എന്തൊക്കെ ബഹളമായിരുന്നു.... ഒടുവില്‍ എല്ലാം പഴയപടി
കോഴിക്കോട്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് എന്തൊക്കെ ബഹളമായിരുന്നു. മാര്‍ഗരേഖ, സര്‍ക്കുലര്‍, സത്യവാങ്മൂലം, ലെവി, പാര്‍ട്ടി പത്രത്തിന്റെ വരിചേരല്‍.. അവസാനം എല്ലാം പതിവുപോലെയായി.
സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി വിവിധ ഘട്ടങ്ങളില്‍ മൂന്നു സര്‍ക്കുലറുകളാണ് കെ.പി.സി.സി പുറത്തിറക്കിയത്. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് സ്ഥാനാര്‍ഥി നിര്‍ണയം നടന്നത്. സ്ഥാനാര്‍ഥികളെ വാര്‍ഡ് കമ്മിറ്റികളാണ് നിശ്ചയിക്കുകയെന്നായിരുന്നു മാര്‍ഗരേഖയിലെ പ്രധാന നിര്‍ദേശം. എന്നാല്‍ പല വാര്‍ഡുകളിലും ഈ നിര്‍ദേശം അട്ടിമറിച്ചാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. പരാതികള്‍ പരിഹരിക്കാന്‍ പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ തലങ്ങളില്‍ സ്‌ക്രീനിങ് കമ്മിറ്റികള്‍ക്കും രൂപം നല്‍കിയിരുന്നു. എന്നാല്‍ ഈ സമിതികള്‍ നോക്കുകുത്തികളായി.
സീറ്റുകളെല്ലാം ഗ്രൂപ്പുകള്‍ വീതം വച്ചെടുത്തപ്പോള്‍ അര്‍ഹരായ പലരും പുറത്തായി. മാര്‍ഗരേഖ പുറത്തിറക്കിയ കെ.പി.സി.സി നേതൃത്വം തന്നെ സ്വന്തക്കാരെ കെട്ടിയിറക്കി. ഇതോടെയാണ് സീറ്റ് കിട്ടാത്തവരും സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധമുള്ളവരും വിമതരായി രംഗത്തുവന്നത്. ഇപ്പോള്‍ വിമതരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഔദ്യോഗിക സ്ഥാനാര്‍ഥികളേക്കാള്‍ ജനപിന്തുണയുള്ളവരാണ് പല വാര്‍ഡുകളിലെയും റിബലുകള്‍. ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന തിരക്കിലാണ് ഡി.സി.സികള്‍. വിമതരായി മത്സരിക്കുന്നവരെയും അവര്‍ക്കു പരസ്യ പിന്തുണ നല്‍കുന്ന ഭാരവാഹികളെയും ആറു വര്‍ഷത്തേക്കാണ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നത്.
ഇതൊന്നും കാര്യമാക്കാതെ വിമതര്‍ പ്രചാരണ രംഗത്ത് ഉറച്ചുനില്‍ക്കുകയാണ്. ജയിച്ചാല്‍ അധികം വൈകാതെ പാര്‍ട്ടിയില്‍ തിരിച്ചെത്താമെന്നാണ് വിമതരുടെ പ്രതീക്ഷ. ഇനി തോറ്റാലും നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പായി തങ്ങളെ തിരിച്ചെടുക്കുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു.
മുന്‍കാലങ്ങളില്‍ ഇതേ രീതിയാണ് കോണ്‍ഗ്രസില്‍ നടക്കാറുള്ളതെന്നും അതിനാല്‍ പുറത്താക്കല്‍ ഭീഷണി വെറും ഓലപ്പാമ്പാണെന്നും വിമതര്‍ പറയുന്നു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വിമതരായി മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ് നല്‍കില്ലെന്നായിരുന്നു കെ.പി.സി.സി സര്‍ക്കുലറില്‍ വ്യക്തമാക്കിയത്. എന്നാല്‍ പ്രമുഖ നേതാക്കളുടെ സ്വന്തക്കാരായ മുന്‍ വിമതര്‍ ചുളുവില്‍ സീറ്റ് സ്വന്തമാക്കിയതോടെ സര്‍ക്കുലറുകള്‍ക്ക് കടലാസിന്റെ വില പോലുമില്ലാതായി. ജയിച്ചുകഴിഞ്ഞാല്‍ പാര്‍ട്ടി ലെവി നല്‍കുമെന്നും പാര്‍ട്ടി മുഖപത്രത്തിന്റെ ആറു മാസത്തെ വരിക്കാരാകുമെന്നും ഉറപ്പു നല്‍കുന്ന സത്യവാങ്മൂലം എഴുതി നല്‍കുന്നവര്‍ക്കേ പാര്‍ട്ടി ചിഹ്നം അനുവദിക്കൂ എന്നാണ് അവസാനം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞത്. എന്നാല്‍ ചില ജില്ലകളില്‍ മാത്രമാണ് ഇതു നടപ്പായത്. പറയുന്നതൊക്കെ പ്രവര്‍ത്തിക്കുമെന്ന് കരുതാന്‍ ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ലേ എന്നാണ് കോണ്‍ഗ്രസുകാരുടെ ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."