അനുനയത്തിന് വഴങ്ങി ജോസഫ് വിഭാഗം; ചരല്‍ക്കുന്ന് തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ മാണി ഗ്രൂപ്പ്
തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്തില്‍ സംഭവിച്ചത് ഒരു പ്രാദേശിക പ്രശ്‌നം മാത്രമാണെന്ന പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയുടെ വിശദീകരണത്തില്‍ തൃപ്തരായി ജോസഫ് വിഭാഗം. ചരല്‍കുന്ന് ക്യാംപില്‍ പാര്‍ട്ടി പ്രഖ്യാപിച്ച തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്നു കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി.
കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാണി. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഉണ്ടായത് ഒരു പ്രാദേശിക പ്രശ്‌നം മാത്രമാണെന്നും. ഒരു മുന്നണി ബന്ധത്തിന്റെയും സൂചനയല്ലെന്നും മാണി പറഞ്ഞു.
മുന്നണി ബന്ധം സംബന്ധിച്ച് യുക്തമായ സമയത്ത് യുക്തമായ തീരുമാനം കൈക്കൊള്ളും. നിലവില്‍ സ്വതന്ത്രമായ നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുന്നതെന്നും കെ.എം മാണി കൂട്ടിച്ചേര്‍ത്തു. ഇതേ നിലപാട് തന്നെയാണ് മാണി യോഗത്തിലും സ്വീകരിച്ചത്. കോട്ടയത്തെ സംഭവങ്ങള്‍ ഇടതുമുന്നണിയിലേക്കുള്ള ധാരണയുടെ അടിസ്ഥാനത്തിലല്ലെന്നു കെ.എം മാണി വ്യക്തമാക്കിയതായി പി.ജെ ജോസഫ് പറഞ്ഞു.
നിലവിലുള്ള രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു വിലയിരുത്തിയതായും പി.ജെ ജോസഫ് വ്യക്തമാക്കി. എം.എല്‍.എ ഹോസ്റ്റലിലെ കെ.എം മാണിയുടെ മുറിയില്‍ രാത്രി 7.45 ഓടെ ആരംഭിച്ച യോഗം ഒന്‍പതോടെയാണ് അവസാനിച്ചത്.
കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കെതിരേ കേരളാ കോണ്‍ഗ്രസ് പ്രതിനിധി സി.പി.എം പിന്തുണയില്‍ മത്സരിച്ചു ജയിച്ചതോടെയാണ് മാണി ഗ്രൂപ്പില്‍ അഭിപ്രായ ഭിന്നത രൂക്ഷമായത്. കഴിഞ്ഞ ആഴ്ച നടന്ന ചര്‍ച്ചയില്‍ സി.എഫ് തോമസ് എം.എല്‍.എ പങ്കെടുത്തിരുന്നില്ല.
ഇതേ തുടര്‍ന്നാണ് ഇന്നലെ വീണ്ടും ചര്‍ച്ച നടത്തിയത്. എം.പിമാരായ ജോസ് കെ. മാണിക്കും ജോയി എബ്രാഹാമിനും പുറമേ മുഴുവന്‍ എം.എല്‍.എമാരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."