദിവസത്തെ കസ്റ്റഡി അനാവശ്യമാണെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.
കോണ്‍സുല്‍ ജനറല്‍ ജമാല്‍ അല്‍സാബി, അറ്റാഷെ റാഷിദ് അലി മുസൈഖിരി എന്നിവരും വിദേശ കറന്‍സി ഒളിപ്പിച്ച് വിദേശത്തേക്ക് കടത്തിയതായാണ് വ്യക്തമാകുന്നതെന്ന് കോടതി വ്യക്തമാക്കി. കോള്‍ വിശദാംശങ്ങള്‍, ചാറ്റ് മെസേജുകള്‍ എന്നിവ വീണ്ടെടുത്തതില്‍നിന്ന് പ്രതികളുടെ യാത്രാവിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഇതിലൂടെ പ്രതികള്‍ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചുവെന്ന് വ്യക്തമാണ്.
അവസാനത്തെ ചോദ്യം ചെയ്യലില്‍ പ്രതികളുടെ നിര്‍ണായക വെളിപ്പെടുത്തല്‍ കണക്കിലെടുക്കുമ്പോള്‍ നയതന്ത്ര ബന്ധം നിലനിര്‍ത്താന്‍ അന്വേഷണം വിദേശത്തേക്ക് നീട്ടേണ്ട ആവശ്യകത വ്യക്തമാകുന്നു. സ്വപ്ന 28നും സരിത്ത് 28, 29 തീയതികളിലുമായി നല്‍കിയ മൊഴിയിലും ഉന്നത വ്യക്തികള്‍ക്ക് കുറ്റകൃത്യത്തിലുള്ള പങ്കാളിത്തവും വിദേശ കറന്‍സി കടത്തില്‍ അവരുടെ ബന്ധവും അടങ്ങുന്ന നിര്‍ണായക വിവരങ്ങള്‍ വെളിപ്പെട്ടിട്ടുണ്ടെന്നും കസ്റ്റഡി അനുവദിച്ച് കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."