'ആത്മാഭിമാനത്തിനു വേണ്ടിയുള്ള പോരാട്ടം': ഗോവയില്‍ മന്ത്രിസ്ഥാനം തെറിച്ച ഫ്രാന്‍സിസ് ഡിസൂസ ബി.ജെ.പിയില്‍ നിന്ന് രാജിവയ്ക്കുന്നു
പനാജി: ഗോവയില്‍ മന്ത്രിസ്ഥാനത്തു നിന്ന് ഇറക്കപ്പെട്ട ഫ്രാന്‍സിസ് ഡിസൂസ പാര്‍ട്ടിയില്‍ നിന്നു രാജിപ്രഖ്യാപിച്ചു. യു.എസിലുള്ള ഫ്രാന്‍സിസ് തിരിച്ചുവന്നാലുടന്‍ രാജിവയ്ക്കുമെന്ന് അറിയിച്ചു.
ആത്മാഭിമാനത്തിനു വേണ്ടിയുള്ള പോരാട്ടമാണെന്നാണ് രാജിയെ അദ്ദേഹം വിശേഷിപ്പിച്ചത്.
ബി.ജെ.പി ഭരിക്കുന്ന ഗോവയില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സയിലായതിനെത്തുടര്‍ന്നാണ് പ്രതിസന്ധിയുടെ തുടക്കം. മനോഹര്‍ പരീക്കറിനെ ഡല്‍ഹിയിലേക്കു മാറ്റിയപ്പോള്‍ പാര്‍ട്ടിയില്‍ പ്രശ്‌നം ഉടലെടുക്കുകയും ബി.ജെ.പി മന്ത്രിമാരായിരുന്ന ഫ്രാന്‍സിസ് ഡിസൂസയെയും പാണ്ഡുരംഗ് മഡ്‌കൈക്കറെയും പുറത്താക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കു പകരം മിലിന്ദ് നായിക്ക്, നിലേഷ് കാബ്രാള്‍ എന്നിവരെ മന്ത്രിമാരാക്കുകയും ചെയ്തു.
ഇതാണ് ഫ്രാന്‍സിസ് ഡിസൂയെ 'പോരാട്ട'ത്തിനു പ്രേരിപ്പിച്ചത്. മന്ത്രിസ്ഥാനത്തു നിന്നു പുറത്താക്കിയതു മുതല്‍ അസന്തുഷ്ടനായിരുന്നു ഇയാള്‍. താന്‍ കഴിഞ്ഞ 20 വര്‍ഷക്കാലം പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം തരണമെന്നും അദ്ദേഹം പ്രതികരിച്ചു.
''പാര്‍ട്ടിയില്‍ നിന്ന് ഭാവിയില്‍ എനിക്ക് ഒന്നും ആവശ്യമില്ല. ഇനി വാഗ്ദാനം ചെയ്യുകയാണെങ്കില്‍ തന്നെ ഒരു സര്‍ക്കാര്‍ സ്ഥാനവും ഞാന്‍ ഏറ്റെടുക്കില്ല''- ഫ്രാന്‍സിസ് ഡിസൂസ പറഞ്ഞു.
അതേസമയം, എം.എല്‍.എ സ്ഥാനത്തു നിന്ന് രാജിവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നു മാത്രമാണ് രാജി. എന്നെ അഞ്ചു വര്‍ഷത്തേക്കാണ് ജനങ്ങള്‍ തെരഞ്ഞെടുത്തതെന്നും രാജിവയ്ക്കുകയാണെങ്കില്‍ അവരെ അനാദരിക്കലാവുമെന്നും അദ്ദേഹം പ്രതികരിച്ചു.
മനോഹര്‍ പരീക്കറിനെയും അദ്ദേഹം കുറ്റപ്പെടുത്തി. ആരോടും അഭിപ്രായം ചോദിക്കാതെയാണ് അദ്ദേഹം തീരുമാനങ്ങള്‍ എടുക്കുകയെന്ന് ഫ്രാന്‍സിസ് ഡിസൂസ പറഞ്ഞു. പാര്‍ട്ടി ഹൈക്കമാന്‍ഡിനോട് പോലും ചോദിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."