ഒന്‍പതു വയസുകാരിയെ ബലാത്സംഗംചെയ്ത കൊലക്കേസ് പ്രതിക്ക് 23 വര്‍ഷം തടവ്
പെരുമ്പാവൂര്‍ : ഒന്‍പതു വയസുകാരിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത കൊലക്കേസ് പ്രതിക്ക് 23 വര്‍ഷം തടവ്. അസം നൗഗാവ് സ്വദേശി അബ്ദുല്‍ ഹക്കീമി(29) നാണ് എറണാകുളം അഡീഷ്ണല്‍ സെക്ഷന്‍ കോടതി (പോക്‌സോ കോടതി) ശിക്ഷ വിധിച്ചത്. 2015 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഭാര്യയെയും കുഞ്ഞിനേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഹക്കീം. അസം സ്വദേശിനിയായ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം പെരുമ്പാവൂരില്‍ വന്നു താമസിക്കുന്ന സമയത്താണ് പീഡനം നടന്നത്.
പെണ്‍കുട്ടിയുടെ മാതാവ് രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചത് പെരുമ്പാവൂര്‍ താലൂക് ആശുപത്രിയില്‍ വച്ചായിരുന്നു. ഇതേസമയം പ്രതിയുടെ ഭാര്യ മഹ്മൂദയും ആശുപത്രിയില്‍ പ്രസവിച്ചു കിടക്കുകയായിരുന്നു. ഇവിടെ വച്ചു പ്രതി പെണ്‍ക്കുട്ടിയുടെ പിതാവുമായി അടുപ്പത്തിലായി. തുടര്‍ന്ന് മഹ്മൂദക് കൂട്ടിനാണെന്നു പറഞ്ഞു പെണ്‍കുട്ടിയെ പ്രതി വട്ടകാട്ടുപടിയിലെ താമസ സ്ഥലത്തേക്കു കൊണ്ടുപോയി നിര്‍ത്തി. ഒരു ദിവസം വൈകിട്ട് പ്രതി കടയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞു പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ട് പോയി. തുടര്‍ന്ന് ഇരിങ്ങോള്‍ ഭാഗത്തെ റബര്‍ തോട്ടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കവെ പെണ്‍കുട്ടി കുതറി ഓടിയെങ്കിലും പ്രതി പിന്തുടര്‍ന്ന് പിടികൂടി കൈയും കാലും തോര്‍ത്തു കൊണ്ട് കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു.
സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും കത്തി കാണിച്ചു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെങ്കിലും പെണ്‍കുട്ടി സംഭവം പ്രതിയുടെ ഭാര്യ മഹ്മൂദയോട് പറഞ്ഞു. ഭാര്യ സംഭവത്തെ ചോദ്യം ചെയ്തതോടെ ഭാര്യയെ മര്‍ദിച്ചു റൂമില്‍ പൂട്ടിയിട്ട ശേഷം പെണ്‍കുട്ടിയെ പ്രതി വീണ്ടും പീഡിപ്പിച്ചു. ഇതിനെ തുടര്‍ന്നുള്ള വഴക്കിനെ തുടര്‍ന്ന് മഹ്മൂദയെയും രണ്ട് മാസം പ്രായമായ കുഞ്ഞിനേയും കൊലപ്പെടുത്തുകയായിരുന്നു.
2015 മെയ് 22നാണ് ഈ കൊലപാതകങ്ങള്‍ നടന്നത്. തുടര്‍ന്ന് 2017ല്‍ പെണ്‍കുട്ടി കോടനാട് സ്‌കൂളില്‍ ചേരുകയും അധ്യാപകരോട് കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. ഭാര്യയേയും കുഞ്ഞിനേയും കൊലപ്പെടുത്തിയ കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് പീഡനക്കേസില്‍ പ്രതിക്ക് ശിക്ഷ ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."