വിഴിഞ്ഞം വിഷയത്തില്‍ തര്‍ക്കമുണ്ടെങ്കില്‍ അന്വേഷിക്കണം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തില്‍ തര്‍ക്കമുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്‍.ഡി.എഫ്- യു.ഡി.എഫ് ഭരണകാലത്തെ കരാറുകള്‍ തമ്മില്‍ താരമ്യം ചെയ്ത് ഏത് കരാറാണ് നല്ലതെന്ന് പരിശോധിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മാത്രമാകാം സി.എ.ജി പരിശോധിച്ചിട്ടുണ്ടാകുക. സംസ്ഥാനത്തിന് ദീര്‍ഘകാല അടിസ്ഥാനത്തില്‍ കിട്ടുന്ന നേട്ടത്തെക്കുറിച്ച് പരിശോധിച്ചിട്ടില്ല. അല്ലെങ്കില്‍ സി.എ.ജിക്ക് റിപ്പോര്‍ട്ട് നല്കുന്നതില് സര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടുണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.വിഴിഞ്ഞം കരാറില്‍ ദുരൂഹതയുണ്ടെന്ന് നേരത്തെ ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന് പറഞ്ഞിരുന്നു. പിന്നാലെയാണ് സി.എ.ജിയുടെ റിപ്പോര്‍ട്ടും പുറത്തു വന്നത്.
അതേസമയം, സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ച് സമഗ്രമായ പരിശോധന നടത്തണമെന്ന് വി.എം സുധീരന് അഭിപ്രായപ്പെട്ടു. കേരളം പ്രതീക്ഷയോടെ നോക്കിക്കാണുന്ന വിഴിഞ്ഞം പദ്ധതിയുടെ വ്യവസ്ഥകള്‍ സംസ്ഥാന താല്പര്യത്തിന് വിരുദ്ധമാണെന്ന സി.എ.ജി. റിപ്പോര്‍ട്ട് അതീവ ഗൗരവമുള്ളതാണ്. ഇതേക്കുറിച്ച് സമഗ്രമായ പരിശോധന നടത്തുന്നത് ഉചിതമായിരിക്കുമെന്നും സുധീരന് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധീരന് നിലപാട് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."