ബാബരി മസ്ജിദ്: പള്ളി ഇസ്‌ലാമിന്റെ അഭിവാജ്യ ഘടകമല്ലെന്ന പരാമർശം ശരിവച്ചു, കേസ് വിശാല ബെഞ്ചിന് വിടില്ല
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസ് വിശാലബെഞ്ചിന് വിടേണ്ടെന്ന് 2:1 ഭൂരിപക്ഷത്തില്‍ സുപ്രിംകോടതി മൂന്നംഗ ബെഞ്ചിന്റെ വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരാണ് വിശാലബെഞ്ചിന് വിടേണ്ടെന്ന വിധി പുറപ്പെടുവിച്ചത്. അതേസമയം, ബെഞ്ചിലെ മറ്റൊരു ജഡ്ജായ ജസ്റ്റിസ് അബ്ദുല്‍ നസീര്‍ ഇതിനോട് വിയോജിച്ചു. കേസ് വിശാലബെഞ്ചിന് വിടണമെന്നാണ് അബ്ദുല്‍ നസീര്‍ വിധി പുറപ്പെടുവിച്ചത്.
ഇസ്മാഈല്‍ ഫാറൂഖ് വിധിയിലെ 52-ാം ഖണ്ഡികയില്‍ നടത്തിയ 'പള്ളി ഇസ്‌ലാമിന്റെ അഭിവാജ്യ ഘടകമല്ലെ'ന്ന പരാമര്‍ശം ഭൂമി ഏറ്റെടുക്കല്‍ നടപടിയില്‍ ശരിയാണെന്നും ഭൂരിപക്ഷവിധി വന്നു. ഇതോടെ ഈ പരാമര്‍ശത്തിന്റെ പേരിലുള്ള കേസ് തീര്‍പ്പുകല്‍പ്പിച്ചെങ്കിലും ബാബരി മസ്ജിദുമായി ബന്ധപ്പെട്ട പ്രധാന കേസില്‍ വിധി വരാനിരിക്കുന്നതേയുള്ളൂ.
ഒക്ടോബര്‍ 29നായിരിക്കും പ്രധാന കേസ് പരിഗണിക്കുക. അതിനു മുന്‍പ്, നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കും. അതിനാല്‍ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയായിരിക്കും കേസില്‍ വിധി പറയേണ്ട ബെഞ്ചിനെ നിശ്ചയിക്കുക.
നിസ്‌കാരം എവിടെയും നിര്‍വ്വഹിക്കാമെന്നും അതിനു പള്ളി തന്നെ വേണമെന്നില്ല എന്നുമായിരുന്നു 1994 ലെ സുപ്രിംകോടതി വിധി. ഈ വിധി വീണ്ടും പരിശോധിച്ചാല്‍ പ്രധാന കേസ് നീണ്ടുപോകുമെന്നും കോടതി നിരീക്ഷിച്ചു.
നിലവിലെ സാഹചര്യത്തില്‍ ഫാറൂഖി കേസ് പ്രധാന കേസില്‍ ബാധിക്കുന്നില്ലെന്ന് ദീപക് മിശ്രയുടെ വിധിയില്‍ പറഞ്ഞു.
പ്രധാന കേസ്
പള്ളി നിലനിന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ടുള്ള 2010 മെയിലെ അലഹാബാദ് ഹൈക്കോടതി ലഖ്‌നൗ ബെഞ്ചിന്റെ വിധി ചോദ്യംചെയ്യുന്ന 14 ഹരജികളാണ് ചീഫ്ജസ്റ്റിസിന്റെ ബെഞ്ചിനു മുന്‍പാകെയുള്ളത്. പള്ളി നിലനിന്ന ഭൂമി സുന്നി വഖ്ഫ് ബോര്‍ഡ്, ഹൈന്ദവ ട്രസ്റ്റുകളായ നിര്‍മോഹി അഖാറ, രാംലാല എന്നിവര്‍ക്കായി വീതിച്ചു നല്‍കണമെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. ബാബരി മസ്ജിദ് വിഷയത്തിലുള്ള സുപ്രധാന കേസും ഇതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."