ജിദ്ദ-കോഴിക്കോട് വിമാന സര്‍വിസ് അനിശ്ചിതത്വത്തില്‍; സഊദി പ്രവാസികളുടെ യാത്രാ ക്ലേശത്തിനു പരിഹാരമാകുന്നില്ല
റിയാദ്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കു പിന്‍വലിച്ചിട്ടും സഊദി- കാലിക്കറ്റ് സെക്റ്ററില്‍ കൂടുതല്‍ വിമാനങ്ങള്‍ ഇനിയും യാത്ര ആരംഭിക്കാത്തത് മലബാര്‍ മേഖലയിലെ യാത്രക്കാരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു.
സൗകര്യങ്ങള്‍ ഏറെയുണ്ടായിട്ടും സര്‍വിസുകള്‍ ആരംഭിക്കാത്തതില്‍ പ്രവാസികള്‍ രോഷാകുലരുമാണ്. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതില്‍ സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നുള്ള റിപ്പോര്‍ട്ട് പുറത്തു വരികയോ പ്രളയ കാലത്ത് റെക്കോര്‍ഡ് സര്‍വിസുകള്‍ നടത്തുകയും ചെയ്ത കരിപ്പൂരില്‍ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യക്ക് ജിദ്ദ - കരിപ്പൂര്‍ സര്‍വിസിന് അനുമതി ഇനിയും ലഭിച്ചിട്ടില്ല. അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടേ ഉള്ളുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ജിദ്ദ-സഊദി വിമാന സര്‍വിസിലും അന്തിമ തീരുമാനമായിട്ടില്ല.
ജിദ്ദയില്‍നിന്നും റിയാദില്‍നിന്നും സര്‍വിസ് നടത്താന്‍ അനുമതി ലഭിച്ച സഊദി എയര്‍ലൈന്‍സിന് നിലവില്‍ കരിപ്പൂരില്‍നിന്നു സീറ്റ് ഇല്ലാത്തതിനാല്‍ സര്‍വിസ് തുടങ്ങാന്‍ കഴിയുന്നില്ല. നിലവിലെ അവസ്ഥയില്‍ തിരുവനന്തപുരത്തേക്കുള്ള സര്‍വിസ് നിലനിര്‍ത്തി വീണ്ടും കരിപ്പൂര്‍ സര്‍വിസിനുള്ള ശ്രമമാണ് തുടരുന്നത്.
സൗകര്യങ്ങള്‍ ഉണ്ടായിട്ടും രാജ്യത്തിനും കേരളത്തിനും വരുമാനം നേടിക്കൊടുക്കുന്ന പ്രവാസികളുടെ ദുരിതയാത്രക്ക് അറുതി വരുത്തുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അമാന്തം സോഷ്യല്‍ മീഡിയകളിലടക്കം പ്രവാസികളുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
വിവിധ രാഷ്ട്രീയ , സാമൂഹ്യ സംഘടകള്‍ നടത്തിയ സമരത്തിന്റെയും ജനപ്രതിനിധികളുടെയും മറ്റും ഇടപെടലിന്റെയും ഫലമായിട്ടാണ് ഓഗസ്‌ററ് മാസത്തില്‍ വലിയ ഇടത്തരം വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ സര്‍വിസിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്.
ജിദ്ദയിലടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ സന്തോഷം നല്‍കി ഒക്ടോബര്‍ ആദ്യ വാരം സഊദി എയര്‍ലൈന്‍സ് കോഴിക്കോട് സര്‍വിസ് ആരംഭിക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു.
ജനപ്രതിനിധികളും സംസ്ഥാന സര്‍ക്കാരും ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും ജിദ്ദ - കോഴിക്കോട് വിമാന സര്‍വിസ് ഉടന്‍ പുനരാരംഭിക്കണമെന്നുമാണ് പ്രവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."