നവകേരള പദ്ധതി; ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് 15,900 കോടി സമാഹരിക്കും
തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന പ്രധാന മേഖലകളുടെ പുനര്‍നിര്‍മാണത്തിന് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയില്‍നിന്ന് വായ്പ മുഖേന 15,900 കോടി രൂപ സമാഹരിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പൊതുമരാമത്ത് റോഡുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകള്‍, ജല വിതരണം, വെള്ളപ്പൊക്ക നിയന്ത്രണം, ജലസേചനം, തീരദേശ സംരക്ഷണം, തീരപ്രദേശത്തെ പുനരധിവാസം, പൊതു സ്ഥാപനങ്ങള്‍, ആരോഗ്യ മേഖല, പരിസ്ഥിതി സംരക്ഷണം മുതലായ മേഖലകള്‍ക്കുവേണ്ടിയാണ് ഈ തുക വിനിയോഗിക്കുക.
ഇതിനെല്ലാം കൂടി 15,882 കോടി രൂപയുടെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. കാര്‍ഷിക മേഖലയിലും തോട്ടം മേഖലയിലുമുണ്ടായ നഷ്ടം കൂടി കണക്കാക്കാനും ആ മേഖലകളില്‍ പുനര്‍നിര്‍മാണത്തിന് വിഭവസമാഹരണത്തിനുളള സാധ്യത പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ക്രൗഡ് ഫണ്ടിങ്ങില്‍നിന്നും സി.എം.ഡി.ആര്‍.എഫില്‍നിന്നും ലഭിക്കുന്ന തുക പ്രധാനമായും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ അധിവസിക്കുന്നവരുടെയും വീടുകള്‍ പൂര്‍ണമായും തകര്‍ന്നുപോയവരുടെയും പുനരധിവാസത്തിന് സ്ഥലം വാങ്ങുന്നതിനും വീടുകള്‍ നിര്‍മിക്കുന്നതിനും വിനിയോഗിക്കും.
സി.എം.ഡി.ആര്‍.എഫില്‍ നിന്നുള്ള തുക ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആളുകളുടെ ഉപജീവനത്തിന് സഹായം നല്‍കുന്നതിനും ഉപയോഗിക്കും. ഇതിനു പുറമെ, പ്രളയം ബാധിച്ച ആളുകള്‍ക്ക് അടിയന്തര സഹായം നല്‍കുന്നതിനും റോഡുകളുടെയും വീടുകളുടെയും അറ്റകുറ്റപ്പണിക്കും എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫില്‍ നിന്നുള്ള ഫണ്ട് അതിന്റെ മാര്‍ഗരേഖ പ്രകാരം വിനിയോഗിക്കും.
എന്‍.ഡി.ആര്‍.എഫില്‍നിന്ന് എസ്.ഡി.ആര്‍.എഫിലേക്ക് ലഭിക്കുന്ന 2,500 കോടി രൂപയും സി.എം.ഡി.ആര്‍.എഫില്‍ നിന്നുള്ള ഏകദേശം 2,500 കോടി രൂപയും ക്രൗഡ് ഫണ്ടിങ് മുഖേന ഏറ്റെടുക്കുന്ന പദ്ധതികള്‍ക്ക് ലഭിക്കുന്ന 1,000 കോടി രൂപയും വീടുകളുടെ നിര്‍മാണത്തിനും ആളുകളുടെ പുനരവധിവാസത്തിന് സ്ഥലം വാങ്ങുന്നതിനും വീടുകളുടെ അറ്റകുറ്റപ്പണിക്കും വിളകളുടെയും വളര്‍ത്തുമൃഗങ്ങളുടെയും നഷ്ടത്തിന് സഹായം നല്‍കുന്നതിനും റോഡുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും നന്നാക്കുന്നതിനും വിനിയോഗിക്കും.
കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, വ്യവസായം, കുടുംബശ്രീ മുതലായവ ഉള്‍പ്പെടുന്ന ഉപജീവന മാര്‍ഗത്തിനായുള്ള ചെലവ് ബന്ധപ്പെട്ട വകുപ്പുകളുടെ പദ്ധതി വിഹിതത്തില്‍ നിന്നും കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍നിന്നും എസ്.ഡി.ആര്‍.എഫില്‍ നിന്നും കണ്ടെത്തും.
പത്തു ദിവസത്തിനകം നിര്‍ദേശം നല്‍കണം
നവകേരള നിര്‍മാണത്തിന് വിവിധ മേല്‍നോട്ട സംവിധാനങ്ങള്‍ രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു. പുനരധിവാസ ആസ്തി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ സുഗമമായ പുരോഗതിയും ഫലപ്രാപ്തിയും ഉറപ്പാക്കുന്നതിന് ചീഫ് സെക്രട്ടറിയെയും നവകേരള നിര്‍മാണത്തിനായുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന്, വിവിധ മേഖലകളില്‍ കഴിവും അനുഭവസമ്പത്തുമാര്‍ജിച്ചവര്‍ ഉള്‍പ്പെടുന്ന ഉന്നതാധികാര സമിതിയും രൂപീകരിക്കും.
ഉപജീവനോപാധി സാധ്യതകള്‍ വര്‍ധിപ്പിക്കാനാകുംവിധം കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ചെറുകിട വ്യാപാരം, ചെറുകിട വ്യവസായങ്ങള്‍ എന്നിവയുടെ പുനഃസംഘാടനം, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനുതകുന്ന പദ്ധതികള്‍ എന്നിവ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പത്തു ദിവസത്തിനകം തയാറാക്കാന്‍ ബന്ധപ്പെട്ട സെക്രട്ടറിമാര്‍ക്ക് മന്ത്രിസഭാ യോഗം നിര്‍ദേശം നല്‍കി. നവകേരള നിര്‍മാണത്തിന് സെക്രട്ടറിതല സമിതികള്‍ ഉള്‍പ്പെടുന്ന ഈ പ്രവര്‍ത്തനത്തിന്റെ ഏകോപന ചുമതല ചീഫ് സെക്രട്ടറിക്കായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."