HOME
DETAILS

കെ.എസ്.എഫ്.ഇ: റെയ്ഡിന് പിന്നില്‍ ആരുടെ താല്‍പര്യം?

  
backup
December 01 2020 | 01:12 AM

564165652-2020

 

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെ.എസ്.എഫ്.ഇ) സ്ഥാപനം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന റെയ്ഡിനെത്തുടര്‍ന്നു വിശ്വാസ്യത ചോര്‍ന്ന അവസ്ഥയിലാണ്. റെയ്ഡ് കഴിഞ്ഞ ഉടനെ തന്നെ ഈ രീതിയിലാണ് റെയ്ഡിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ട് ധനകാര്യ മന്ത്രി ടി.എം തോമസ് ഐസക്ക് രംഗത്തുവന്നത്.
ആരുടെ വട്ടാണ് ഇത്തരമൊരു റെയ്ഡിന് വട്ടംകൂട്ടിയതെന്ന ധനമന്ത്രിയുടെ ചോദ്യമുന നീളുന്നത് കരുതുന്നതുപോലെ മുഖ്യമന്ത്രിയിലേക്കല്ല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി തോമസ് ഐസക്കും സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് റെയ്ഡ് വിവരം അറിയുന്നത്. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയും മന്ത്രിമാരും അറിയാതെ നിര്‍ണായക തീരുമാനങ്ങള്‍ മുന്‍പൊരിക്കലും ഇതുപോലെ ഉണ്ടായിട്ടില്ല. അതിനാല്‍ തന്നെ പാര്‍ട്ടിയും ഭരണകൂടവും സങ്കീര്‍ണമായ ഒരവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് മാധ്യമങ്ങളും മറ്റു സംഘടനകളും നടത്തിയ സര്‍വേയില്‍ ഇടത് മുന്നണി സര്‍ക്കാരിന് തുടര്‍ഭരണം പ്രവചിച്ചതായിരുന്നു. എന്നാല്‍ എത്ര പെട്ടെന്നാണ് എല്ലാം കീഴ്‌മേല്‍ മറിഞ്ഞത്. പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നത്തില്‍പോലും സ്ഥാനാര്‍ഥികള്‍ക്ക് മത്സരിക്കാന്‍ ധൈര്യമില്ലാത്ത പരിതാപകരമായ ഒരവസ്ഥയിലാണ് സി.പി.എം ഇന്ന് അകപ്പെട്ടിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ തുടങ്ങി ലൈഫ് മിഷന്‍ പദ്ധതിയിലൂടെ കിഫ്ബിയിലെത്തി നില്‍ക്കുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇനിയെവിടേക്കെന്ന് സന്ദേഹിച്ച് നില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സ് സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനത്തെ കടന്ന് പിടിച്ചിരിക്കുന്നത്.


മുഖ്യമന്ത്രി അറിയാതെ, വിജിലന്‍സ് ഡയരക്ടര്‍ സുധേഷ് കുമാര്‍ അവധിയില്‍പോയ അവസരത്തില്‍ തന്നെ സംസ്ഥാനത്തെ വിശ്വാസ്യത ആര്‍ജിച്ച ഒരു പൊതുസ്ഥാപനത്തില്‍ റെയ്ഡ് നടത്തണമെങ്കില്‍ അതിന് പിന്നില്‍ തീര്‍ച്ചയായും ഗൂഢാലോചനയുണ്ടായിരിക്കണം. ഈ ഗൂഢാലോചനയിലേക്കാണ് സി.പിഎം നേതാവ് ആനത്തലവട്ടം ആനന്ദനും, മന്ത്രി ടി.എം തോമസ് ഐസക്കും സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എം. വിജയരാഘവനും വിരല്‍ ചൂണ്ടുന്നതും.


കേരള സര്‍ക്കാരിന്റെ സമ്പൂര്‍ണ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന, സര്‍ക്കാരിന് ഏറ്റവുമധികം ലാഭമുണ്ടാക്കി കൊടുക്കുന്ന ഒരു സ്ഥാപനത്തെ തകര്‍ക്കേണ്ടത് തീര്‍ച്ചയായും സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചിട്ടി സ്ഥാപനങ്ങളുടെ ആവശ്യമായിരിക്കും. ചിട്ടിഫണ്ട് ഇടപാടില്‍ ചൂഷണവും തട്ടിപ്പും നടത്തി രായ്ക്കുരാമാനം സ്ഥലംവിടുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ ചതിക്കുഴികളില്‍നിന്നും ജനങ്ങളെ മോചിപ്പിക്കാന്‍ ഉദ്ദേശിച്ച് 1969 നവംബര്‍ ആറിന് തുടങ്ങിയ കെ.എസ്.എഫ്.ഇയുടെ വിശ്വാസ്യത തകര്‍ക്കേണ്ടത് ഈ രംഗത്തെ സ്വകാര്യ കുത്തകകളുടെ ആവശ്യമായിരിക്കാം. തുടക്കം മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.എഫ്.ഇ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാരിന് വര്‍ഷംതോറും നല്‍കിക്കൊണ്ടിരിക്കുന്നത്. മുപ്പത്തിമൂന്ന് ലക്ഷത്തിലധികം ഇടപാടുകാരാണ് ഈ സ്ഥാപനത്തെ വിശ്വസിച്ച് പോരുന്നത്. കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തുമ്പോള്‍ വിജിലന്‍സ് ചുമതലയുള്ള മുഖ്യമന്ത്രിയോ കെ.എസ്.എഫ്.ഇ ചുമതലയുള്ള മന്ത്രി തോമസ് ഐസക്കോ അറിഞ്ഞില്ലെന്ന് വരുമ്പോള്‍ റെയ്ഡിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സി.പി.എം നേതാക്കളുടെ ആരോപണം എങ്ങനെയാണ് തള്ളിക്കളയുക. റെയ്ഡില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയെന്നാണ് വിജിലന്‍സ് ഭാഷ്യം. എന്നാല്‍ സി.എ.ജി കണ്ടെത്തിയതിനപ്പുറമൊന്നും വിജിലന്‍സ് കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി തോമസ് ഐസക്ക് തറപ്പിച്ചുപറയുകയും ചെയ്യുന്നു.
ഇടത് മുന്നണി സര്‍ക്കാര്‍ സംസ്ഥാനം ഭരിക്കുമ്പോഴെല്ലാം കടിഞ്ഞാണ്‍ എ.കെ.ജി സെന്ററിന്റെ കൈയിലായിരുന്നുവെന്നത് യാഥാര്‍ഥ്യമാണ്. അതിനാല്‍ തന്നെ മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ വഴിവിട്ട് പ്രവര്‍ത്തിക്കാനും കഴിഞ്ഞിരുന്നില്ല. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും പിണറായി വിജയന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയും ആകുന്നതുവരേയും ഇത് തുടര്‍ന്നു. 2016ല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പാര്‍ട്ടി നേതൃത്വത്തിന്റെ പിടി ഭരണതലത്തില്‍ അയഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാടുകളെ സര്‍വാത്മനാ പിന്താങ്ങുന്ന നിലപാടുകളായിരുന്നു സ്ഥാനം ഒഴിയുന്നതുവരെ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷണന്‍ പിന്തുടര്‍ന്ന് പോന്നിരുന്നത്. പാര്‍ട്ടിയും അതേ നിലവാരത്തിലേക്ക് താഴുകയും ചെയ്തു. വിരമിച്ചവരും അല്ലാത്തവരുമായ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഉപദേഷ്ടാക്കളായി നിയമിച്ചതോടെയാണ് ഇടത് മുന്നണി സര്‍ക്കാരിന്റെ അപചയം പൊതുസമൂഹം മനസിലാക്കി തുടങ്ങിയത്. അങ്ങനെ ഉദ്യോഗസ്ഥരെ കണക്കറ്റ് വിശ്വസിച്ചതിന്റെ തിക്തഫലവും കൂടിയാണ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പ്രവര്‍ത്തനങ്ങളിലൂടെ മുഖ്യമന്ത്രി ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.


കെ.എസ്.എഫ്.ഇ വിജിലന്‍സ് റെയ്ഡ് മുഖ്യമന്ത്രിയുടെ പൊലിസ് ഉപദേഷ്ടാവായ രമണ്‍ ശ്രീവാസ്തവയുടെ അറിവോടെയാണെന്ന ആരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. 'ഓപറേഷന്‍ ബചത്' എന്ന് പേരിട്ട പരിശോധനയുടെ വിവരം വിജിലന്‍സ് നേരത്തെ ശ്രീവാസ്തവയെ അറിയിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ മുഖ്യമന്ത്രിയെ ഒട്ടും അറിയിച്ചതുമില്ല. മുഖ്യമന്ത്രി അറിഞ്ഞപ്പോള്‍ പരിശോധന നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സര്‍വിസ് കാലത്ത് ഗുരുതരമായ ആരോപണങ്ങള്‍ക്ക് വിധേയനായ പൊലിസ് ഓഫിസറായിരുന്നു രമണ്‍ ശ്രീവാസ്തവ. പാലക്കാട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മുസ്‌ലിം ബാലികയെ വെടിവയ്ക്കാന്‍ ഉത്തരവിട്ടതിന്റെ പാപക്കറയുമായാണദ്ദേഹം മുഖ്യമന്ത്രിയുടെ പൊലിസ് ഉപദേഷ്ടാവ് കസേരയില്‍ വന്നിരുന്നത്. വിദ്യാര്‍ഥികളും പാര്‍ട്ടി അംഗങ്ങളുമായിരുന്ന അലനെയും ത്വാഹയേയും മാവോയിസ്റ്റ് മുദ്രയോടെ യു.എ.പി.എ ചുമത്തി ജയിലിലടച്ചതിന്റെ പിന്നിലും രമണ്‍ ശ്രീവാസ്തവയായിരുന്നു. ഇതിനെതിരേ സി.പി.എമ്മില്‍ കടുത്ത എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും മുഖ്യമന്ത്രി രമണ്‍ ശ്രീവാസ്തവയെ കണ്ണടച്ച് വിശ്വസിച്ചിരുന്നതിനാല്‍ പാര്‍ട്ടി ന്യായങ്ങളൊക്കെയും നിരാകരിക്കപ്പെട്ടു. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള കരട് തയാറാക്കിയതിന്റെ പിന്നിലെ കരങ്ങളും ശ്രീവാസ്തവയുടേതായിരുന്നു. ഇപ്പോള്‍ കെ.എസ്.എഫ്.ഇയുടെ വിശ്വാസ്യത തകര്‍ത്ത റെയ്ഡിന് പിന്നിലും രമണ്‍ ശ്രീവാസ്തവയായിരുന്നുവെന്ന് ആരോപിക്കപ്പെടുമ്പോള്‍ ആരുടെ താല്‍പര്യങ്ങളാണ് രമണ്‍ ശ്രീവാസ്തവയെപ്പോലുള്ള ഉപദേഷ്ടാക്കള്‍ സംരക്ഷിക്കുന്നത്. ശ്രീവാസ്തവക്കെതിരേയുള്ള ആരോപണങ്ങള്‍ക്ക് ഉപോല്‍ബലകമായ തെളിവുകളും നിരത്തപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ പൊലിസ് ഉപദേഷ്ടാവാകുന്നതിന് മുന്‍പ് രമണ്‍ ശ്രീവാസ്തവ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സുരക്ഷാ ഉപദേഷ്ടാവായിരുന്നുവെന്നും തല്‍സ്ഥാനത്ത് അദ്ദേഹം ഇപ്പോഴും തുടരുന്നുണ്ടെന്നുമുള്ള വിവരം സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ ഉണ്ടെന്നും പറയപ്പെടുമ്പോള്‍ നിജസ്ഥിതി അന്വേഷിക്കുവാന്‍ മുഖ്യമന്ത്രി ഉത്തരവിടുകയാണ് വേണ്ടത്.


രാഷ്ട്രീയ നിയന്ത്രണം ഭരണകൂടങ്ങള്‍ക്ക് മേല്‍ ഉണ്ടാകുമ്പോള്‍ അതിനെതിരേ വിമര്‍ശനം ഉണ്ടാവുക സ്വാഭാവികം. പക്ഷേ അത്തരം നിയന്ത്രണങ്ങള്‍ ഒരിക്കലും ഭരണകൂടങ്ങളെ അപകടത്തില്‍പ്പെടുത്തുകയില്ല. മുന്‍കാല ഭരണകൂടങ്ങളില്‍നിന്നു വ്യത്യസ്തമായി ഉപദേശി ഉദ്യോഗസ്ഥരെ അമിതമായി വിശ്വസിക്കുകയും പാര്‍ട്ടിയെ അകറ്റിനിര്‍ത്തുകയും ചെയ്തതിന്റെ അനന്തരഫലങ്ങളാണ് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ഒന്നിനുപിറകെ ഒന്നായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ അവസാനത്തേതാണ് ജനവിശ്വാസം തകര്‍ത്ത കെ.എസ്.എഫ്.ഇ റെയ്ഡ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago