ഇരിക്കൂര്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് മാറ്റാന്‍ നടപടി തുടങ്ങി
ഇരിക്കൂര്‍: പതിനഞ്ച് വര്‍ഷമായി ഇരിക്കൂര്‍ ബസ്സ്റ്റാന്റിനു സമീപത്തെ കനറാ ബാങ്ക് കെട്ടിടത്തിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് മാറ്റാന്‍ നടപടി തുടങ്ങി.
ഇരിക്കൂറില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള പെരുവളത്ത്പറമ്പ് ജീലാനി നഗറില്‍ ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയരികില്‍ പെട്രോള്‍ പമ്പിനു സമീപത്തെ പുതിയ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്കാണ് മാറ്റുന്നത്. 2003 ല്‍ ഇരിക്കൂറില്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് അനുവദിച്ചപ്പോള്‍ രണ്ട് വര്‍ഷത്തേക്ക് വാടകയൊന്നുമില്ലാതെയാണ് കെട്ടിടം നല്‍കിയത്.
കെട്ടിടത്തിന്റെ വാടക കരാര്‍ ഒക്ടോബര്‍ അഞ്ചോടെ സമാപിക്കുമ്പോഴാണ് കൂടുതല്‍ സൗകര്യങ്ങളോടെയുളള കെട്ടിടത്തിലേക്ക് മാറ്റാന്‍ അധികൃതര്‍ നടപടി ആരംഭിച്ചിരിക്കുന്നത്.
രണ്ട് വര്‍ഷം മുന്‍പ് ഓഫിസ് മാറ്റാന്‍ നടപടിയുണ്ടായിരുന്നെങ്കിലും വിവിധ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ഇരിക്കൂറില്‍ വൈദ്യുതി ഇല്ലാതാവുന്ന പതിവ് പുതിയ ഓഫിസ് മാറ്റലിലൂടെ പരിഹരിക്കാനാവുമെന്നും കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ഇരിക്കൂര്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിനു കീഴില്‍ മലപ്പട്ടം, കുയിലൂര്‍, ബ്ലാത്തൂര്‍, കല്യാട്, ചൂളിയാട്, കണിയാര്‍ വയല്‍ മേഖലകളാണുള്ളത്.
പുതുതായി തുറക്കുന്ന ഓഫിസ് ഈ സ്ഥലങ്ങളുടെ മധ്യഭാഗത്താണെന്നതും സൗകര്യമുണ്ട്. വൈദ്യുതി സെക്ഷന്‍ ഓഫിസ് പെരുവളത്ത് പറമ്പിലേക്ക് മാറ്റുമ്പോള്‍ ഇരിക്കൂര്‍, കല്യാട്, ബ്ലാത്തൂര്‍ മേഖലയിലുള്ള ഗുണഭോക്താക്കളുടെ ബില്‍ തുക അടക്കാനുള്ള പ്രയാസത്തിന് പരിഹാരമുണ്ടാക്കാന്‍ ഇരിക്കൂര്‍ കേന്ദ്രമായി കാഷ് കൗണ്ടര്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. നിലവിലുള്ള കെട്ടിടത്തിന്റെ കാലാവധി കഴിയാറായതിനാല്‍ വാടകയില്‍ 50 ശതമാനം വര്‍ധിപ്പിച്ച് പുതുക്കിത്തരണമെന്ന ഉടമയുടെ അപേക്ഷ വൈദ്യുതി ബോര്‍ഡിന് നല്‍കിയിട്ടുണ്ട്.
വൈദ്യുതോപകരണങ്ങള്‍ സൂക്ഷിക്കാനും ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് വിശ്രമിക്കാനും പുതിയസ്ഥലത്ത് സൗകര്യമൊരുക്കുമെന്നും പെരുവളത്ത്പറമ്പില്‍ വൈദ്യുതി ഉദ്യോഗസ്ഥര്‍ വിളിച്ച ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ ഇന്‍ചാര്‍ജ് സി.കെ രതീഷ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ സി. ദിനേശന്‍, സബ് എന്‍ജിനിയര്‍ വി. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."