ഇന്ത്യയ്ക്ക് ഫലസ്തീനോട് എക്കാലത്തും പ്രതിബദ്ധതയുണ്ടെന്ന് സുഷമാ സ്വരാജ്
ന്യൂയോര്‍ക്ക്: ഫലസ്തീനോട് ഇന്ത്യയ്ക്ക് എന്നും പ്രതിബദ്ധതയുണ്ടെന്നും രാഷ്ട്ര നിര്‍മാണത്തിനും നൈപുണ്യ നിര്‍മിതിക്കുമുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ സഹായം ഉണ്ടാവുമെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍ പൊതുസമ്മേളനത്തിന്റെ ഭാഗമായി നടന്ന ഫലസ്തീന്‍ നാം (ചേരി ചേരാ പ്രസ്ഥാനം) കമ്മിറ്റിയിലാണ് സുഷമയുടെ പ്രസ്താവന.
ഫലസ്തീന്‍ ജനങ്ങളോട് ഐക്യദാര്‍ഢ്യം, രാഷ്ട്രനിര്‍മാണത്തില്‍ സഹായം, ഫലസ്തീന്റെ ആവശ്യത്തിനൊപ്പമുള്ള ദൃഢമായ പിന്തുണ തുടങ്ങി മൂന്നു നിലയിലുള്ള ദീര്‍ഘകാല സൗഹൃദം ഇരുരാജ്യങ്ങളും തമ്മിലുണ്ടെന്നും സുഷമ പറഞ്ഞു. 1983 ല്‍ ഇന്ത്യ ആഥിത്യമരുളിയ ഏഴാം നാം ഉച്ചകോടിയിലാണ് ഫലസ്തീന്‍ നാം കമ്മിറ്റി സ്ഥാപിതമായതെന്ന കാര്യത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും സുഷമ പറഞ്ഞു.
പതിറ്റാണ്ടുകളായി ഇസ്‌റാഈലുമായി പ്രശ്‌നത്തിലാണ് ഫലസ്തീന്‍. യു.എസ് അടക്കമുള്ള രാഷ്ട്രങ്ങള്‍ ഇസ്‌റാഈല്‍ അനുകൂല നടപടിയെടുക്കുന്ന കാലത്താണ് ഇന്ത്യയുടെ എക്കാലത്തെയും നിലപാട് സുഷമ വ്യക്തമാക്കിയത്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പരമ്പരാഗതമായ ഈ നിലപാടില്‍ മാറ്റങ്ങളുണ്ടായിരുന്നു.
വിദേശനയന്ത്രത്തില്‍ ഇന്ത്യയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഇടമാണ് ഫലസ്തീനുള്ളത്. 1974 ല്‍, ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ (പി.എല്‍.ഒ) അംഗീകരിച്ച ആദ്യ അറബിതര രാഷ്ട്രമാണ് ഇന്ത്യ. 1988 ല്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ആദ്യമായി അംഗീകരിച്ചതും ഇന്ത്യയാണ്. 1996 ല്‍ ഗസ്സയില്‍ ഇന്ത്യയുടെ ഫലസ്തീന്‍ പ്രതിനിധിയെ വച്ചു. പിന്നീട് 2003 ല്‍ ഇത് റാമല്ലയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."