പുതിയ കുരുക്ക് വിജിലന്‍സ് വക
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഒരു ദാക്ഷിണ്യവുമില്ലാതെ സംസ്ഥാന സര്‍ക്കാരിനെ കുരുക്കാന്‍ പല വഴികളും തേടിക്കൊണ്ടിരിക്കുമ്പോള്‍ ഇതാ പുതിയ കുരുക്ക്. അതും സംസ്ഥാന വിജിലന്‍സില്‍നിന്ന്. കെ.എസ്.എഫ്.ഇയുടെ ശാഖകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡ് സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സിനെ മാത്രമല്ല, സര്‍ക്കാരിനെയും മുന്നണി നേതൃത്വത്തെയും സി.പി.എമ്മിനെയും കുരുക്കിലാക്കിയിരിക്കുകയാണ്.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ പൊലിസ് റെയ്ഡും ഇത്തരം സ്ഥാപനങ്ങളുടെ തകര്‍ച്ചയും സര്‍വസമ്പാദ്യവും നഷ്ടപ്പെട്ട സാധാരണക്കാരുടെ നെട്ടോട്ടവുമൊക്കെ കേരളത്തില്‍ പതിവു സംഭവങ്ങള്‍ തന്നെ. പത്തനംതിട്ടയിലെ കോന്നി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന പോപ്പുലര്‍ ഫൈനാന്‍സ് തകര്‍ന്നതു മുതല്‍ കാസര്‍കോട്ടെ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുവരെ എത്രയെത്ര കേസുകള്‍. ഒരു ധനകാര്യ സ്ഥാപനത്തില്‍ പൊലിസ് കയറിയാല്‍ മതി, അതു വലിയ കോലാഹലമാകും. ജനങ്ങള്‍ ഇളകും. ഉടമകള്‍ മുങ്ങും. നിക്ഷേപകര്‍ പരിഭ്രാന്തരാകും. അധികം താമസിയാതെ സ്ഥാപനം പൂട്ടും. പണം നഷ്ടപ്പെട്ടവര്‍ പൊലിസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങി വലയും.
1967-ലെ ഇ.എം.എസ് സര്‍ക്കാരാണ് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ചിട്ടി തുടങ്ങിയത്. അതിലേയ്ക്ക് കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെ.എസ്.എഫ്.ഇ) എന്ന പേരില്‍ ഒരു സ്ഥാപനവും തുടങ്ങി. അതുവരെ ചിട്ടി നടത്തിപ്പ് സ്വകാര്യ മേഖലയില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചിട്ടി നടത്തിയ പലരും തരം പോലെ ജനങ്ങളെ പറ്റിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് 1967-ലെ സര്‍ക്കാര്‍ ചിട്ടി നടത്തിപ്പു നിയന്ത്രിക്കാനും സര്‍ക്കാര്‍ സംവിധാനത്തില്‍ ചിട്ടി നടത്താനും ആലോചിച്ചത്. അനിയന്ത്രിതമായി വളര്‍ന്നുകൊണ്ടിരുന്ന സ്വകാര്യ ചിട്ടി വ്യവസായത്തെ നിയന്ത്രിക്കുക എന്നതിനു പുറമെ ജനങ്ങള്‍ക്ക് വിശ്വാസമര്‍പ്പിക്കാവുന്ന ചിട്ടി സംവിധാനം നടപ്പിലാക്കുക എന്ന ലക്ഷ്യവും സര്‍ക്കാരിനുണ്ടായിരുന്നു. ഒപ്പം പുതിയൊരു വരുമാന മാര്‍ഗം ഉണ്ടാക്കാം എന്ന വലിയ ലക്ഷ്യവും. പി.കെ കുഞ്ഞായിരുന്നു അന്നത്തെ ധനകാര്യമന്ത്രി.
1937 മുതല്‍ 47 വരെ ശ്രീമൂലം അസംബ്ലിയില്‍ അംഗമായിരുന്ന പി.കെ കുഞ്ഞ് 1952-ല്‍ തിരുവിതാംകൂര്‍-കൊച്ചി മുസ്‌ലിം ലീഗിന്റെ പ്രസിഡന്റുമായിരുന്നിട്ടുണ്ട്. പിന്നീടദ്ദേഹം പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ (പി.എസ്.പി) ചേര്‍ന്നു. 1960-ല്‍ പി.എസ്.പി സ്ഥാനാര്‍ഥിയായി കേരള നിയമസഭയിലെത്തി. 67-ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി (എസ്.എസ്.പി) സ്ഥാനാര്‍ഥിയായി കായംകുളത്തുനിന്നു വിജയിച്ച കുഞ്ഞ് ഇ.എം.എസ് മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയാവുകയും ചെയ്തു. ഈ കാലയളവിലാണ് സര്‍ക്കാര്‍ നേതൃത്വത്തില്‍ ചിട്ടി തുടങ്ങിയത്. സര്‍ക്കാര്‍ ലോട്ടറി തുടങ്ങിയതിനു നേതൃത്വം നല്‍കിയതും ഈ കാലയളവില്‍ത്തന്നെയായിരുന്നു. മുന്‍കൈയെടുത്തത് ധനമന്ത്രി പി.കെ കുഞ്ഞു തന്നെ.
1969 നവംബര്‍ ആറാം തിയതിയാണ് തൃശൂര്‍ കേന്ദ്രമായി കെ.എസ്.എഫ്.ഇ എന്ന സര്‍ക്കാര്‍ ചിട്ടിക്കമ്പനി തുടങ്ങിയത്. അന്നു മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ നികുതി ഇതര വരുമാന മാര്‍ഗങ്ങളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നു തന്നെയാണ് കെ.എസ്.എഫ്.ഇ ചിട്ടി. സംസ്ഥാനത്തുടനീളം കെ.എസ്.എഫ്.ഇക്ക് ശാഖകളുണ്ട്. 2018-ല്‍ കിഫ്ബിയുമായി ചേര്‍ന്ന് പ്രവാസി ചിട്ടിയും തുടങ്ങി. സാധാരണക്കാരും പാവപ്പെട്ടവരുമാണ് സ്വന്തം അത്യാവശ്യങ്ങള്‍ക്കായി ചിട്ടിയില്‍ വിശ്വാസമര്‍പ്പിക്കുന്നത്. മക്കളുടെ വിവാഹത്തിനോ പഠനത്തിനോ വീടുപണിക്കോ ഒക്കെ ആശ്രയിക്കുന്നത് ചിട്ടിയെയാണ്. ഏതൊരു ധനകാര്യ സ്ഥാപനത്തിന്റെയും അടിസ്ഥാനം അതില്‍ ജങ്ങള്‍ക്കുള്ള വിശ്വാസം തന്നെയാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമെന്ന നിലയ്ക്ക് ജനങ്ങള്‍ക്ക് കെ.എസ്.എഫ്.ഇയില്‍ വലിയ വിശ്വാസമുണ്ട്. ഈ വിശ്വാസം അടിസ്ഥാനമാക്കി സ്ഥാപനം വളരെ വേഗം വളര്‍ന്നു. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അത്യാവശ്യങ്ങള്‍ക്ക് കെ.എസ്.എഫ്.ഇ എപ്പോഴും തുണയായി. ഒപ്പം നാടിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും വന്‍തോതില്‍ പിന്തുണ നല്‍കുകയും ചെയ്തു. സാധാരണ നികുതികളില്‍ നിന്നുള്ള ധനസമ്പാദനത്തിന് വലിയ പരിമിതികള്‍ നേരിടുന്ന കേരളത്തിന് കെ.എസ്.എഫ്.ഇ, സംസ്ഥാന ലോട്ടറി എന്നീ മേഖലകളില്‍ നിന്നുള്ള വരുമാനം എല്ലായ്‌പ്പോഴും വലിയ സഹായം തന്നെയാണ്.സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.എഫ്.ഇയില്‍ റെയ്ഡ് നടത്താനും മാത്രം അധികാരമുള്ള സ്ഥാപനമാണോ സംസ്ഥാന വിജിലന്‍സ്?
കള്ളപ്പണം വെളുപ്പിക്കാന്‍ ചിട്ടിയെ ഉപയോഗിക്കുന്നു, കള്ളച്ചിട്ടികളുണ്ടാക്കി തട്ടിപ്പു നടത്തുന്നു എന്നിങ്ങനെ പല ആരോപണങ്ങളും ഉന്നയിച്ചായിരുന്നു വിജിലന്‍സ് റെയ്ഡ്. കുറേക്കാലം പല തരത്തില്‍ അന്വേഷണം നടത്തിയതിനു ശേഷമാവണം റെയ്ഡിലൂടെ പ്രത്യക്ഷ അന്വേഷണത്തിലേയ്ക്ക് വിജിലന്‍സ് നീങ്ങിയത്. കെ-ഫോണ്‍പോലെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതികളിന്‍മേല്‍ ഇ.ഡിയും മറ്റു കേന്ദ്ര ഏജന്‍സികളും പിടിമുറുക്കിക്കൊണ്ടിരിക്കുമ്പോഴാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കെ.എസ്.എഫ്.ഇയുടെ ബ്രാഞ്ചുകളില്‍ റെയിഡിനെത്തിയതെന്നോര്‍ക്കുക.
ഇതുണ്ടാക്കുന്ന അപകടം ചെറുതല്ല തന്നെ. സ്വര്‍ണക്കടത്തില്‍ സ്വപ്നാ സുരേഷ് പിടിയിലായതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനു നേരെ ഇ.ഡിയുടെ അന്വേഷണത്തില്‍ മുന നീണ്ടത്. പിന്നാലെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെയും ഇ.ഡി വിളിച്ചിരിക്കുന്നു. ഇതില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ മുഖം സി.പി.എം കാണുന്നുമുണ്ട്.
ഇവിടെ സര്‍ക്കാരിന്റെ വിജിലന്‍സ് വിഭാഗം തന്നെയാണ് സര്‍ക്കാര്‍ വക ചിട്ടിക്കമ്പനിയിലെ ചിട്ടി നടത്തിപ്പിനെപ്പറ്റി അന്വേഷണം നടത്തി റെയ്ഡിനിറങ്ങിയത്. എന്തായാലും വിജിലന്‍സിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ റെയ്ഡ് വിവരമോ കെ.എസ്.എഫ്.ഇയിലേയ്ക്ക് നീളുന്ന അന്വേഷണത്തെക്കുറിച്ചോ അറിഞ്ഞിരുന്നില്ല. വിജിലന്‍സ് ഉദ്യോഗസ്ഥരാരും മുഖ്യമന്ത്രിയെ ഇക്കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നു വേണം അനുമാനിക്കാന്‍. കേരളത്തിലെ ഒരു പ്രധാന സര്‍ക്കാര്‍ കമ്പനിയായ കെ.എസ്.എഫ്.ഇക്കെതിരേ ഇത്ര വ്യാപകമായി ഒരു അന്വേഷണവും റെയ്ഡും സംഘടിപ്പിക്കുമ്പോള്‍ അത് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയെ അറിയിക്കാതെ നടത്താന്‍ സാധ്യതയൊന്നുമേയില്ല. വിജിലന്‍സ് റെയ്ഡ് നടക്കുമ്പോള്‍ ഡയരക്ടര്‍ സുധേഷ്‌കുമാര്‍ അവധിയിലായിരുന്നു താനും. റെയ്ഡിനു പിന്നില്‍ ആരാണെന്ന ചോദ്യമാണ് ഇപ്പോള്‍ ഭരണസിരാ കേന്ദ്രങ്ങളില്‍ ഉയര്‍ന്നുനില്‍ക്കുന്നത്. സംശയം നീളുന്നത് മുഖ്യമന്ത്രിയുടെ പൊലിസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയിലേക്കാണ്. റെയ്ഡ് വിവരം ശ്രീവാസ്തവയ്ക്കറിയാമായിരുന്നുവെന്ന് ചില മാധ്യമ പ്രതിനിധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹം കേരളത്തിലെ ഒരു പ്രധാന സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സെക്യൂരിറ്റി ഉപദേഷ്ടാവായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടശേഷവും ആ സ്ഥാനം ഒഴിഞ്ഞിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ആഭ്യന്തര സെക്രട്ടറി സഞ്ജയ് കൗളിനും റെയ്ഡു വിവരം മുന്‍കൂട്ടി അറിയാമായിരുന്നിരിക്കണം. ആഭ്യന്തര വകുപ്പില്‍ വിജിലന്‍സിന്റെ മേല്‍നോട്ടം സഞ്ജയ് കൗളിനാണെന്നതു തന്നെ കാരണം. ഉദ്യോഗസ്ഥരുടെ അറിവോടെയും അനുവാദത്തോടെയും നടന്ന റെയ്ഡ് മുഖ്യമന്ത്രി അറിയാതെപോയതാണ് കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നത്. ഇതൊന്നും ഉദ്യോഗസ്ഥര്‍ നേരത്തെ മുഖ്യമന്ത്രിയെ അറിയിക്കാതിരുന്നതാണോ? എന്തായാലും കെ.എസ്.എഫ്.ഇയുടെ മേല്‍ കരിനിഴല്‍ വീഴ്ത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ തന്നെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വഴി ഒരുക്കിയത് വലിയ അപകടം വിളിച്ചുവരുത്തുമെന്ന കാര്യം തീര്‍ച്ചയാണ്.
2017 ജനുവരിയില്‍ കേരളാ വിജിലന്‍സ് കിഫ്ബി ഓഫിസില്‍ ഇതേപോലൊരു റെയ്ഡ് നടത്തിയതാണ്. പിണറായി സര്‍ക്കാര്‍ വലിയ പ്രതീക്ഷകളര്‍പ്പിച്ച് കിഫ്ബിയെ വളര്‍ത്താന്‍ തുടങ്ങുന്ന നേരമായിരുന്നു അത്. കിഫ്ബിയുടെ നേതൃത്വം ധനകാര്യ സെക്രട്ടറിയായിരുന്ന ഡോ. കെ.എം എബ്രഹാമിന്റെ കൈയിലെത്തിയിട്ട് അധികകാലമായിരുന്നില്ല. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമ്പോഴാണ് കിഫ്ബി ഓഫിസില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കടന്നുചെന്ന് ചില ഫയലുകള്‍ എടുത്തുകൊണ്ടുപോയത്. മുഖ്യമന്ത്രി പിണറായി വിജയന് വളരെ താല്‍പര്യവും വിശ്വാസവുമുള്ള ഉദ്യോഗസ്ഥനായിരുന്നു അപ്പോള്‍ വിജിലന്‍സ് ഡയരക്ടര്‍ ഡോ. ജേക്കബ് തോമസ്. മുഖ്യമന്ത്രിക്കു തന്നെ ഏറെ താല്‍പര്യമുള്ള സ്ഥാപനമായിരുന്നു കിഫ്ബിയും. റെയ്ഡില്‍ മുഖ്യമന്ത്രി വളരെയധികം ക്ഷുഭിതനായി. നിയമസഭ നടക്കുന്ന സമയമായതിനാല്‍ പ്രശ്‌നം സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചു. ഡോ. കെ.എം എബ്രഹാമിനെയും കിഫ്ബിയെയും അങ്ങേയറ്റം ന്യായീകരിച്ചും സംരക്ഷിച്ചും കൊണ്ടാണ് ആക്ഷേപങ്ങള്‍ക്കു മുഖ്യമന്ത്രി മറുപടി നല്‍കിയത്. വിജിലന്‍സ് ഡയരക്ടര്‍ ഡോ. ജേക്കബ് തോമസിന്റെ വീഴ്ചയും അവിടെ ആരംഭിക്കുകയായിരുന്നു. കെ.എസ്.എഫ്.ഇയുടെ കാര്യത്തില്‍ മുഖ്യമന്ത്രി എന്തു ചെയ്യും? കേരളം ഉറ്റുനോക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."