നെടുങ്കണ്ടം കസ്റ്റഡി മരണം: ദുരൂഹത വര്‍ധിക്കുന്നു
തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ വര്‍ധിക്കുന്നു. സാമ്പത്തിക തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയും ഫിനാന്‍സ് സ്ഥാപനത്തിന്റെ എം.ഡിയുമായ ശാലിനിയെയും രാജ്കുമാറിനെ മര്‍ദിച്ച കേസില്‍ പ്രതികളായ പൊലിസുകാരെയും കാണാനില്ല.
തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയും ഹരിത ഫിനാന്‍സ് സ്ഥാപനത്തിന്റെ മാനേജറുമായിരുന്ന മഞ്ജുവും ശാലിനിയും ഈ മാസം ഒന്നിന് ജാമ്യത്തിലിറങ്ങിയിരുന്നു. ഇരുവരും ജൂണ്‍ 13 മുതല്‍ കോട്ടയത്തെ വനിതാ ജയിലില്‍ റിമാന്‍ഡിലായിരുന്നു. പിറ്റേന്ന് മാധ്യമപ്രവര്‍ത്തകരെ കണ്ട മഞ്ജു ശാലിനിക്ക് പണം എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് അറിയാമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നിരവധിയിടങ്ങളില്‍ ശാലിനിയെ തിരക്കിയെങ്കിലും കണ്ടെത്താനായിട്ടില്ല.
ഭര്‍ത്താവുമായി അകന്ന് കഴിയുന്ന ശാലിനി നെടുങ്കണ്ടം തൂക്കുപാലത്തെ വാടക വീട്ടിലായിരുന്നു അടുത്ത നാള്‍വരെ താമസം. ഇവിടെയോ ചെങ്ങന്നൂരിലുള്ള ഭര്‍ത്താവിന്റെ വീട്ടിലോ എത്തിയിട്ടില്ല.
ശാലിനിയെ സാമ്പത്തിക തട്ടിപ്പിന് പിന്നിലുള്ള സംഘം അപായപ്പെടുത്തിയതാണോ എന്ന് സംശയിക്കുന്നുണ്ട്. അതേസമയം, ശാലിനിയുടെ ആലപ്പുഴയിലുള്ള ബന്ധുക്കളോ ഭര്‍ത്താവോ ഇതുവരേയും പരാതി നല്‍കിയിട്ടില്ലെന്ന് എ.എസ്.പി മുഹമ്മദ് ഷാഫി പറഞ്ഞു. 10ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇരുവര്‍ക്കും നോട്ടിസ് അയച്ചിട്ടുണ്ട്.
അതേസമയം, മര്‍ദനവുമായി ബന്ധപ്പെട്ട കേസില്‍ നാല് പേര്‍ക്കെതിരേ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം കൊലക്കുറ്റം ചുമത്തിയിരുന്നു.
ഒന്നും നാലും പ്രതികളായ സാബുവിനെയും സജീവനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെയാണ് കേസിലെ രണ്ടും മൂന്നും പ്രതികളും സി.പി.ഒമാരുമായ ഷൈജുമോന്‍, നിയാസ് എന്നിവര്‍ ഒളിവില്‍ പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."