പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട്: അനുമതി നല്‍കാമെന്ന് കേന്ദ്രത്തോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ സജ്ജമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളം ഉള്‍പ്പടെ അടുത്ത വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ സാങ്കേതികമായും ഭരണപരമായും തയ്യാറായതായി കമ്മീഷന്‍ കേന്ദ്ര നിയമ മന്ത്രാലയത്തെ അറിയിച്ചു. ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗരേഖയും കമ്മീഷന്‍ നല്‍കിയിട്ടുണ്ട്.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണായക നീക്കം. ചട്ടഭേദഗതിക്ക് പാര്‍ലമെന്റ് ചേരേണ്ടതില്ലെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.
നിലവില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്ക് മാത്രമാണ് പോസ്റ്റല്‍ വോട്ട് സൗകര്യമുള്ളത്. ഇത് പ്രവാസി ഇന്ത്യക്കാര്‍ക്കും ബാധകമാക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ 1961ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തില്‍ ഭേദഗതി വരുത്തിയാല്‍ മതി.
ഇപോസ്റ്റല്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാരന്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്ന് അഞ്ച് ദിവസത്തിനുള്ളില്‍ വോട്ട് ചെയ്യാനുള്ള ആഗ്രഹം റിട്ടേണിങ് ഓഫിസറെ അറിയിക്കണം. തുടര്‍ന്ന് റിട്ടേണിങ് ഓഫിസര്‍ ബാലറ്റ് പേപ്പര്‍ ഇ മെയിലിലൂടെ വോട്ടര്‍ക്ക് അയക്കും. ബാലറ്റ് പേപ്പറിന്റെ പ്രിന്റ് ഔട്ട് എടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം ഏത് രാജ്യത്താണോ താമസിക്കുന്നത് അവിടുത്തെ ഇന്ത്യന്‍ എംബസി ജീവനക്കാരുടെ സാക്ഷ്യപത്രത്തോടൊപ്പം വോട്ട് മടക്കി അയക്കണം. അതേസമയം, വോട്ട് തിരിച്ചയക്കുന്നത് മടക്ക തപാലില്‍ ആണോ അതോ എംബസിക്ക് കൈമാറുകയാണോ എന്ന കാര്യം വ്യക്തമല്ല.
പോസ്റ്റല്‍ വോട്ടുകള്‍ അതാത് മണ്ഡലങ്ങളില്‍ എത്തിക്കുക എന്നത് ചീഫ് ഇലക്ട്രല്‍ ഓഫിസര്‍മാരുടെ ഉത്തരവാദിത്തമായിരിക്കും. 2014ല്‍ മലയാളി വ്യവസായി ഡോ. ഷംസീര്‍ വയലില്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജിയാണ് പ്രവാസി വോട്ട് യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ഇതുസംബന്ധിച്ച് 2018 ആഗസ്തില്‍ സര്‍ക്കാര്‍ ലോക്‌സഭയില്‍ ബില്‍ പാസാക്കി. എന്നാല്‍ പിന്നീട് തുടര്‍ നടപടികളൊന്നുമുണ്ടായില്ല. ബില്ല് രാജ്യസഭയില്‍ പാസാക്കാനും നടപടികള്‍ ഉണ്ടായില്ല.
പ്രവാസി വോട്ട് യാഥാര്‍ഥ്യം ആക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ നിരവധി തവണ സുപ്രിം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."